മഴച്ചില്ലുകള്‍

എം. കെ. ഖരീം

ഹൃദയത്തില്‍ നിന്നും ഒരു തുള്ളിയെടുത്തു പേനയിലൂടെ കാലത്തിലൊഴുക്കിയപ്പോള്‍ നീ നെഞ്ചു ചേര്‍ത്തത്. ഉള്ളിലാകെ ഉരുകിയൊലിച്ചത്... നദിയായി തുടര്‍ന്നത്.. പാതയില്‍ തകര്‍ന്നു ചിതറിയത്.. എന്തിനു നിന്നെ കാലത്തിലേക്ക് വിട്ടുവെന്നൊരു കവി ചോദ്യം.. നിന്നോടൊപ്പം എത്തിപ്പെടാനാവാതെ കിതച്ചും മുടന്തിയും..
നീയെന്റെ പ്രണയമല്ലാതെ മറ്റൊന്നുമല്ല. പാതകള്‍ തെറ്റിയത് പ്രണയത്തിന്റെ കുറ്റമല്ല. എങ്കിലും ഞാനൊരു മുഴക്കോല്‍ വച്ചിരിക്കുന്നു, അകലുന്ന നിഴലിന്‍ നീളമളക്കാന്‍ ..

ഞാന്‍ നിന്നെ ഓര്‍ക്കുന്ന നിമിഷങ്ങളിലൊക്കെയും ചങ്ങല പൊട്ടിച്ചുപോകാനുള്ള ഭ്രാന്തന്റെ കുതിപ്പോടെ ഹൃദയം.. അതേ ഭ്രാന്തോടെ കുറിക്കാനും നിന്നിലാകെ ഒഴുകാനും.. മധുരമുള്ള അസ്വസ്ഥത സമ്മാനിച്ചുകൊണ്ട് നിമിഷങ്ങള്‍ .. പറന്നുചെല്ലുമ്പോള്‍ കൂട്ടില്ലെന്ന് മേഘം. മേഘം ഭക്ഷിക്കുന്ന കിളിക്ക് കൂട്ടെന്തിന്.. ആ വലയത്തില്‍ എത്തിയാല്‍ മഴത്തുള്ളിയുടെ വിങ്ങലായി മാറുകയല്ലോ.. പറവകളുടെ ആകാശമേ, എനിക്കായി കരുതിയ വിത്ത് തരിക. അതുമായി യാത്ര തുടരട്ടെ.. മണ്ണില്‍ നിന്നെ മുളപ്പിച്ച്, വിടരുമ്പോള്‍ തണല്‍ പറ്റിയിരിക്കാന്‍ .. നിന്നിലൂടെ ഞാനുമൊരു ബുദ്ധനാവട്ടെ..

മറന്നുപോയൊരു പാതയില്‍ മറഞ്ഞിരുന്നു നിലാവ്. പോകുന്ന ദൂരത്തിലേക്കുറ്റുനോക്കി... മഴയില്‍ പറന്നുപോകുന്ന കാക്കകള്‍ . നനഞ്ഞു പറക്കുന്ന ചിറകുകള്‍ .. മരങ്ങളുടെ മൂകത.. മഴ തുള്ളി കൊത്തി തിന്നുകൊണ്ടൊരു പക്ഷി.. ഇന്നാകാശം നിറയെ പ്രണയം കായ്ക്കുന്ന മരങ്ങള്‍ .. അടര്‍ന്നു പോരുന്ന ഓരോ തുള്ളിയിലും കടലിരമ്പുന്നു.. എന്റെയുള്ളില്‍ തുള്ളിയില്ല, കടലില്ല, ഇരമ്പം മാത്രം.. വലിയ മൌനത്തില്‍ ലയിക്കാനാണ് ചെറിയ മൌനങ്ങള്‍ കൈകോര്‍ക്കുക. പാതയില്ല, ആകാശമില്ല, കടലോ കമാനങ്ങളോയില്ല..

ആകാശത്ത് നക്ഷത്ര കണ്ണോടെ, പനിച്ച നിശ്വാസത്തിന്റെ കൂടുകളിലേക്ക്.. ഹൃദയം കൊണ്ട് വരഞ്ഞ കവിതകള്‍ .. നീ എന്റെ എഴുതാക്കവിത.. മോഹത്തിന്റെയും മോഹഭംഗത്തിന്റെയും ചുവരുകള്‍ക്ക് പുറത്തേക്ക്.. ഹൃദയം ആകാശത്തൊരു വയലറ്റ് പാത പണിയുന്നത്.. നിശബ്ദ സഞ്ചാരികള്‍ക്കായി .. ചമയങ്ങള്‍ ഊരിവച്ചവര്‍ , പ്രണയ ജ്വാലയില്‍ നിറഞ്ഞവര്‍ ...

ഹൃദയം ഹൃദയത്തിലേക്ക്.. ഒച്ചകള്‍ അകന്നൊരു നിശബ്ദതയിലേക്ക്.. മരവിപ്പുകളോട് വിട.. മധുരനൊമ്പരംപേറി ശ്വാസംമുട്ടി മരണ വെപ്രാളത്തോടെ. ഒരു വാക്ക് ചൊല്ലാതെ... എങ്കിലും മൌനത്തില്‍ വാക്കുകളുടെ പൂമരങ്ങള്‍ ...

കാറ്റിനകത്തൊരു കാറ്റുണ്ടെന്ന്.. നീ നിന്റെ ഹൃദയത്തില്‍ ഒളിപ്പിച്ച മൌനക്കൂട് പോലെ.. എത്രമേല്‍ അരികെ പരതി വന്നിട്ടെന്ത്, വാതില്‍ അടഞ്ഞേ കിടക്കുന്നു.. മൌനവും പെറ്റു പെരുകുമോ... തുടിച്ചു പൊട്ടുമോ.. കടലില്‍ പിറവികൊള്ളുന്ന ഓരോ കാറ്റും ഏതോ കാലത്ത് നിന്നും യാത്ര തിരിച്ചത്. ഞാനും നീയും ഏതോ കാലത്തെ ആവര്‍ത്തനം.. ഒട്ടും വിരസമല്ലാതെ.. എന്നില്‍ വീശാന്‍ വേണ്ടിയോ നിന്റെ പിറവി. മഴയ്ക്ക് കാറ്റെന്ന പോലെ..
ഹൃദയത്തിന്റെ ജലപ്പരപ്പില്‍ എത്തുന്ന നിമിഷം കടല്‍ അതിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ട് പോകും പോലെ നീയെന്നെ.. അടിത്തട്ടിനപ്പുറവും സഞ്ചാരമുണ്ടോ? പ്രണയമൌനത്തിന്റെ ആ കൂട് തേടി എത്രയോ... ഹൃദയമറിയാതെ പൂത്തത് ധ്യാനമായി മാറുന്നത് പോലെ.. ഇനി നമ്മില്‍ ആരാവും മൌനം മുറിക്കുക.. സ്വയമറിയാതെയോ ആ വര ഹൃദയത്തില്‍ വീഴുന്നത്..

കാണാമറയത്തോ കാഴ്ചയിലോ, എന്തുമാകട്ടെ, ഒന്ന് മറ്റൊന്നിലേക്കുള്ള പ്രയാണത്തിലാണ്.. നിന്റെ ഹൃദയത്തെ എങ്ങനെയാണ് ഞാന്‍ വായിക്കുക... ഓര്‍ക്കുമ്പോള്‍ ഒരു മഴയുടെ തുടക്കം.. മഴച്ചില്ലുകള്‍ .. ഞാനതില്‍ എന്നെ കാണുന്നു. അക്ഷരം നീറിപ്പിടിക്കുകയും, പ്രണയത്താല്‍ കലങ്ങി മറിഞ്ഞും ഒരു നദി.. ആരവത്തോടെ എന്നിലാകെ... എന്റെ ഹൃദയത്തിന്റെ ഭാഷ തന്നെയല്ലേ അതും...

ഇന്ന് ഈ പകലില്‍ ഇരുട്ടോ പകലോ എന്ന് പോലും തീര്‍പ്പാകാതെ എന്നാലൊരു മയക്കത്തിന്റെ ലഹരിയോടെ.. മഴയുടെ തോര്‍ച്ചയിലേക്ക്, അണിഞ്ഞൊരുങ്ങിയ ഇലച്ചാര്‍ത്തിലെക്ക്, എന്റെ ആത്മാവിന്റെ പുഞ്ചിരി പോലൊരു യാത്ര.. എന്തിനാണീ ഹൃദയം വലിച്ച്കീറുന്നതെന്ന്, എന്തിനാണ് മൌനം കുന്നുകൂട്ടുന്നതെന്ന്.. ഒരിക്കല്‍ ഈ ഗുഹയില്‍ പൊട്ടിച്ചിതറാനോ, പെരുമഴക്ക് തിന്നുതീര്‍ക്കാനോ..

എല്ലാത്തരം ഒച്ചകളും അകലുമ്പോള്‍ കാലത്തിന്റെ തുറസ്സില്‍ ബാക്കിനില്‍ക്കുന്ന ആ ശൂന്യത നീയായി മാറുന്നു.. അവിടെ പുല്‍ക്കൊടിയുടെ വളര്‍ച്ച പോലും ധ്യാനമാവുന്നു. വേരുകള്‍ ആഴത്തിലെത്തിയാല്‍ പിന്നെ നിന്റെ പാതയിലെല്ലാം ഞാന്‍.. എല്ലാ മഴയും ഒരു മഴ ബാക്കി നിര്‍ത്തിയാണ് വിടവാങ്ങുക.. നീയൊ നിന്നെ എന്നില്‍ കുഴിച്ചിട്ടും..

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, മഴച്ചില്ലുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക