അയ്യയ്യേ.

സി. പി. അബൂബക്കര്‍

ഇത്തവണ എഡിറ്റോറിയല്‍ എഴുതുമ്പോള്‍ ലജ്ജിച്ചുപോവുകയാണ് ഞാന്‍. ഇത്രയും ഹീനമായ ഒരഴിമതിക്കാലം നമ്മുടെ മഹാഭാരതത്തിലും ധീരകേരളത്തിലും മുമ്പുണ്ടായിട്ടില്ല. ആദര്‍ശ്ഫഌറ്റ് മുതല്‍ സ്വാശ്രയകോളേജുകളും സ്മാര്‍ട്ട് സിറ്റിയും വരെ ഭീകരമായ അഴിമതിയുടെ കയത്തിലാണ് കേരളവും ഭാരതവും. മഹാകവിക്ക് അന്ന് തെറ്റുപറ്റുിപ്പോയെന്ന് പറയുന്നത് ധിക്കാരമാവും. ഭാരതമെന്നപേര്‍കേട്ടാലഭിമാനപൂരിതമാവുന്നില്ല, അന്തരംഗം; കേരളമെന്നുകേട്ടാല്‍ ചോരതിളക്കുന്നുമില്ല, ധമനികളില്‍. 
അമേരിക്കന്‍ ദാസ്യത്തിന്റെ വളരെ ലളിതമായ അര്‍ത്ഥമാണിത്. 
എത്രനാണം കെട്ടായാലും പണമുണ്ടാക്കിയാല്‍ മതി, ആ നാണക്കേട് പണം കൊണ്ട് മാറ്റിയെടുക്കാനാവുമെന്ന് പണ്ടുള്ളവര്‍ വെറുതെ പറഞ്ഞതാവില്ല.  
സഹസ്രകോടികളാണ് രാജ്യത്തിന് നഷ്ടമാവുന്നത്, അഴിമതിയുടെ ഫലമായി. കേന്ദ്രഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് ഡി. എം. കെ. മാത്രമാണുത്തരവാദിയെന്ന സമീപനം ആപത്കരമായിരിക്കും, കനിമൊഴിയോ സ്റ്റാലിനോ അഴഗിരിയോ ദയാനിധിമാരനോ( എത്രമനോഹരമായ പേരുകള്‍) മാലാഖമാരാവില്ലെന്ന് നമുക്കറിയാം. പക്ഷേ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും ലക്ഷക്കണക്കില്‍ കോടികളുടെ കഥകള്‍ പുറത്തുവരുന്നുണ്ട്. 
 
ദരിദ്രനാരായണന്മാരുടേതായ ഈ സാദാ രാജ്യത്ത്, അനില്‍ അംബാനിയെ പോലൊരാള്‍ക്ക് പതിനായിരക്കണക്കില്‍ കോടിരൂപ ഇളവനുവദിക്കുന്നത് പ്രധാനമന്ത്രിയുടെ താല്പര്യമനുസരിച്ചാണെന്ന് ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധിജി ഇന്ത്യക്കാര്‍ക്ക് നല്കിയ രക്ഷാമന്ത്രം കോണ്‍ഗ്രസ്സുകാര്‍ക്ക് ബാധകമല്ലെന്നുവരുന്നു!
നിങ്ങള്‍ ഏത് പ്രവൃത്തിചെയ്യുമ്പോഴും അത് നമ്മുടെ സമൂഹത്തിലെ ദരിദ്രരില്‍ ദരിദ്രനായ മനുഷ്യനെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നുവെങ്കില്‍ അത് നന്മയുള്ള പ്രവൃത്തിയാണ്, ആ മനുഷ്യന് ദു:ഖമാണത്‌കൊണ്ട് ഉണ്ടാവുന്നതെങ്കിലോ, അത് തിന്മയുള്ള പ്രവൃത്തിയാണ്.  
നോക്കൂ, ആഴ്ചതോറും പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമ്പോള്‍, സാധാരണക്കാരന്റെ ജീവിതം വറചട്ടിയില്‍നിന്ന് എരിതീയിലേക്കുവീഴുകയാണ്. 
ഇതിന്റെ പേരില്‍ സമൂഹത്തില്‍ വലിയ അരാഷ്ട്രീയതാപ്രചാരണം നടക്കുന്നു. രാഷ്ട്രീയം അനഭിമതമാവുന്നത്, ചൂഛണം തൊഴിലാക്കിയവരും ജനങ്ങള്‍ തിരിച്ചറിവിലേക്ക് കടന്നുചെല്ലരുതെന്നാഗ്രഹിക്കുന്നവരുമാണ്. അമേരിക്ക നമ്മുടെ ഭരണത്തിലും നയരൂപീകരണത്തിലും സൈന്യത്തിലും ഇടപെടുന്നുണ്ടോ എന്ന് സംശയിക്കുകപോലും ചെയ്യാത്തവിധത്തില്‍ രാഷ്ട്രീയ ബോധമില്ലാത്ത ഒരു ജനതയെ വാര്‍ത്തെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അരാഷ്ട്രീയ പൗരസമൂഹം എന്നത് ഒരുതരം അശ്ലീലം തന്നെയാണ്. 
അഴിമതിക്കാരും കള്ളപ്പണക്കാരും അവരുടെ കൂട്ടികൊടുപ്പുകാരായ രാഷ്ട്രീയക്കാരും കൂടി കലരുമ്പോള്‍ , അഴിമതിക്കും കള്ളപ്പണത്തിനും എതിരായ രാഷ്ട്രീയ സമരം എന്നത് അസംബദ്ധം ആയി തീരുന്നു. മത സംഘടകള്‍ രാഷ്ട്രീയത്തിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതത്തിലും ഹീനമായ പരസ്പര താല്പര്യങ്ങള്‍ ഉറപ്പിക്കുവാന്‍ ഇടകലര്‍ന്നു ജനാധിപത്യ വ്യവസ്ഥിതിയെ വഞ്ചിക്കുമ്പോള്‍ , ഇവരുടെ സ്പോണ്‍സര്‍മാര്‍ ആയി നികൃഷ്ട താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കുത്തക സമ്പന്ന വര്‍ഗ്ഗങ്ങള്‍ നിലകൊള്ളുമ്പോള്‍ - തിരിച്ചറിവുള്ള അടിസ്ഥാന ജനത സ്വന്തം വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികം .( Yoonus Valappil)
അന്നാ ഹസാരേ ഒരു ഗാന്ധിസ്റ്റാണെന്ന് അവകാശപ്പെടുമ്പോള്‍ അതിനുള്ള വിശ്വാസപത്രങ്ങള്‍ അദ്ദേഹം ഭാരതീയരുടെ മുന്നില്‍ വയ്‌ക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അഴിമതിക്കാരുമായി നിരന്തരചര്‍ച്ചനടത്തി അവരുടെ സ്വീകാര്യതയ്ക്ക് അംഗീകാരം നല്കുകയാണ് ഹസാരേ ചെയ്യുന്നത്. 
നമ്മുടെ ജനാധിപത്യ- ഇടതുപക്ഷപ്രതിപക്ഷപാര്‍ട്ടികള്‍ എന്തുകൊണ്ട് നിഷ്‌ക്രി.യമാവുന്നുവെന്നാണ് നാം ചോദിക്കേണ്ടത്.  പശ്ചിമബംഗാളില്‍ ഒന്ന് തോറ്റാല്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി ശോഷിക്കുമോ?  ഈ മൗനത്തിലടങ്ങിയ നിസ്സഹായതയെ മുറിച്ചുകടക്കാന്‍ ഇടതുപക്ഷത്തിനും ജനാധിപത്യപ്രതിപക്ഷത്തിനും കഴിയട്ടേയെന്ന് ആശിക്കുകമാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ.  
 
വാല്ക്കഷണം
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം കേരളരാഷ്ട്രീയത്തിന്റെ വഷളന്‍ മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രങ്ങളില്‍ പിമ്പിങ്ങ് നടത്തുന്നവരുടേതായ ചിലമുഖങ്ങള്‍ നാം സണ്ടിട്ടുണ്ട്. അതുപോലൊരു സാന്നിധ്യമാണ് ഇദ്ദേഹം കേരളരാഷ്ട്രീയത്തിന് നല്കുന്നത്.  
അയ്യയ്യേ...................................... 
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, അയ്യയ്യേ.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക