ക്യാംപസ്സ്

സന്ധ്യാ ജോസ്

എന്നും ഞാന്‍ കുത്തിക്കുറിയ്ക്കേണമെന്റെയീ,
ചിന്തയിലാലസ്യം തങ്ങിനില്‍ക്കേ,
ചിന്തുകളെന്തുഞാന്‍ പാടണമെന്റെയീ
ചിന്തകള്‍ മെല്ലെത്തളര്‍ന്നുനില്‍ക്കെ

എങ്ങുനിന്നോവന്നുചേക്കേറീ നമ്മളീ
ച്ചില്ലകല്‍തോറും പറന്നുനില്‍ക്കേ,
എങ്ങോപറന്നു പറന്നു നാം മെല്ലെയീ-
ച്ചില്ലകള്‍ക്കന്യമായ്ത്തീരുകില്ലേ

പകലുകളിങ്ങനെ ധന്യമാക്കീടുവാന്‍
പലകുറിവന്നകലുമ്പോള്‍
പിരിയേണമെന്നേക്കുമെന്നോരു സത്യമെന്‍,
സിരകളില്‍ വന്നലയ്ക്കുന്നു.

പഴിയും പീണക്കവുംപലകുറിയിങ്ങനെ
പറയാതെവന്നുപോകുമ്പോള്‍
അറിയാതെ മെല്ലേയീകണ്ണിന്റെ കോണിലും
ജലരേഖമെല്ലെത്തെളിഞ്ഞു.

പലവഴിപോയിപിരിയുവാനായ്ച്ചേരും
പഥികരേപ്പോലല്ലെ നമ്മള്‍
പദവിയും പ്രാരാബ്ധലോകവുംനമ്മളില്‍
അകലങ്ങളെത്രയേ തീര്‍ക്കും

പല പല നാളുകള്‍ക്കപ്പുറം നാമി-
പരിചയമെല്ലാം മറക്കും
പിടികിട്ടാതലയുന്ന ജീവിതം കാക്കുവാന്‍
പിരിമുറുക്കത്തില്‍ ലയിക്കും

പഴയൊരീച്ചെപ്പു്‌തുറക്കുവാനെന്നുനാം
വഴിവക്കില്‍ മെല്ലെയിരിയ്ക്കും
പരിഭവപ്പൂവുതന്‍ നൊമ്പരപ്പാടുമായ്
പരിചയമെന്നു പുതുക്കും?.

    

സന്ധ്യാ ജോസ് - ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക. കവിതാരചനപോലെ തന്നെ ചിത്രരചനയിലും പെയിന്റിങ്ങിലും താത്പര്യം.