ഇനിയെങ്ങിനെ ഒരു ഫോട്ടോ എടുക്കും?

സി. പി. അബൂബക്കര്‍

എന്തുകൊണ്ടാണ് സ. സി. ഭാസ്‌കരനും ഞാനും ചേര്‍ന്ന ഒരു ഫോട്ടോ ഇല്ലാതെ പോയത്?  പെട്ടെന്ന് ഉത്തരം പറയാനാവുന്ന വളരെ ലളിതമായ ഒരുചോദ്യമാണിത്. സ. ഭാസ്‌കരന്‍ വിപ്ലവത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ഞാന്‍ താത്കാലികവ്യാമോഹങ്ങളുടെ അടിമയായി ഒരു റെനിഗേഡായിത്തീരുകയും എനിക്ക് എന്റെ രാഷ്ട്രീയവും ചരിത്രവുമെല്ലാം നഷ്ടമാവുകയും ചെയ്തു. സ. ഭാസ്‌കരന്‍ ചരിത്രത്തിലേക്ക് പ്രവേശിക്കുകയും ഞാന്‍ ചരിത്രത്തില്‍ നിന്ന് പുറത്തേക്കുകടക്കുകയും ചെയ്തു എന്ന് ഇതിനെ പരാവര്‍ത്തനം ചെയ്യാം. ജോലികിട്ടുവാന്‍ കൊതിച്ച പലരും പിന്നീട് ആത്മവഞ്ചനയില്‍ പെടാതെ രാഷ്ട്രീയത്തിലുറച്ചുനില്ക്കുകയും ജോലികിട്ടിയാലും രാഷ്ട്രീയത്തിലുറച്ചുനില്ക്കുമെന്ന് വീരസ്യം പറഞ്ഞിരുന്ന ഞാന്‍ നിയമനോത്തരവ് കിട്ടിയപാടെ എല്ലാവരേയും വഞ്ചിച്ച് തണല്‍ മരം തേടി കടന്നുപോവുകയും ചെയ്തു.ആ ജീവിതം എനിക്ക് തണല്‍ തന്നെയായിരുന്നോ എന്ന് എനിക്കറിഞ്ഞുകൂടാ, എന്നെ തണല്‍ മരച്ചോലയിലേക്ക് പ്രേരിപ്പിച്ചവര്‍ക്കുമറിഞ്ഞുകൂടാ. ഒരുപക്ഷേ, വെറുതെയാകാം ഞാന്‍ എന്റെ വീട്ടിന് തണല്‍ എന്നപേര് കൊടുത്തത്.

പ്രതിജനഭിന്നവിചിത്രമായ ലോകജീവിതത്തിന്റെ ഓരോ കേളിയെന്നു പറഞ്ഞ് ഒഴിയുന്നുമില്ല, ഞാന്‍. കാരണം, സ. ഭാസ്‌കരന്‍ എന്റെ ചരമക്കുറിപ്പെഴുതുമെന്നായിരുന്നു, സത്യത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത്. ഭാസ്‌കരന്‍ എഴുതുന്നതായിരുന്നു എനിക്കിഷ്ടം. ബാബുഭരദ്വാജിനെ പോലെ നല്ല രചനാവൈഭവമുള്ള സഹപ്രവര്‍ത്തകരുണ്ടെങ്കിലും അളന്നുമുറിച്ച ഭാസ്‌കരരചനയായിരുന്നു എനിക്കിഷ്ടം. അതിനൊരു സൂര്യതേജസ്സുണ്ടായിരുന്നു.പക്ഷേ, ഞാന്‍ സഖാവിന്റെ ചരമക്കുറിപ്പെഴുതുകയാണ്. 

ഒരുമിച്ചൊരു ഫോട്ടോവില്ലാത്തതിന് വേറൊരുകാരണം കൂടി കണ്ടെത്താനെനിക്ക് തോന്നുന്നു.  അന്ന് ഇന്നത്തെ പോലെ പത്രങ്ങളോ ചാനലുകളോ ഇല്ലായിരുന്നു. വാതുറന്നാല്‍ അടുത്തനിമിഷം ചാനലുകളിലൂടെ അത് പുറത്തുവരികയില്ലായിരുന്നു.കൊടിയമര്‍ദ്ദനങ്ങളേല്ക്കുന്നവര്‍പോലും അപ്രശസ്തരായിത്തന്നെയാണ് കഴിഞ്ഞിരുന്നത്. പ്രശസ്തി ലഭിക്കില്ലായിരുന്നതുകൊണ്ടാവാം, അന്ന് ആരും പ്രശസ്തിക്കുവേണ്ടി ഒരുപണിയും എടുത്തിരുന്നില്ല.ഫാത്തിമാകോളേജിനടുത്ത് 1969ല്‍ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ സ. ഭാസ്‌കരന് ഭീകരമായി പരുക്കേറ്റിരുന്നു. സ. വൈക്കം വിശ്വനും ഞാനും കൂടി കൊല്ലത്തെത്തി ആശുപത്രിയില്‍ സഖാവിനെയും സതീശിനെയും ചന്ദ്രബോസിനെയും ഉഴവൂര്‍ വിജയനേയും മറ്റുനേതാക്കളെയും കണ്ടു.കെ. എസ്. എഫ്. സംസ്ഥാനസെക്രട്ടറി ഭീകരമായ ലാത്തിച്ചാര്‍ജിനിരയായി കിടക്കുമ്പോള്‍ നിശ്ശബ്ദനാവാനെനിക്ക് കഴിഞ്ഞില്ല. ഭീകരമായ പോലീസുമര്‍ദ്ദനത്തെ ചിന്നക്കടയിലെ പ്രതിഷേധയോഗത്തില്‍ ഞാന്‍ ശക്തമായപലപിച്ചു. പോലീസിനെ അപലപിച്ചതിനാലാവണം, അത് പിറ്റന്നാളത്തെ മാതൃഭൂമിയിലും മറ്റും വലിയ ശീര്‍ഷകത്തിലടിച്ചുവന്നു.മാര്‍ക്‌സിസ്റ്റ്‌പോലീസിനെ മാര്‍ക്‌സുിസ്റ്റ് വിദ്യാര്‍ത്ഥിസംഘടനാ നേതാവ് അപലപിക്കുന്നത് പ്രതിലോമകാരികള്‍ക്ക് രസം പകരുന്ന സംഭവമാണന്ന്. അങ്ങിനെ അംഗുലീപരിമിതമായ സന്ദര്‍ഭങ്ങളിലേ ഞങ്ങള്‍ക്ക് പ്രശസ്തി കൈവന്നിരുന്നുള്ളൂ. അതും നിഷേധപ്രശസ്തി.

കൊല്ലത്തുനിന്ന് മടങ്ങി വടകരയെത്തിയ ദിവസം, 1969 ആഗസ്ത് 4ന്, വടകര ബി. ഇ. എം. ഹൈസ്‌ക്കൂളിനടുത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സുകാരും കെ. എസ്. യു. ക്കാരും മര്‍ദ്ദിച്ചു. എന്‍. ജി. ഓ. യൂണിയന്‍ നേതാവ് സ. പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന ഒരു ജാഥയ്ക്ക് വരവേല്പ് നല്കിയതിനുശേഷമായിരുന്നു അത്.കെ. എസ്. എഫിന് ബാലികേറാമലയായിരുന്ന വടകര ബി. ഇ. എം. സ്‌ക്കൂളില്‍ ഞങ്ങള്‍ സംഘടനാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. അത് പാടില്ലെന്ന് ശഠിച്ചായിരുന്നു മര്‍ദ്ദനം. ആഴ്ചകള്‍ ഞാന്‍ മെഡിക്കല്‍കോളേജ്, വടകര ആശുപത്രികളിലായിരുന്നു. സ. ഭാസ്‌കരനും ഞാനും ഒരേസമയം ഇങ്ങനെ ആശുപത്രിയിലായിരുന്നു. സഖാവ് കൊല്ലത്താണെങ്കില്‍ ഞാന്‍ കോഴിക്കോട്ടാണെന്ന് മാത്രം.

കെ. എസ്. എഫിന്റേ നേതാവ് അറസ്റ്റ് ചെയ്യപ്പെടുന്നത് വാര്‍ത്തയായിരുന്നില്ല, മറിച്ച് കെ. എസ്. യു. നേതാവ് ഏതെങ്കിലും വഴിയിലൂടെ നടന്നുപോയാല്‍ വാര്‍ത്തയായിരുന്നു അന്ന്. അന്നത്തെ വലിയ കെ. എസ്. യു. നേതാവ് ഉമ്മന്‍ ചാണ്ടിയായിരുന്നു. പിന്നീട് നേതാവായിവനന്#ിന കടന്നപ്പള്ളിരാമചന്ദ്രനുള്ള വിനയമോ മനുഷ്യപ്പറ്റോ ഈ വന്‍തോക്കിനില്ലായിരുന്നു.സംയുക്തവിദ്യാര്‍ത്ഥിസംരംഭങ്ങളിലൊന്നും പങ്കെടുക്കാന്‍ തയ്യാറില്ലാത്ത ഒരുസംഘമായിരുന്നു അന്ന് കെ. എസ്. യു. അക്രമവും അസഭ്യവും മാത്രം കൈമുതലായ ഒരു കൂട്ടം. കമ്യൂണിസ്റ്റ് വിരോധത്തിന്റെ ധൂമിലതയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ആര്‍ക്കൂട്ടം.  മലയാളമനോരമയുള്ളതുകൊ1ണ്ട് അവര്‍ക്കെല്ലാം വലിയ പ്രശസ്തിയും കിട്ടിയിരുന്നു.പ്രശസ്തിയോ പ്രചാരമോ സിദ്ധിക്കാത്ത ആ നാളുകളില്‍ ഒരുമിച്ചുള്ള ഫോട്ടോ വെറുതെ എടുക്കുന്ന പതിവൊന്നും ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു. അതൊക്കെ ഒരുതരം പെറ്റി ബൂര്‍ഷ്വാ രീതിയായിട്ടാണ് സാമാന്യമായി ഞങ്ങള്‍ പരിഗണിച്ചിരുന്നത്. അത് ശരിയായിരുന്നുവെന്നോ മറ്റു വഴികള്‍ തെറ്റാണെന്നോ ഇന്ന് പറയാന്‍ സാധ്യമല്ല.ടെക്‌നോളജിയുടെ വികാസത്തിന്റെ പങ്ക് ഇടതുപക്ഷത്തിനും അനുഭവവേദ്യമാവണം എമന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. 

ഭാസ്‌കരന്‍ കെ. എസ്. എഫ്. തലശ്ശേരി സമ്മേളനത്തില്‍ ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1968 ഫെബ്രുവരിയിലായിരുന്നു സമ്മേളനം. സെക്രട്ടറി സ. വൈക്കം വിശ്വന്‍, പ്രസിഡണ്ട് ഈ ഞാനും. അപ്രതീക്ഷിതമായിരുന്നില്ല, ഈ തെരഞ്ഞെടുപ്പുകള്‍. ഭാസ്‌കരനെ അതിനുമുമ്പ് വലിയ പരിചയമൊന്നും എനിക്കില്ല.സദാമന്ദഹസിക്കുന്ന സുപ്രിയമായ ഒരു വ്യക്തിത്വം. മന്ദഹാസത്തിന്റെ മന്ദാരമലരുകള്‍ ആ മുഖത്ത് കുലച്ചാടുന്നുണ്ടായിരുന്നു. അവസാനം അനന്തപുരി ആശുപത്രിയില്‍ കിടന്നുകാണുമ്പോഴും ആ മന്ദഹാസം മുഖത്തുണ്ടായിരുന്നു. എപ്പോഴും കൗതുകത്തോടെ എന്തോ അന്വേഷിക്കുന്ന മുഖഭാവവും സംഭാഷണരീതിയുമായിരുന്നു ഭാസ്‌കരന്റേത്.  

1969ലെ ഏറണാകുളം സമ്മേളനത്തില്‍ സ. ഭാസ്‌കരന്‍ സെക്രട്ടറിയും ഞാന്‍ പ്രസിഡണ്ടുമായാണ് കെ. എസ്. എഫ്. സ#ംസ്ഥാനസമിതി രൂപീകൃതമായത്. ഏറണാകുളം സമ്മേളനം പോലീസും ഞങ്ങളും തമ്മിലുള്ള ഒരുതരം എന്‍കൗണ്ടര്‍ വേണ്ടിവന്ന ചിലരംഗങ്ങളുണ്ടാക്കി. സാന്ത്വനത്തിന്റെ പങ്കായിരുന്നു സ. ഭാസ്‌കരന്റേതെന്ന് ഞാന്‍ നനകണ്ണുകളോടെ ഓര്‍മ്മിക്കുന്നു. 1970ലെ തൃശ്ശൂര്‍സമ്മേളനം വീണ്ടും ഇതേ ഭാരവാഹികളെ വെച്ചാണ് സംസ്ഥാനസമിതി രൂപീകരിച്ചത്. അന്ന് എസ്. ആര്‍. പി.യായിരുന്നു സമ്മേളനം നിയന്ത്രിക്കുന്നതിനുണ്ടായിരുന്നത്. തൃശ്ശൂര്‍ റീജിയണല്‍ തിയേറ്ററിന്റെ പുറത്ത് പുല്‍ത്തകിടിയിലിരുന്ന് പലതും പറയവേ, ഞാന്‍ പറഞ്ഞു

'ആള്‍ ഇന്ത്യാ പ്രസിഡണ്ട്‌സ് അസോസിയേഷനുണ്ടാക്കി അതിന്റെ  സെക്രട്ടറിയാവും, ഞാന്‍' . അത് കേട്ട് എസ്. ആര്‍. പി. ചിരിച്ചു. പുതിയ അഖിലേന്ത്യാ സംഘടനയുണ്ടാവുന്നതിന്റെ തിരക്കുകളിലായി പിന്നെ എല്ലാവരും. ഇതിനകം ഞാനൊരുപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. നിലമ്പൂരില്‍. ഭംഗിയായി തോറ്റു.

പലസംഭവങ്ങളും തികട്ടിവരുന്നുണ്ട്. ഓര്‍മ്മകള്‍ അങ്ങിനെയാണ്. അയവിറക്കാന്‍ തുടങ്ങുമ്പോള്‍ അവ തികട്ടിവരും. ഭാസ്‌കരനില്‍നിന്നാണ് ഞാന്‍ രേ ദെബ്രേയുടെ വിപ്ലവത്തിനുള്ളില്‍ വിപ്ലവം എന്ന പുസ്തകം കാണുന്നത്. അതും നെഞ്ചിലടുക്കിപ്പിടിച്ചാണല്ലോ ഫ്രാന്‍സില്‍ അന്ന് വിദ്യാര്‍ത്ഥികലാപമാരംഭിച്ചത്. തൊഴിലാളിവര്‍ഗ്ഗമില്ലെങ്കില്‍ വിപ്ലവം നടക്കുകയില്ലെന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു.ഫോസ് ബുക്കിനൊന്നും വിപ്ലവം കൊണ്ടുവരാനാവില്ല. ഫേസ് ബുക്ക് ഉപയോഗപ്പെടുത്താം. പക്ഷേ, നിലനില്ക്കുന്ന ഒരുസംഘടിതവര്‍ഗ്ഗമില്ലാതെ വിപ്ലവം സാധ്യമാവുമെന്ന് ഞാന്‍ കരുതുന്നില്ല. സ. ഭാസ്‌കരനും കരുതിയിരുന്നില്ല. ഫ്രാന്‌സിലെ വിദ്യാര്‍ത്ഥികള്‍ കലാപം നടത്തി. പരാജയപ്പെട്ടു.ഫ്രഞ്ച്‌സൈന്യം അതടിച്ചമര്‍ത്തി. ആ കലാപത്തിന്റെ നേതാവായിരുന്ന ഡാനിയേല്‍ കോണ്‍ ബെണ്ടിറ്റ് പിന്നീട് ഏതോ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായിത്തീര്‍ന്നു, അമേരിക്കയില്‍. ഫേസ് ബുക്ക് കലാപം അമേരിക്ക ഏറെക്കുറെ ഹൈജാക്ക് ചെയ്തുവല്ലോ. 1968ലെ സംസ്ഥാനസമ്മേളനത്തിനുമുമ്പ് നടക്കാതെപോയ തൃശ്ശൂര്‍ജില്ലാസമ്മേളനം ഈ വിവരവുമായി ചെന്നിട്ടാണ് ഞാന്‍ നടത്തിയത്. അത് വിജയമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

>തിരുവനന്തപുരത്ത് ചിന്തയായിരുന്നു ഞങ്ങളുടെ സങ്കേതം. ചന്ദ്രേട്ടന്‍ തൂമഞ്ഞുമന്ദഹാസത്തോടെ നിശ്ശബ്ദനായി അവിടെയുണ്ടാവും. പിന്നെ നന്ദാവനത്തെ ഒരു കെട്ടിടത്തില്‍ ഞങ്ങള്‍ ഓഫീസ് തുടങ്ങിയിരുന്നുവോ?  ഓര്‍മ്മയില്ല. തിളയ്ക്കുന്ന ഒരോര്‍മ്മ ബേക്കല്‍ ഹൈസ്‌ക്കൂളില്‍ സ. ഹുസ്സൈനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നാലുപേര്‍ ബേക്കല്‍ ഹൈസ്‌ക്കതൂളിലേക്ക് പുറപ്പെട്ടു. സ. പിണറായി, അന്തരിച്ച സ. രാമന്‍ രാമന്തളി, സി. ഭാസ്‌കരന്‍, ഞാന്‍. അവിടെ വലിയൊരാറെസ്സെസ് പടതന്നെയുണ്ടായിരുന്നു അവിടെ. അവരില്‍ മാന്യനെന്നുതോന്നിയ ഒരാളോട് സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോഴുണ്ടായ പ്രതികരണം ഇങ്ങനെ:

'ഈ കൈയിലെ തഴമ്പ് കണ്ടോ......... മോനേ?ഒരച്ച് കൊന്നാളേം എല്ലണ്ണത്തിനേം.  കോട്ടിക്കുളത്തെ ഒരുപൊതുപ്രവര്‍ത്തകനായ മുസ്ലിംലീഗിലെ ഹമീദലിഷംനാടിനെ എങ്ങനെയോ ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു, ഞങ്ങള്‍. അറിഞ്ഞാലും അദ്ദേഹം സഹായിക്കുകയില്ലെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. ഭാസ്‌കരന്‍ അക്രമികളോടും സ്വതസ്സിദ്ധമായ രീതിയില്‍ മന്ദഹസിച്ചു. പിന്നീട് ഉദുമയിലെ സഖാക്കളുടെ വരവോടെയാണ് ആറെസ്സെസ്സുകാര്‍ ഒഴിഞ്ഞുപോയത്.

അങ്ങനെ പൊരുതിയും പാടിയും പറഞ്ഞും വിദ്യാര്‍ത്ഥിസംഘടനപടുത്തുയര്‍ത്തുകയായിരുന്നു, ഞങ്ങള്‍. കൈയിലൊന്നുമില്ലാതെ, തീവണ്ടിയിലും ബസ്സിലുമായി കേരളത്തിലങ്ങോളം തലങ്ങും വിലങ്ങും യാത്രചെയ്തുകൊണ്ടായിരുന്നു ഈ പ്രവര്‍ത്തനം. ആ യാത്രകളില്‍ കേരളത്തിന്റെ പച്ചപ്പുമാത്രമല്ല, ഞങ്ങള്‍ കണ്ടത്.മനുഷ്യരേയും അവരുടെ വേദനകളേയും കണ്ടു. അന്ന് വിദ്യാര്‍ത്ഥിപ്രസ്ഥാനം സാമാന്യമായി ദുര്‍ബലമായിരുന്നതിന്റെ ഒരുകാരണം തൊഴിലാളികുടുംബങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് ക്ലാസുകളില്‍ കുറവായിരുന്നുവെന്നതാണ്. പോരാട്ടം വഴിവിദ്യാര്‍ത്ഥികള്‍ കോളേജ് ക്ലാസുകളില്‍ കുറവായിരുന്നുവെന്നതാണ്. പോരാട്ടം വഴി പത്താം ക്ലാസ് വിദ്യാഭ്യാസവും പിന്നെ പ്രീഡിഗ്രീ വിദ്യാഭ്യാസവും( ഇന്നത്തെ പ്ലസ് ടൂ) സൗജന്യമാക്കിയെടുക്കുന്നതില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനം വിജയം വരിച്ചു. ദരിദ്രകുടുംബങ്ങളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലും കലാശാലയിലും ചേര്‍ന്നു തുടങ്ങി. 

തിരുവനന്തപുരം ലാകാളേജില്‍ ചിലപ്രശ്‌നങ്ങളുണ്ടായപ്പോഴും രണ്ടുപേരും കൂടിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ആ യൂണിറ്റില്‍  പ്രഗത്ഭരായ പ്രവര്‍ത്തകരുണ്ടായിരുന്നു. പക്ഷേ, അവര്‍ പലരും തമ്മില്‍ ചേരിതിരിവുകളുമുണ്ടായിരുന്നു. അപരിഹാര്യമാം വിധം സംഘര്‍ഷപൂരിതമായിരുന്നു അവിടുത്തെ അവസ്ഥ എന്ന് എനിക്ക് തോന്നിയിരുന്നില്ല. ഈഗോക്ലാഷ് എന്ന് പറയാവുന്ന അവസ്ഥയായിരുന്നുഅത്. സംഘടനയേക്കാള്‍ വ്യക്തിമുന്നില്‍ നില്ക്കുന്ന അവസ്ഥയ്ക്ക് കടിഞ്ഞാണിടുകമാത്രമായിരുന്നു വഴി. അവിടുത്തെ പ്രശ്‌നം ക്രമേണകെട്ടടങ്ങിയിരുന്നുവെന്നാണ് ഞാനിന്ന് അനുമാനിക്കുന്നത്. സംസ്ഥാനനേതൃത്വത്തിലുള്ളവരും അധമരാണെന്ന് വിചാരമുള്ളചിലരെങ്കിലും അവിടെയുണ്ടായിരുന്നു. ശരിയാവാം, പക്ഷേ,  ഏത് സംഘടനയ്ക്കും ബാഹ്യവും ആന്തികവുമായ ഒരുചട്ടക്കൂട് ആവശ്യമാണെന്ന് ആ സഖാക്കളില്‍ പലരും മനസ്സിലാക്കിയില്ല.

അഖിലേന്ത്യാ സമ്മേളനം 1970 ഡിസംബറിലാണ് നടന്നത്, തിരുവനന്തപുരത്ത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേടായിരുന്നു അത്. സമ്മേളനവിജയത്തിനായി ഞങ്ങള്‍ കഠിനമായി പണിയെടുത്തു. ഞങ്ങളും സ്വാഗതസംഘവും ചേര്‍ന്ന് നടത്തിയ ആ മഹായജ്ഞം അന്നത്തെ നിലയില്‍ ദുസ്സാധമായ ഒരുകാര്യമായിരുന്നു. വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചാല്‍ അസാധ്യമാവുമായിരുന്ന ആ പ്രവര്‍ത്തനം സംഘാടനരീതിയില്‍ഞങ്ങള്‍ക്ക് വലിയൊരു പാഠമായിരുന്നു. അഖിലേന്ത്യാസമ്മേളനത്തോടനുബന്ധിച്ച് ചുവന്നകൊടി ഒഴിവാക്കുന്നകാര്യത്തില്‍ കേരളസഖാക്കളില്‍അല്പം ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. പൊതുധാരയില്‍ അത് ഇല്ലാതാവുമെന്ന് സ. ഭാസ്‌കരനും ഞാനും കരുതി.  ഇന്നത്തെ എസ്. എഫ്. ഐ. പതാക ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. ഞങ്ങള്‍ അഞ്ചുപേര്‍ എസ്. എഫ്. ഐ. യുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് സമിതിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.സ. ഭാസ്‌കരന്‍, സി. കെ. രവി, ബാബു ഭരദ്വാജ്, ജി. സുധാകരന്‍, ഞാന്‍. സി. കെ. രവി പിന്നീട് നല്ല അഭിഭാഷകനായിത്തീരുകയും കുറച്ച് കാലം മുമ്പ് നമ്മെ ദു:ഖത്തിലാഴ്ത്തി കടന്നുപോവുകയും ചെയ്തു. കേരളത്തിനായിരുന്നുപ്രസിഡണ്ട് പദവി, ഒരു ജോയിന്റ് സെക്രട്ടറി പദവിയും. ആദ്യത്തെ കമ്മിറ്റിയോഗത്തില്‍ സ. ഭാസ്‌കരന്റെ പേര്‍ ഞാനാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.  ബാബു ഭരദ്വാജ് ജോയിന്റ് സെക്രട്ടറിയായി.അഖിലേന്ത്യാസമ്മേളനം കഴിഞ്ഞ് സഖാവ് അഖിലേന്ത്യാപ്രസിഡണ്ട#ായതിനെ തുടര്‍ന്ന് ഞാന്‍ സംസ്ഥാനസെക്രട്ടറിയുമായി, സ. ജി. സുധാകരന്‍ പ്രസിഡണ്ടും.  

ഇതൊക്കെ കേവലമായ ചരിത്രമാണ്. ഞങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം ഇത്രവിരസമായ ഒരുരചനയായിപ്പോവുന്നതെന്തുകൊണ്ടാണ്? ഭാസ്‌കരന്‍ പിന്നീട് ചിന്താപബ്ലിക്കേഷന്‍സില്‍ മുഴുവന്‍സമയപ്രവര്‍ത്തകനായി. ഞാന്‍ കോളേജദ്ധ്യാപകസംഘടനയിലും സാംസ്‌കാരികരംഗത്തും അല്പസ്വല്പം പ്രവര്‍ത്തനവുമായി ഒതുങ്ങി. ചെറുപ്പത്തിലെന്നോ ഒരിക്കല്‍, ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ലോങ്ങ് ഫെലോവിന്റെ അടിമക്കിനാവ് വിവര്‍ത്തനം ചെയ്തുവെന്നതാണ് എന്റെ ആദ്യവിവര്‍ത്തനാനുഭവം. പിന്നെ അറുവഷളന്‍ പദ്യശൈലിയില്‍ കോള്‍റിഡ്ജിന്റെ റൈം ഓഫ് ദ ആന്‍ഷ്യന്റ് മാറിനറും ഞാന്‍ തര്‍ജ്ജുമചെയ്തു. ചിന്തയില്‍ നിന്ന് ഒരിക്കല്‍ ഭാസ്‌കരന്‍ കോളേജിലെ ഫോണിലേക്ക് വിളിച്ച്, ഒരുപുസ്തകം അയക്കുന്നുണ്ടെന്നും ഉടന്‍ പരിഭാഷപ്പെടുത്തി അയക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തു. ഭാസ്‌കരന്റെ ശൈലിയിലാണെങ്കില്‍ ഒരുപുസ്തകവും വിവര്‍ത്തനം ചെയ്യാനാവില്ലെന്നെനിക്കുറപ്പായിരുന്നു. പരഭാഷയുടെ നിഗൂഢതകളിലേക്ക് കടന്നുചെല്ലാന്‍ എങ്ങനെയാണ് കഴിയുക? ഭാസ്‌കരന്‍ തന്ന ധൈര്യത്തിലാണ് ഞാന്‍ വിവര്‍ത്തകനായത്. പക്ഷേ, പുസ്തകം തന്നു കഴിഞ്ഞാലുടനെ ഭാസ്‌കരന്‍ അറിയിച്ചുതുടങ്ങും. പുസ്തകം ശരിയായോ?  മറ്റാര്‍ക്കെങ്കിലും കൊടുക്കണമോ?ഭീഷണിയല്ല. എന്നാലും കാര്യത്തിന്റെ അര്‍ജന്‍സി എല്ലായ്‌പോഴും എഴുത്തുകാരെ അദ്ദേഹം അറിയിച്ചുകൊണ്ടിരുന്നു. ഈ ഓര്‍മ്മപ്പെടുത്തലും സ്‌നേഹപൂര്‍ണമായ ശാസനയും വഴി എത്രപുസ്തകങ്ങളാണ് ഞാന്‍ വിവര്‍ത്തനം ചെയ്തത്? ഇര്‍ഫാന്‍ ഹബീബീന്റെ ഗ്രന്ഥങ്ങള്‍, സ്റ്റാലിന്റെ തെരഞ്ഞെടുത്തകൃതികളുടെ ഒരു ഭാഗം, എ. കെ. ജി. യുടെ കൊടുംകാറ്റിനുമുമ്പ് എന്ന് പേരുള്ള പാര്‍ലമെന്റി പ്രസംഗങ്ങള്‍ -എ. കെ. ജി. യുടെ കൊടുംകാറ്റിനുമുമ്പ് എന്ന് പേരുള്ള പാര്‍ലമെന്റി പ്രസംഗങ്ങള്‍ - അങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍! ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി- ഒരുചരിത്രം എന്ന കൃതിയുടെ ഒരു ഭാഗവും ഞാന്‍ പരിഭാഷപ്പെടുത്തി. ഒരിക്കല്‍ മാത്രമേ എന്നോട് പുസ്തകം തിരിച്ചുവാങ്ങിയിട്ടുള്ളൂ. അടുത്തകാലത്താണത്. സ. പ്രകാശിന്റെ കുറെ ലേഖനങ്ങളുടെ വിവര്‍ത്തനമായിരുന്നു അത്. കിട്ടി മൂന്ന് ദിവസത്തിനകം മൂന്ന് ലേഖനങ്ങള്‍ ഞാന്‍ ചെയ്തുതീര്‍ത്തു.അതില്‍ ഇയാന്‍ റാങ്കുമായി സ. കാരാട്ട് നടത്തിിയ അഭിമുഖം ഞാന്‍ വളരെ ഇഷ്ടത്തോടെ ചെയ്തു. ക്രൈം ത്രില്ലറുകള്‍ ചിലപ്പോള്‍ സമൂഹപഠനങ്ങള്‍ക്ക് സഹായകമാവുമെന്ന അറിവ് തന്നെ നൂതനമായിരുന്നു എനിക്ക്, ഞാന്‍ വലിയൊരു ക്രൈം ഡിറ്റക്ടീവ് വായനക്കാരനാണെങ്കിലും. പക്ഷേ, എന്റെ വേഗത്തോതില്‍ സ. ഭാസ്‌കരന്‍ തൃപ്തനായില്ല. അതുകൊണ്ട് ഞാന്‍ ചെയ്ത ലേഖനങ്ങളൊഴികെ മറ്റുള്ളവ വേറൊരു സഖാവിന് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

സുന്ദരനായ രാജകുമാരന്‍ എന്ന് ഒരിക്കലെങ്കിലും ഞാന്‍ സ. ഭാസ്‌കരനെ വിശേഷിപ്പിച്ചുകൊള്ളട്ടെ. കഥകളില്‍ മാത്രം കാണുന്ന അഴകും കവിതയില്‍ മാത്രം കാണുന്ന മന്ദഹാസവുമായി സഖാവ് എന്റെ മുന്നിലുണ്ട്. ഇവിടെ ഈ തണലില്‍ ഒരുദിവസം താമസിച്ച് തിരിച്ചുപോവുമ്പോള്‍ എന്റെ മകള്‍ക്ക് സമ്മാനിച്ച നാനയുടെ ഒരു ചെറിയ ഷീല്‍ഡ് ഒരു നിധിപോലെയാണവള്‍ ദീര്‍ഘകാലം കരുതിയത്. പുതുതാം നാനാജനവ്യാപാരം ഏത് സ്മരണികയേയും മറക്കാന്‍ പ്രേരിപ്പിക്കുന്ന ഇക്കാലത്തും ആ സ്മരണിക ഇവിടെയുണ്ട്. 

ഇനിയെങ്ങിനെ സ. ഭാസ്‌കരനോടൊത്ത് ഒരു ഫോട്ടോ എടുക്കും? 

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഇനിയെങ്ങിനെ ഒരു ഫോട്ടോ എടുക്കും?
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക