തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍

സി. പി. അബൂബക്കര്‍

അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍  ഏറെക്കുറെ പ്രതീക്ഷിച്ചതുതന്നെയാണ്. 1977മുതല്‍ പശ്ചിമബംഗാളില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള, പുരൂളിയയിലെ ബോംബുവര്‍ഷം ഉള്‍പ്പെടെയുള്ള,  ദേശീയവും സാര്‍വദേശീയവുമായ നീക്കങ്ങള്‍ അവസാനം ഫലിച്ചു. 1970കളിലെ കൂട്ടക്കുരുതികള്‍ പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച അതേ ശക്തികള്‍ പുതിയ പേരിലും നാട്യത്തിലും ഇന്ന് വിജയം വരിച്ചു.
പശ്ചിമബംഗാള്‍ നേരിടുന്ന നിരന്തരമായയഅഭയാര്‍ത്ഥിപ്രശ്‌നത്തിന്റെ മുന്നില്‍പോലും അടിപതറാതെ നിന്ന പ്രസ്ഥാനം തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും  ഏതാണ്ട് നാല്പത്ശതമാനം ജനങ്ങളുടെ പിന്തുണയോടെ നിലനില്ക്കുന്നു. ഇനി ഭയപ്പെടാനുള്ളത് സുഹാര്‍ത്തോമാതൃകയിലുള്ള ഒരുകൂട്ടക്കുരുതിയാണ്. മമതാ ബാനര്‍ജിയോ മന്‍മോഹന്‍സിങ്ങോ ചിദംബരമോ പ്രണബ് മുക്കര്‍ജിയോ അതിന് മടിക്കുമെന്ന് തോന്നുന്നില്ല.
സാര്‍വത്രികവിദ്യാഭ്യാസം വഴിയും ഭൂപരിഷ്‌കരണം വഴിയും നേടിയെടുത്ത നവബോധം വഴി കണ്ണ് തുറന്ന പശ്ചിമബംഗാള്‍ജനത അവരുടെ മുന്നില്‍ കണ്ട അധികാരികള്‍ മുപ്പതിലേറെ വര്‍ഷമായി ഭരിച്ചുന്നു ഇടതുപക്ഷത്തെയാണ്. കേന്ദ്രസര്‍ക്കാറിന്റെ ആഗോളീകരണനടപടികളുടെ ഭാഗമായി മൂന്നും ഭീഗകള്‍ കൈവശമുള്ള സാധാരണകൃഷിക്കാര്‍ക്ക് കാര്‍ഷികവൃത്തി അസാധ്യമാക്കിയപ്പോള്‍, വംഗജനതമുന്നില്‍ കണ്ടത് നന്ദീഗ്രാമിലും സിംഗൂരിലും വ്യവസായാവശ്യത്തിനു ഭൂമിയെടുക്കാനൊരുങ്ങിനില്ക്കുന്നസര്‍ക്കാറിനെയാണ്. ഇടതുപക്ഷസര്‍ക്കാര്‍ ദരിദ്രജനതയുടെ രക്ഷാദുര്‍ഗ്ഗമായിരുന്നു എക്കാലത്തും. പശ്ചിമവംഗദേശത്തുനിന്ന് കേരളത്തിലേക്ക് വലിയ കൂലിപ്രതീക്ഷിച്ചുവരുന്ന തൊഴില്‍ സംഘങ്ങള്‍പോലും സ്വന്തമായി ഭൂമിയുള്ളവരാണെന്ന കാര്യം മറക്കാതിരിക്കുക. കൃഷി നഷ്ടമാവുകയോ അസാധ്യമാവുകയോ അപര്യാപ്തമായിവരുകയോ ചെയ്യുന്നതുകൊണ്ടാണ്കുടുംബാംഗങ്ങളില്‍ ചിലര്‍ തൊഴിലിനായി കേരളത്തില്‍ വരുന്നത്. കൃഷിയുള്‍പ്പെടെയുള്ള മേഖലകള്‍ സങ്കേതവത്കരിക്കാതെ ആധുനികസമൂഹത്തിനു മുന്നേറാനാവുകയില്ലെന്നസത്യം ബോധപൂര്‍വ്വം ജനങ്ങളില്‍ നിന്ന് പൂഴ്ത്തിവെയ്ക്കുകയും വ്യവസായാവശ്യത്തിനുള്ള ഭൂവിനിയോഗത്തിന് ജനങ്ങളെ എതിരാക്കിനിര്‍ത്തുകയും ചെയ്യുന്നതില്‍ മാവോവാദികളും മമതാബാനര്‍ജിയും മഹാശ്വേതാദേവിയെപോലുള്ള പ്രഖ്യാത മാര്‍ക്‌സിസ്റ്റ് വിരുദ്ധശക്തികള്‍ സാധിക്കുകയും ചെയ്തു.

അതോടൊപ്പം ഭരണത്തണലില്‍ മാത്രം കഴിഞ്ഞ് ശീലിച്ച പുതിയ പാര്‍ട്ടികാഡര്‍മാരില്‍ വലിയൊരു ഭാഗം ജനങ്ങളെ അധികാരപ്രമത്തതയോടെ സമീപിക്കുകയും പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നടമാടുകയും ചെയ്തു. അധികാരം ദുഷിപ്പിക്കുന്നു, നിശ്ശേഷാധികാരം നിശ്ശേഷം ദുഷിപ്പിക്കുന്നു എന്ന ആക്ടണ്‍ വചനം ഫലത്തില്‍ വരുന്നതാണ് നാം കണ്ടത്.


ഇത് കറക്റ്റ് ചെയ്യാനുള്ള ശ്രമം പാര്‍ട്ടിതുടങ്ങിയിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്. അതുകൊണ്ടുതന്നെ ഈ പരാജയം താത്കാലികമാണ്, താത്കാലികമാവണം. ബംഗാളിവശേഷിച്ച ഹരിതതൃണങ്ങള്‍പോലും കരിച്ചുകളയുന്ന ഒരുഭരണമായിരിക്കും മമതകാഴ്ചവയ്ക്കുകയെന്നത് പ്രവചിക്കാന്‍ ഒരാളും ജ്യോത്സ്യം പഠിക്കുകയൊന്നു ചെയ്യേണ്ടതില്ല.
ഇതരജനാധിപത്യശക്തികളുടെ അസാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസ്സിനുമാത്രമേ അസമില്‍ വിജയ സാധ്യതയുണ്ടായിരുന്നുള്ളൂ.
ബദല്‍ശക്തികളുള്ള തമിഴ് നാട്ടിലും പോണ്ടിച്ചേരിയിലും നോക്കൂ, കോണ്‍ഗ്രസ്- തിമുക കക്ഷികളുള്‍പ്പെടുന്ന യു. പി. എ. മുന്നണി അതിദയനീയമായ പരാജയമാണിവിടെ ഏറ്റുവാങ്ങിയത്.
കേരളം മുന്നോട്ട് വെച്ചിരിക്കുന്നത് തികച്ചും നൂതനമായൊരുരാഷ്ട്രീയചിത്രമാണ്. നിലവിലുള്ള അറിത്ത്‌മെറ്റിക്കനുസരിച്ച് ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അല്പം പോലും വിജയ സാധ്യതയുണ്ടായിരുന്നില്ല , ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍. എന്നാല്‍ എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരുതെരഞ്ഞെടുപ്പ് ഫലമാണ് മുന്നിലുള്ളത്. എല്‍. ഡി. എഫിന് 68, യു. ഡി. എഫിന്  72. കേരളത്തിലേയും കേന്ദ്രത്തിലേയും കോണ്‍ഗ്രസ്, യു. ഡി. എഫ്. നേതാക്കന്മാരുടെ അഴിമതി,അവര്‍ക്കെതിരെവന്ന ലൈംഗികാരോപണങ്ങള്‍, അരാജകവാസനകള്‍, ധൂര്‍ത്ത്, ആര്‍ത്തി എന്നിവയോടൊപ്പം കേരളത്തിലെ എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ ജനക്ഷേമകരമായ ഭരണം എന്നിവവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ചിലര്‍ പറയുന്നതുപോലെ കൃത്രിമമായാലും മറ്റുചിലര്‍ പറയുന്നതുപോലെ സ്വാഭാവികമായാലും വി. എസിന്റെ ജനപ്രീതിയും ഈ ഫലത്തെ സഹായിച്ചു. കേരളരാഷ്ട്രീയത്തിലെ ശിഖണ്ഡിരാഷ്ട്രീയക്കാരില്‍ പലരും പൂര്‍ണമായി ഇല്ലാതായി.
അവസാനം ഒരു ചോദ്യം  ബാക്കിയാവുന്നു, സത്യത്തില്‍ഈ സാഹചര്യത്തില്‍  ഇടതുപക്ഷത്തിനു  ജയിക്കാനുള്ള ഭൂരിപക്ഷം കിട്ടുമായിരുന്നില്ലേയെന്നതാണത്. നാലുനിയോജകമണ്ഡലങ്ങള്‍ എന്റെ മുന്നില്‍ ചോദ്യചിഹ്നമായിനില്ക്കുന്നു.
കണ്ണൂരിലെ പേരാവൂര്‍, അഴീക്കോട്, തൃശ്ശൂരിലെ മണലൂര്‍, പാലക്കാട്ടെ തൃത്താല എന്നീ സീറ്റകളാണവ. മറ്റൊന്ന്, കാസര്‍ക്കോട് ജില്ലയില്‍ മുസ്ലിംലീഗ്സ്ഥാനാര്‍ത്ഥികളുടെ വിജയമാണ്. അവിടെ എങ്ങിനെയാണ് ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിപ്പോവുന്നത്?സാങ്കേതികമായി യു. ഡി. എഫ്. വിജയിച്ചുവെങ്കിലും ആ മുന്നണിയുടെ അവസാനത്തിന്റെ ആരംഭമാണ് ഈ വിജയമെന്ന് ചരിത്രം രേഖപ്പെടുത്തുകതന്നെചെയ്യും.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക