ജാതകം

സി. പി. അബൂബക്കര്‍

ജയം മാത്രം, ജയം മാത്രം
പറയുന്നു ജാതകം
ജയത്തിന്ഗ്രഹങ്ങളുടെ യോഗം
അപഹാരമോരോന്ന് മാറുമ്പൊഴും
തുടര്ന്നൊഴുകുന്നു
വിജയമന്ദാകിനി, നിത്യ കല്ലോലിനി. ജയത്തിന്ലഹരികളിലുന്മത്തമാവേണ്ടു-
മൊരുവന്റെ കാലടിയിലൊരുപിടി മണ്ണില്ല,
ഹൃദയത്തിലൊരു പൂ വിരിഞ്ഞില്ല,
പ്രണയത്തിന് ചെറുചാലൊഴുകിയില്ല,
അരികത്തുമകലത്തുമാരും സ്തുതിച്ചുമില്ല,
ഗോളസംയോഗം നടന്നില്ല.

സ്ഫുടസംസ്കൃതത്തില്
അനര്ത്ഥങ്ങള് ചൂണ്ടിയും
ശ്ലേഷങ്ങളില്കൂടിയര്ത്ഥങ്ങള് നീട്ടിയും
മുന്നില് കവിടിച്ചിരിയുമായ് ജ്യോതിഷി,
പിന്നിലോ തെളിമകളില്ലാത്തജന്മവും

എന്നാല്ത്രികാലജ്ഞഭാവത്തിലെന്റെയീ
ജന്മനക്ഷത്രം ജ്വലിക്കുന്നു,
വര്ണ്ണപ്രഭാവങ്ങളില്ലാതിരുട്ടിന്റെ
പിണ്ഡങ്ങളായിപ്പതിക്കുന്നു
ഉഷ്ണശൈത്യങ്ങളില് മൂടിപ്പുതച്ചെന്റെ
നീഢത്തിനുള്ളിലൊതുങ്ങിക്കഴിയുമെന്
വിനയത്തൊടെന്തൊരുകൂറാണ് ജീവജാലങ്ങളില്!

അകലെയേതോ സദസ്സിന്റെ നിസ്വനം
അകമഴിഞ്ഞാരോ മൊഴിവൂ മഹാരവം
ശയനത്തിലെന്റെ മിഴികള് വിടര്ന്നുവോ?
അരുതരുതെന്റെയീ രാശിചക്രങ്ങളില്
ഇരുപല്ല് വേറിട്ട് നീളുന്നു;

ഭാഗ്യമാണെന്നും ജയമാണ്,
പറയുന്നു ജാതകം,
അതുവിശ്വസിക്കണം,
അതിനുള്ളിലെപ്പോഴും മൂടിക്കിടക്കണം;
എവിടെ നിന്നെപ്പോഴെന്നറിയില്ല,
മിന്നലായൊരു നറുക്കാര്ക്കും ലഭിക്കാം
ജന്മനക്ഷത്രത്തിന്പ്രകാശപഥങ്ങളി-
ലേക്കു കവാടം തുറക്കാം
കാറ്റു വന്നാരുമറിയാതെ ചെവികളില്
ആ വഴിയേതെന്നു മൊഴിയാം.
പുറത്തെന്തുമാവട്ടെ, ദൂരവാനത്തിന്റെ
കൂറിലിവിടെ കിടക്കാം.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ജാതകം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക