ഒരുവില്പനക്കവിത

സി. പി. അബൂബക്കര്‍

( ഈ രചനയില് കാവ്യമൂല്യമന്വേഷിച്ചാല്, എമര്ജിങ്ങ് കേരളയില് കേരളാവികസനമന്വേഷിക്കുന്നതുപോലെയാവും)

ആകാശപാളിക്കിന്നെന്തുവില
ആശാകുസുമത്തിനെന്തുവില
മേഘച്ചുരുളിലൊളിച്ചുകഴിയുന്ന
മാരിവില്ച്ചേണിനിന്നെന്തുവില
കാറ്റിനും കോളിനുമെന്തുവില
കര്ക്കിടകത്തിനിന്നെന്തുവില
ഓണം വിഷുവിനുമെന്തുവില
ഓച്ചിറക്കാളക്കുമെന്തുവില?

കുന്നിനും മേട്ടിനുമെന്തുവില
കുന്നിക്കുരുവിനുമെന്തുവില
കുന്നിലെ താളിക്കിന്നെന്തുവില
കുന്നത്തെകൊന്നക്കിന്നെന്തുവില
മഞ്ചാടിച്ചോപ്പിനിന്നെന്തുവില
മഞ്ഞണിമാമലക്കെന്തുവില
വയനാടന് മഞ്ഞളിന്നെന്തുവില
വയമ്പിനും തേനിനുമെന്തുവില
താളിക്കും കൂളിക്കുമെന്തുവില
താളിയും തേച്ചുകുളിച്ചുവരുന്നൊരെന്
കാളിക്കും നാണിക്കുമെന്തുവില.
പെണ്ണിനുമാണിന്നുമെന്തുവില
മണ്ണിന് കല്ലിനുമെന്തുവില
പൂവിനും കായിനുമെന്തുവില
പൂക്കാത്ത മാവിനുമെന്തുവില
പൂത്തകരിമ്പിനുമെന്തുവില
ചൂളമരത്തിനുമെന്തുവില
നെല്ലിനും നെല്ലിക്കുമെന്തുവില
പുല്ലിനും പൂളക്കുമെന്തുവില
ചന്ദനച്ചോലക്കിന്നെന്തുവില
ചന്ദനക്കാറ്റിനിന്നെന്തുവില
ചീരയും ചേനയും ചേമ്പും വിളയുന്ന
വീട്ടുതൊടികള്ക്കുമെന്തുവില
കായല്നിലത്തിനിന്നെന്തുവില
കായലുപൂത്താലുമെന്തുവില
നീലക്കുറിഞ്ഞിവനങ്ങളിലെ
നീലച്ചപൂക്കള്ക്കുമെന്തുവില
മയിലിനും മാനിനുമെന്തുവില
മഞ്ഞക്കിളികള്ക്കുമെന്തുവില
മുള്ളനും മുയലിന്നുമെന്തുവില
വിണ്ടവയലിനുമെന്തുവില
തേക്കിനും നാക്കിനുമെന്തുവില
തോക്കിനും നോക്കിനുമെന്തുവില
ആനയ്ക്കുമാട്ടിനുമെന്തുവില
ആനമുടിക്കുമിന്നെന്തുവില


ആറ്റിനും തോട്ടിനുമാഞ്ഞിലിക്കും
ആറ്റിലെ മീനിനും കക്കകള്ക്കും
ആറ്റില് കളയാനളന്നു വെച്ച
ധാന്യമണികള്ക്കുമെന്തുവില
കടപ്പുറക്കാറ്റിനിന്നെന്തുവില
കടലിലെത്തിരകള്ക്കുമെന്തുവില
കാണാക്കയത്തിലെമീനുകള്ക്കും
കാണാത്തദൂരത്തൊഴുകിടുന്ന
കപ്പല് വഴികള്ക്കുമെന്തുവില.

മഞ്ഞിനും വെയിലിനുമെന്തുവില
പെയ്യാമഴകള്ക്കുമെന്തുവില
രാത്രി പകലുകള്ക്കെന്തുവില
സൂര്യനും ചന്ദ്രനുമെന്തുവില
താരാഗണങ്ങള്ക്കിന്നെന്തുവില
താമരപ്പൂവിനുമെന്തുവില.
താരാട്ട് പാട്ടിനിന്നെന്തുവില
വീരചരിത്രത്തിനെന്തുവില


കൃഷ്ണനും രാമനുമെന്തുവില
രാധയ്ക്കും സീതയ്ക്കുമെന്തുവില
പള്ളിക്കും ചര്ച്ചിനുമെന്തുവില
ദേവപ്രതിമകള്ക്കെന്തുവില
സ്വര്ഗ്ഗനരകങ്ങള്ക്കെന്തുവില
സ്വപ്നഖനികള്ക്കുമെന്തുവില.

അമ്മയ്ക്കുമച്ഛനുമെന്തുവില
അമ്മാവനമ്മായിക്കെന്തുവില
ആങ്ങള പെങ്ങള്ക്കുമെന്തുവില
മച്ചൂനന്മാക്കെന്താണിന്നുവില.

എല്ലാര്ക്കുമെല്ലാര്ക്കുമെന്തുവില
എന്തിനുമേതിനുമേതുവില
എന്തുവിലക്കും വില്ക്കാനൊരുമ്പെട്ടു
മന്ത്രിക്കസാലയില് വാണരുളും
വാണിഭക്കാരുടെകൈയുകള് കാലുകള്
കെട്ടവരിയുമീ നമ്മള്
കെട്ടവരിയുമീ നമ്മള്

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഒരുവില്പനക്കവിത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക