എഡിറ്റോറിയല്‍

സി. പി. അബൂബക്കര്‍

1.
രണ്ടാഴ്ചമുമ്പ് രാഷ്ട്രത്തോടായി ആദരണീയനായ പ്രധാനമന്ത്രി ഒരുചാനല്‍ പ്രസംഗംനടത്തുകയുണ്ടായി. രാജ്യം വലിയ പ്രതിസന്ധിയെനേരിടുമ്പോള്‍ നടത്താറുള്ള അത്തരമൊരുപ്രസംഗമെന്തിനായിരുന്നു? രാജ്യം കടുത്തസാമ്പത്തികപ്രതിസന്ധിയിലാണെന്നും അത് പരിഹരിക്കാന്‍പണം അത്യാവശ്യമാണെന്നും നാട്ടില്‍ പണം കായ് ക്കുന്ന മരമൊന്നുമില്ലെന്നും അതിനാല്‍ ചിലഗുരുതരമായ തീരുമാനങ്ങളെടുക്കാതെ പറ്റില്ലെന്നും മനോഹരമായ ഇംഗ്ലീഷിലും ഹിന്ദിയിലും ജനങ്ങളോട് പറഞ്ഞു. എന്താണ് ഈ ഗുരുതരമായ തീരുമാനങ്ങള്‍? ഡീസലിന്റെവില വര്‍ദ്ധിപ്പിക്കണം, പാചകവാതകത്തിനുള്ള സബ്‌സിഡി കുറച്ചുകൊണ്ടുവരുന്നതിന്റെമുന്നോടിയായി സബ്‌സിഡിസിലിണ്ടറിന്റെ എണ്ണം വര്‍ഷത്തില്‍ ആറായി ചുരുക്കണം. ഈ നടപടികളെല്ലാം ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് പറയാന്‍ അദ്ദേഹം മറന്നില്ല.

തുടര്‍ന്ന് ഡീസല്‍വിലവര്‍ദ്ധിക്കുകയും ഇപ്പോള്‍വീണ്ടുമൊരഞ്ചുരൂപകൂടി വര്‍് ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പാചകവാതകം സബ്‌സിഡിയില്ലാത്തിന്റെ വില സിലിണ്ടറിന് 786 രൂപയില്‍നിന്ന് 918രൂപയായും ഇപ്പോള്‍ 921രൂപയായും വര്‍ദ്േധിപ്പിക്കുകയുണ്ടായി.
ഇന്ധനവില വര്‍ദ്ധനവിനെതുടര്‍ന്ന് റെയില്‍വേ കടത്തുകൂലി വര്‍ദ്ധിച്ചു. ബസ്ചാര്‍ജ് കൂട്ടാന്‍തീരുമാനമായി. സാധനങ്ങളുടെവില ക്രമാതീതമായി വര്‍ദ്ധിച്ചു. അരിയുടേയും ഇതരഭക്ഷ്യസാധനങ്ങളുടേയും വില ചരിത്രത്തിലെ ഏറ്റവും അതുല്യമായ വര്‍ദ്ധനനിരക്കിലേക്കുയര്‍ന്നു.
പാവപ്പെട്ടജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍കൊണ്ടുവരുന്ന ഈനടപടികള്‍ എന്തുകൊണ്ട് ഇപ്രകാരം ദേശവിരുദ്ധവും ജനവിരുദ്ധവുമാകുന്നു? സ്വാതന്ത്ര്യം ലഭിച്ച് 65വര്‍ഷം പിന്നിട്ട ഒരുരാജ്യം പണമില്ലാത്തതിനാല്‍ ജനങ്ങളെ പിഴിയുന്ന ഒരവസ്ഥമാത്രമല്ല സംജാതമായിരിക്കുന്നത്. രാജ്യത്തിന്റെമിക്കവാറും എല്ലാമേഖലകളും അദൃശ്യമായ കോളണിവത്കരണത്തിന് വിധേയമാവുകയാണ്. ഏറ്റവും അവസാനമായി ചില്ലറവ്യാപാരമേഖലയാണ് വിദേശമൂലധനത്തിനായി തുറന്നുനല്കപ്പെടുന്നത്. ഇന്‍ഷ്വറന്‍സ്‌മേഖലയിലെ വിദേശനിക്ഷേപനിരക്ക് 49ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍തീരുമാനിച്ചിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്നതുപോലെ പരമാധികാരമുള്ള ഒരു റിപബ്ലിക്കായിനിലനില്ക്കാന്‍ നമ്മുടെ രാജ്യത്തിന് യോഗമില്ലാതാവുന്നുവെന്നാണിതിനര്‍ത്ഥം. ഇത് തലയിലെഴുത്തല്ലെന്നും സാമ്രാജ്യത്തത്തിന് രാജ്യത്തിനെ അടിയറവെക്കുന്ന നയത്തിന്റെ ഫലമാണെന്നും തിരിച്ചറിയുന്നില്ലെങ്കില്‍ നാം ഗ്രീസിന്റെ അവസ്ഥയിലേക്ക് പതിക്കുകയാവും ഫലം.

പാവങ്ങള്‍ക്കുവേണ്ടിയുള്ള ഭരണമാണെന്ന് പ്രധാനമന്ത് രി അവകാശപ്പെടുന്നത് ഏറ്റവും മിതമായ ഭാഷയില്‍ രാജ്യത്തെ ജനങ്ങളെ നികൃഷ്ടമായി അപഹസിക്കലാണ്. ഞങ്ങളിതാവിലവര്‍ദ്ധിപ്പിക്കുന്നു, വിദ്യാഭ്യാസവും വ്യാപാരവും ശാസ്ത്രവും രാജ്യരക്ഷയുമുള്‍പ്പെടെ എല്ലാമേഖലകളും തീറെഴുതുന്നു, അതൊക്കെ നിങ്ങള്‍ക്കുവേണ്ടിയാണെന്ന് ജനങ്ങളെ പരിഹസിക്കുന്ന ഒരു ഭരണസംവിധാനം വളരെ ഹീനമാണ്. കോണ്‍ഗ്രസ്സിന്റെ നേതൃസമിതി ചേര്‍ന്ന് സാമ്പത്തികനടപടികളെ സ്വീകരിച്ചജനങ്ങളെ അഭിവാദ്യം ചെയ്തത് നാം കേട്ടതാണ്. എത്രവലിയ പരിഹാസമാണിതെന്നാലോചിച്ചുനോക്കൂ.

പാവങ്ങളുടെ കാര്യത്തിലുള്ള ശ്രദ്ധയെന്നാലെന്താണ്? വിക്തോര്‍ഹ്യൂഗോവിന്റെ പാവങ്ങളിലെ 'ഡി'യിലെ മെത്രാനെപോലെ സര്‍ക്കാര്‍പെരുമാറുമെന്ന് നാംകരുതുന്നില്ല. ചുരുങ്ങിയത് ജനങ്ങളെ പരിഹസിക്കാതിരിക്കുകയെങ്കിലും ചെയ്തുകൂടേ സര്‍ക്കാറിന്?

കേരളത്തിന്റെ അവസാനത്തെ പച്ചപ്പും നീരുറവും വന്‍കിടവ്യാപാരികള്‍ക്കും അവരുടെ ഒത്താശക്കാരായ രാഷ്ട്രീയക്കാര്‍ക്കും അടിയറവ് വെക്കുകയാണ് കേരളാസര്‍ക്കാര്‍ചെയ്യുന്നത്.

കേന്ദ്ര-കേരളസര്‍ക്കാറുകള്‍ചേര്‍ന്ന് ജനജീവിതം ദുര്‍വഹമാക്കുന്ന ഈ ദുഷ്‌കരസാഹചര്യത്തില്‍ ജനങ്ങളുടെനിതാന്തജാഗ്രത അനിവാര്യമാണ്.

2.
മാഗസിന്‍ എഴുത്തുകാരുടെ രചനകളെ വളരെ അമൂല്യമായ നിധിയായിട്ടാണ് പത്രാധിപസമിതി പരിഗണിക്കുന്നത്. സ്വന്തമായി തിരുത്തലുകളൊന്നും പത്രാധിപസമിതി വരുത്തുന്നില്ല. അതുകൊണ്ടുതന്നെ ഓരോരചനയിലേയും അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും എഴുത്തുകാര്‍മാത്രമായിരിക്കും ഉത്തരവാദപ്പെടുന്നത്.

എഡിറ്റര്‍.
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എഡിറ്റോറിയല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക