കുട

സി. പി. അബൂബക്കര്‍

കറുത്തശീലങ്ങള്‍ കുടഞ്ഞെടുത്തുഞാന്‍
അകത്തെമച്ചിന്മേലൊളിച്ചുവച്ചല്ലോ
കറുത്തകമ്പിമേലൊരു പിറാവിന്റെ
ചിറകുകള്‍കോര്‍ത്തു കരുതിവച്ചല്ലോ
വെളുത്തൊരീകുടതുറന്നുവയ്ക്കുവാന്‍
... എളുപ്പമല്ലെന്നൊരറിവില്‍ നിന്നു ഞാന്‍
പതിയെ ചാറുന്ന മഴയുടെ കീഴേ
പൊതിഞ്ഞൊരീകുടയുയര്‍ത്തിനില്ക്കുന്നൂ
ചിറകില്‍നിന്നിറ്റിവരുന്ന ചോരയില്‍
ചുവന്നുപോയെന്റെ മണിക്കുട, പിന്നെ
യിതള്‍ വിടരാത്ത മലരുപോല്‍, കുഞ്ഞി-
ച്ചിറകുയരാത്ത പതംഗമെന്നപോല്‍
തലയ്ക്കുമേലൊരു ചുവന്ന ഭാണ്ഡമായ്
പഴയൊരീകുടവഹിച്ചുനില്പൂ ഞാന്‍.
മുകില്‍ നിറഞ്ഞൊരെന്‍ വിയത്തില്‍ നിന്നേതോ
ചുടുനിണത്തിന്റെമണമടിക്കുന്നൂ?

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, കുട
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക