വി. കെ. ജോസഫിന്റെ "'പ്രണയം'"

സി. പി. അബൂബക്കര്‍

പ്രസാധനം- ഒലീവ്
വില- 70 രൂപ.


എന്റെ മുമ്പിലിരിക്കുന്ന ഈ പുസ്തകത്തിലൊരു ക്ഷമാപണസ്വരമുണ്ട്, തികച്ചും അനാവശ്യമായ ഒന്ന്. 'ഇത് ലക്ഷണമൊത്ത കവിതയാണെന്ന് ഞാനവകാശപ്പെടുന്നില്ല. ഞാനൊരു കവിയാണെന്നും ഉറപ്പില്ല....'. ഈ അവകാശബോധവും ഉറപ്പുമില്ലായെങ്കില്‍ കവിത പ്രസിദ്ധീകരിക്കുകയില്ല. അനാവശ്യമായ വിനയം പുസ്തകത്താളുകളിലുണ്ടാവേണ്ടതില്ല. പക്ഷേ, വി. കെ. ജോസഫല്ല ഇത്തരം സത്യവാങ്മൂലങ്ങള്‍ അവതരിപ്പിച്ച ആദ്യത്തെ കവി. മഹാകവി കുമാരനാശാന്‍ ദുരവസ്ഥയുടെ ആമുഖത്തില്‍ ഖണ്ഡിതമായി പറയുന്നുണ്ട് അതൊരു വിലക്ഷണകൃതിയാണെന്ന്. ലക്ഷണമൊക്കാത്ത കൃതിയാണെന്നേ്രത അതിന്നര്‍ത്ഥം.

അന്നൊക്കെ ലക്ഷണമൊക്കണമായിരുന്നുകവിതയ്ക്ക്. നഗരാര്‍ണവശൈലര്‍ത്തുവര്‍ണനയില്ലാത്തൊരുകാവ്യമന്ന് ആലോചിക്കാന്‍ പോലും വയ്യായിരുന്നു.

ഇന്ന് അത്തരമാലോചനകളുണ്ടാവേണ്ടതില്ല. കവി തന്നെയാണ് ലക്ഷണം നിശ്ചയിക്കുന്നത്. കവിപോലുമല്ല, ഓരോകവിതയുമാണ് ലക്ഷണം നിര്‍ണയിക്കുന്നത്. ലക്ഷണമെന്നാല്‍ നിയമം. കവികളാണ് നിയമനിര്‍മാതാക്കള്‍. സാമൂഹികനിയമം പോവട്ടെ, കവിതയുടെ നിയമമെങ്കിലും കവിതകളില്‍നിന്നാണ് ഉണ്ടാവുന്നത്. ഓരോ കവിതയ്ക്കും ഓരോനിയമമാണ്. അത് ശരിയാവാം, തെറ്റാവാം.

ഗദ്യമാത്രമായ പ്രസ്താവങ്ങള്‍ മുറിച്ചെഴുതുന്നതൊഴികെ കവിതയായി വിരചിതമാവുന്ന വരികളുടെ ഉത്തരവാദിത്തം കവിക്കുപോലുമില്ലാത്ത ഈയവസ്ഥയുടെ ഗുണദോഷവിവേചനമല്ല ഇവിടെയുദ്ദേശിക്കുന്നത്. ജോസഫിന്റെ 'പ്രണയം' എന്ന സമാഹാരം വായിക്കുമ്പോഴുള്ള രസപൂര്‍ണമായ വേളയില്‍ കവിയുടെ അനാവശ്യമായ ഇടപെടലുണ്ടാക്കിയ അസ്വാരസ്യം സൂചിപ്പിക്കുകയായിരുന്നു ഞാന്‍.

പ്രണയമെന്ന കാവ്യപുസ്തകത്തിന് നിരൂപണമെഴുതാനൊന്നും എനിക്ക് നിയോഗമില്ല, അര്‍ഹതയുമില്ല.

പക്ഷേ, പ്രണയം മനുഷ്യഹൃദയമനുഭവിക്കുന്ന ഏറ്റവും വികാരപൂര്‍ണമായ സ്പര്‍ശമാണെന്ന് ഈകവിത വായനക്കാരനെ അനുഭവിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യന്റേയും ഹൃദയത്തില്‍ ഒരിടത്തൊരിടത്ത് ഒരു കുഴിയാന ഒളിച്ചിരിപ്പുണ്ട്. അത് ഒരുപഴയകാലഹൃദയൈക്യത്തിന്റെ നനുത്ത സ്പര്‍ശമാവാം, വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരുപുസ്തകത്തോടുള്ള ഭ്രമമാവാം, പുഴയരികിലൊരു പാറക്കെട്ടില്‍ ചെലവായിപ്പോയ ഏകാന്തധ്യാനങ്ങളുടെ സ്മരണയാവാം. ആദ്യമായി മനസ്സിലേക്കുകടന്നുവന്ന ഒരിളം കാറ്റാവാം, ആകാശത്തിന്റെ കൊടുമുടികളില്‍നിന്ന് നിപതിക്കുമ്പോള്‍ താങ്ങായിനില്ക്കുന്ന ശ്ലക്ഷ്ണമനോഹരവും മാംസളസുരഭിലവുമായമുലകളാവാം( തീമുലകളെന്ന പ്രയോഗത്തെ ഞാനംഗീകരിക്കുന്നില്ല). പ്രണയസമുദ്രത്തിന്റെ മുകളിലൂടെ പറന്നുപോവുന്ന കടല്‍ക്കാക്കയാവാം, ഉന്മത്തമായ തിരയുടെ പതപോലെ ചിക്കെന്നണഞ്ഞുപോവുന്ന നൈമിഷികതയാവാം, പുഴയുടെ അഗാധതകളിലൊടുങ്ങുന്ന വെള്ളാരം കല്ലുകളാവാം, സ്വാര്‍ത്ഥത്തിനെതിരായ പോരാട്ടമാവാം( കവികളും എഴുത്തുകാരും സ്വാര്‍ത്ഥത്തെ സ്വാര്‍ത്ഥതയെന്ന് തെറ്റായഴെുതുന്നുവെന്നതിനു ജോസഫും അപവാദമല്ല), ആകാശത്തിന്റെ വിശാലനീലിമയാവാം...

പ്രണയത്തിന് നിര്‍വചനങ്ങളില്ലെന്ന് നമുക്ക് നിഗമനത്തിലെത്താം.

ഈ കവിതകളില്‍ നമ്മുടെ ഹൃദയം ത്രസിക്കുകയും നിറയുകയും ചെയ്യുന്നു. കണ്ണുകളുടെ വരാന്തയില്‍ കയറിനില്ക്കാനും, സങ്കടങ്ങളുടെ മഴയിലേക്കുതന്നെ നോക്കിനില്ക്കാനും വായനക്കാരനെ ഈ കവിത പ്രേരിപ്പിക്കുന്നു.

പ്രണയത്തില്‍ മറ്റൊരാളുടെ സാന്നിധ്യമാവശ്യമില്ലെന്നു മനുഷ്യരാശിയെ പഠിപ്പിച്ചത് ജലാലുദ്ദീന്‍ റൂമിയായിരുന്നു. ഓടക്കുഴലിനും പ്രണയിക്കാനാവുമെന്ന് മസ്‌നവി നമ്മെ ബോധ്യപ്പെടുത്തുന്നു. താന്‍ പിരിഞ്ഞുപോന്ന മുളങ്കാട്ടിലേക്ക്, സ്വന്തം മുളങ്കൂട്ടത്തിലേക്ക് തിരിച്ചുപോവാനുള്ള ത്വരയാണ് ഓടക്കുഴലിനുള്ളത്.

ഒഴുകിയസ്തമിക്കുന്ന സായാഹ്നത്തിന്റെ കരയിലിരുന്ന്, ശ്മശാനത്തിന്റെ തീച്ചുരുളുകളില്‍ പൂവായ് വിടരുവാന്‍ കഴിയുമെന്ന സാന്ത്വനമാണ് പ്രണയം. ഈ സാന്ത്വനത്തെ ആര്‍ദ്രമധുരമായി, തീക്ഷ്ണസുരഭിലമായി വരച്ചുകാണിക്കാന്‍ ജോസഫിനു കഴിയുന്നുണ്ട്. ഇതിലപ്പുറം എന്താണ് കവിതയിലൂടെ നാം പ്രതീക്ഷിക്കുന്നത്. 'പുതുതാം നാനാജനവ്യാപാരം മുളകുപ്പുിപൊതിയാനുമെടുത്തേക്കാ'വുന്ന കാവ്യപുസ്തകത്തെ വായനായോഗ്യമാക്കുന്ന വികാരസ്പര്‍ശം ഈ പ്രണയത്തിനുണ്ട് എന്നുമാത്രം പറഞ്ഞുവെക്കാം.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വി. കെ. ജോസഫിന്റെ "'പ്രണയം'"
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക