വാല്യം 7 | ലക്കം 1 | ഫെബ്രുവരി - മാര്‍ച്ച്  2013 |

ചങ്ങലകളുടെ പിരാന്തന്‍ കിലുക്കം

എം. കെ. ഖരീം

ഭ്രാന്തന്‍ , പിരാന്തന്‍ ...
എവിടെ നിന്നുമാണ് അലര്‍ച്ചയെന്നു തിട്ടമില്ലാതെ.... താനല്ല, അപരനോ? അങ്ങനെ ഒരാള്‍ ഉള്ളതായി കേട്ടിട്ടില്ല. നരച്ച ഇരുട്ടിലേക്ക് തുറിച്ചു നോക്കി. അണഞ്ഞ നെരിപ്പോടില്‍ അപ്പോഴും മണം തികട്ടി.. ശവമെരിയുന്നതിന്റെയല്ലേ? ആയുസിന്റെ അന്ത്യത്തെ ആ മണത്തിലൂടെ രേഖപ്പെടുത്താം.
ജീവിത ക്ലേശങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു മണത്തെ കുറിച്ച് താന്‍ ബോധവാനല്ലെന്ന് ഒട്ടു വേദനയോടെ ഗ്ലാഡ്വിന്‍ ഓര്‍ത്തു. കിടക്കുന്നത് എവിടെയാണ്? പണിപ്പുരയിലോ ചോള വയലിലോ?
പ്രാന്താ, ഭ്രാന്താ...
കാതടപ്പിക്കുന്ന ശബ്ദം.
എന്തൊക്കെയാണ് മനുഷ്യര്‍ വിളിച്ചു കൂവുന്നത്. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ. അല്ലെങ്കില്‍ മറ്റു വല്ലതിനെ കുറിച്ചും ചിന്തിച്ചുകൂടെ. ആഗോള താപ നിലയെ കുറിച്ച്ചിന്തിച്ചില്ലെങ്കില്‍ വേണ്ടാ. അന്താരാഷ്ട്ര നാണ്യനിധി സമൂഹത്തില്‍ ഏറ്റവും താഴെയുള്ള മനുഷ്യരെ എങ്ങനെ ഭോഗിക്കുന്നു എന്ന് ചിന്തിക്കണ്ട. അറ്റ്ലീസ്റ്റ് ഒരു ബ്ലു ഫിലിമിനെ കുറിച്ചെങ്കിലും?
ഒരുതരം പന്നിലോകം എന്നല്ലാതെ എന്ത് പറയാന്‍ ... ഗ്ലാഡ് വിന്‍ ജാലകത്തിന് നേരെ നടന്നു. ഒലിവുമരങ്ങളില്‍ നിന്നും മഞ്ഞു വിട്ടിരുന്നില്ല. മഞ്ഞിന്റെ സ്വകാര്യ ചാര്‍ത്തുകള്‍ തോറും ആത്മാക്കളുടെ ലയം. പുറത്തേക്ക് എത്തി നോക്കിയതെയുള്ളൂ, കല്ലുകള്‍ പാഞ്ഞുവന്നു. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ തല പിളര്‍ന്നെനെ.
മറ്റൊരു കല്ല്‌ നെറ്റിയില്‍ കൊണ്ടു. ഏറിന്റെ ബലക്കുറവുകൊണ്ട് രക്ഷപ്പെട്ടു. ചോര പൊടിഞ്ഞിറങ്ങുമ്പോഴും വേദനിച്ചില്ല. അതിലും വലിയൊരു ക്ഷതത്തിലാണല്ലോ ഹൃദയം ഉലഞ്ഞു കൊണ്ടിരിക്കുന്നത്.
ചുരുട്ടു കത്തിച്ചു അലസമായി പുകയൂതി. ഒഴിഞ്ഞ ക്യാന്‍വാസ്‌ തുറിച്ചു നോക്കി. ആഴ്ചകള്‍ പലതു കഴിഞ്ഞു എന്തെങ്കിലും വരച്ചിട്ട്‌. വരക്കാതിരിക്കുക എന്നാല്‍ മരണമാണ്. ചിലപ്പോള്‍ ഓര്‍ക്കാതെയല്ല ഈ വിരക്തിയും മടുപ്പുമൊക്കെ മറ്റൊരു സൃഷ്ടിക്കു മുമ്പുള്ള ഒരുക്കമെന്ന്. അല്ലെങ്കില്‍ എന്നെന്നെക്കുമായൊരു വിടവാങ്ങല്‍ . എങ്കില്‍ ലോകം രേഖപ്പെടുത്തും പോലെ താന്‍ ഭ്രാന്തനായി പരിണമിക്കും.
വേണമെങ്കില്‍ നെറ്റിയില്‍ നിന്നും ഒഴുകുന്ന ചോരകൊണ്ടൊരു ചിത്രം പണിയാം. അനുരാഗത്തിന്റെ രക്തസാക്ഷ്യം എന്ന് അടിക്കുറിപ്പ് കൊടുക്കാം. എങ്കില്‍ ആ ചിത്രം എങ്ങനെയാവണം.
മറ്റൊരു കല്ല്‌ വന്നു ക്യാന്‍വാസ്‌ തുളച്ചപ്പോള്‍ ജനാലയടച്ചു. തന്റെ സൃഷ്ടികള്‍ നശിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെ? രാഷ്ട്രീയക്കാര്‍ ഉണ്ടാകാം, മതകച്ചവടക്കാര്‍ ഉണ്ടാകാം. അവര്‍ക്കൊക്കെയാണല്ലോ ക്യാന്‍സര്‍ പിടിച്ചിരിക്കുന്നത്.
നാശം, മുപ്പത്തിമൂന്നു ദിവസമെടുത്തു വരച്ച ചിത്രമാണ് കല്ല്‌ വീണു തകര്‍ന്നത്. ചോളവയലില്‍ അസ്തമയത്തിലേക്ക് നോക്കി പുറം തിരിഞ്ഞിരിക്കുന്ന നഗ്നസുന്ദരി. പ്രണയത്തിന്റെ അനന്തവിഹായസ്സിലേക്ക് കുതിച്ചു നഷ്ടപ്പെടാനുള്ള അവളുടെ വെമ്പല്‍ .
ഇടനിലക്കാരന് അത് നന്നേ ബോധിച്ചിരുന്നു. കാര്യമായൊരു സംഖ്യ അയാള്‍ സംഘടിപ്പിച്ചു നല്‍കാമെന്നു ഏല്‍ക്കുകയും. അയാളത് അതിലും മുന്തിയ തുകക്ക് വില്‍ക്കുമെന്ന് ഉറപ്പ്. കലാകാരെ ചൂഷണം ചെയ്യുന്ന വര്‍ഗമാണല്ലോ ഇടനിലക്കാരന്‍ . ഇടനിലക്കാരന്‍ തീരുമാനിക്കുന്നു ലോകം എന്ത് തരത്തിലുള്ള ചിത്രം ആസ്വദിക്കണമെന്ന്. അതുകൊണ്ട് ഇടനിലക്കാരന്റെ മാനസിക നിലക്കൊത്തു വരക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് തന്നെ പോലുള്ള ചിത്രകാരന്‍ ... അതുകൊണ്ടുതന്നെ ഒരു ചിത്രകാരന്‍ എന്ന നിലയില്‍ താന്‍ ഉള്ളപ്പോഴും യഥാര്‍ത്ഥ ചിത്രകാരന്‍ ഇടനിലക്കാരന്‍ ആകുന്നു. ആ ഒരു തലത്തില്‍ നിന്നും മോചിതമാകുമ്പോഴേ യഥാര്‍ത്ഥ കല ലോകത്തിനു ലഭിക്കൂ...
എന്നാല്‍ ഇടനിലക്കാരനെ മറികടക്കാനുള്ള ധൈര്യം തന്നെ പോലുള്ളവര്‍ക്കില്ല. അയാളെ പോലുള്ളവര്‍ നല്‍കുന്ന തുച്ചമായ സംഖ്യയിലാണല്ലോ തങ്ങള്‍ വിശപ്പടക്കുന്നത്.
ഒരു ഭ്രാന്തന്റെ ചിത്രം വരക്കണം. പ്രണയിച്ചു മതിവരാത്ത ഒരാള്‍ ... അങ്ങനെ ഒരാളെ കണ്ടിട്ടില്ല. കേട്ടിട്ട് പോലുമില്ല. എന്നാല്‍ അങ്ങനെ ഒരാളെ ഭാവനയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ഭാവം എങ്ങനെ, നിശ്ചലമായ കണ്ണുകള്‍ . ക്ഷൌരം ചെയ്യാത്ത മുഖം. പാറിയ മുടി. അതോക്കെയായാല്‍ ഭ്രാന്തന്‍ ആകുമോ. അതൊക്കെ ഏതാനും സിനിമകളില്‍ വന്നിട്ടുള്ളതല്ലേ. തനിക്കു വേണ്ടത് തന്റേതായ രീതിയില്‍ ഒരു ഭ്രാന്തനെയാണ്.
ഒരു ചുരുട്ട് ബാക്കിയുണ്ട്. അത് തീര്‍ന്നാല്‍ പുറത്തിറങ്ങേണ്ടി വരും. ഇറങ്ങിയാല്‍ ആളുകള്‍ കല്ലുകള്‍ കൊണ്ട് തന്നെ നേരിടും. ആ ക്രൂരതക്ക് ഇരയാവാന്‍ വേണ്ടിയാണ്, ഒരു പാകറ്റ് ചുരുട്ട് മുറിയില്‍ നിന്നും അപ്രത്യക്ഷമായത്. ആ ഒരു പാക്കറ്റ് ചുരുട്ട് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് അറിയില്ല. കഴിഞ്ഞ ഏതാനും ദിവസമായി താന്‍ വാതില്‍ അടച്ചു തഴുതിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രവേശമില്ലാതെ, താനും തന്റെ സ്വന്തം ഇരുട്ടുമായി കഴിയുന്നു. അതിനിടയിലാണ് ഏതോ അദൃശ്യശക്തി മുറിയില്‍ നിന്നും ചുരുട്ടുമായി കടന്നു കളഞ്ഞത്.
ലോകം പറയുന്നത് സഹിക്കാം. വര്‍ഷങ്ങളോളം നെഞ്ചിലെ ചുട്‌ അനുഭവിച്ചവളില്‍ നിന്നും കേട്ടതാണ് ഏറ്റവും അസഹ്യം.
'ഗ്ലാഡ്വിന്‍ നിനക്ക് ഭ്രാന്താ...'
'നീ അങ്ങനെ വിളിക്കരുത്...'
'പോടാ..'
അവളുടെ സ്വരം കനത്തു. അതിനു മുമ്പ് അങ്ങനെയൊരു പ്രകടനം ഉണ്ടായിട്ടില്ല. എന്തെല്ലാം സങ്കല്പങ്ങള്‍ ആയിരുന്നു. ഏദന്റെ വിശുദ്ധി, തേംസിന്റെ ഒഴുക്ക്.. അതൊക്കെ വ്യര്‍ത്തമെന്ന് ക്ഷണത്തില്‍ തോന്നി. തനിക്കു വേണ്ടി മരിക്കാന്‍ പോലും ഒരുക്കമെന്ന് അവള്‍ എത്രയോ ആണയിട്ടിരിക്കുന്നു. പെണ്‍വാക്കിനു കീറചാക്കിന്റെ വിലയില്ല. താനവളെ വിശ്വസിച്ചത് അബദ്ധമായി. രതി കത്തിപടര്‍ന്നപ്പോള്‍ അതിലങ്ങു ഉരുകി കിടക്കുമ്പോള്‍ അതിനപ്പുറം ലോകമില്ലെന്നു കരുതിയ വിഡ്ഢി.
ആര്‍ട്സ് ഗ്യാലറിയിലെ മങ്ങി തണുത്ത സായാഹ്നത്തില്‍ നിരാശനായി ഇരുന്ന താന്‍ . തണുപ്പ് ഭയന്ന് ആള്‍ക്കൂട്ടം നേരത്തെ രംഗം വിട്ടിരുന്നു. നല്ലൊരു രോമ കുപ്പായം ഇല്ലാഞ്ഞിട്ടു പോലും താനവിടെ ചടഞ്ഞു കൂടി. തനിക്കു പോകാന്‍ ഇടമില്ല. എവിടേക്ക് പോയാലും തണുപ്പ് പിടികൂടുക തന്നെ ചെയ്യും. താന്‍ മാത്രം എങ്ങും എത്തുന്നിലല്ലോ. തനിക്കു ശേഷം വന്നവര്‍ അരങ്ങു വാഴുന്നു. താനെന്തേ ഹതഭാഗ്യനായി?
നീയിങ്ങനെ മുഷിഞ്ഞാലോ ഗ്ലാഡ്വിന്‍ ... നിന്റെ ചിത്രങ്ങള്‍ വിറ്റുപോകുന്ന കാലം വരും. ജീവിച്ചിരുന്നപ്പോള്‍ വിന്‍സന്റ് വാന്‍ഗോഗ് എന്തുമാത്രം അവഗണിക്കപ്പെട്ടു. ഇന്ന് ലോകം വാന്‍ഗോഗിനെ ആഘോഷിക്കുന്നില്ലേ...'
'ചത്തുകഴിഞ്ഞു കിട്ടുന്ന പ്രശംസ എന്തിന്‌... അതിനു കല്ലറക്ക് തണല്‍പകരാന്‍ പോലുമാവില്ല. എനിക്ക് വേണ്ടത് തല ചായ്ക്കാന്‍ ഇടവും നല്ല വസ്ത്രങ്ങളും വിശപ്പകറ്റാന്‍ എന്തെങ്കിലുമാണ്. അതൊന്നും ചിത്ര രചന കൊണ്ടാവില്ല. ഞാനെന്തേ കള്ളനോ കൊലയാളിയോ ആയില്ല? എനിക്കൊരു പിടിച്ചുപറിക്കാരന്‍ എങ്കിലും ആകാന്‍ കഴിഞ്ഞെങ്കില്‍ ... അതുമല്ലെങ്കില്‍ ഒരു കൂട്ടികൊടുപ്പുകാരന്‍ എങ്കിലും ആകണം...'
'നിന്റെ ഈ നശിച്ച ചിന്ത കള. കലാകാരന്‍ ആവുക എന്നാല്‍ ചില നിയോഗങ്ങള്‍ പേറുക എന്നാണ്. ഇന്ന് കാണുന്ന നഷ്ടങ്ങള്‍ നഷ്ടങ്ങളല്ല. അതാണ്‌ നിന്റെ നേട്ടം. ഈ ദുരിതങ്ങളൊക്കെ നിന്നിലെ ചിത്രകാരനെ പാകപ്പെടുത്തി കൊണ്ടിരിക്കുകയാണ്...'
എത്രയോ ആഴ്ചകള്‍ കഴിഞ്ഞു എലിസബത്തിനെ കണ്ടിട്ട്. തങ്ങള്‍ക്കിടയില്‍ ഇത്രയും ദിവസത്തെ വിടവ് ആദ്യമാണ്. കാണാതെയാവുക എന്നാല്‍ മരവിച്ചുപോകുക എന്നാണ്. ഒടുവില്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞത്:
' ഇനി സൂക്കേട്‌ മാറീട്ട് വന്നാല്‍ മതി..'
ലോകത്തോട്‌ ചേര്‍ന്ന് അവളും തന്നെ ഭ്രാന്തനാക്കുന്നു.
'എലിസബത്ത്...'
'പോ , പോ... നല്ലൊരു ഡോക്ടറെ കാണുക...'
'ഇത് പ്രണയത്താല്‍ വന്നത്. നീയെന്നെ ഭ്രാന്തനെന്നു വിളിക്കല്ലേ...'
അവള്‍ വാതില്‍ കൊട്ടിയടച്ചു. ആ ശബ്ദം ചങ്ക് പിളര്‍ക്കുമാറുച്ചത്തില്‍ . എല്ലാം ക്ഷണനേരം കൊണ്ട് തകരുകയാണല്ലോ. ഇതോ പ്രണയം. ഇത് ഉടലുകളുടെ വേഴ്ച്ചയല്ലേ...
അവിടെ നിന്നും നടക്കുമ്പോള്‍ പലതും ഓര്‍മയില്‍ തങ്ങി. അവളുടെ തടിച്ച അരക്കെട്ട്. ചീര്‍ത്ത മുലകള്‍ ... രതി എന്നത് അഴയില്‍ വിരിച്ചിട്ട ആര്‍ത്തവരക്തം പുരണ്ട തുണി പോലെ... എലിസബത്ത്, നീ വെറും ഉടല്‍ ... നീ കാമം തീര്‍ക്കാന്‍ പോന്ന ഉപകരണം. അതിനപ്പുറം നീ ഒന്നുമല്ല.
എലിസബത്തിനെ കണ്ടിട്ടില്ലെന്നും അങ്ങനെയൊരു ബന്ധം ഉണ്ടായിട്ടില്ലെന്നും വിശ്വസിക്കാന്‍ ശ്രമിച്ചു. എത്ര അകറ്റാന്‍ ശ്രമിച്ചിട്ടും അവള്‍ ആത്മാവില്‍ ഒട്ടുന്നു.
കൈകാലുകളില്‍ ചങ്ങല മുറുകി. ബലിഷ്ടമായ കരങ്ങള്‍ മേശമേല്‍ അമര്‍ത്തി പിടിച്ചു. ഷോക്കടിക്കുമ്പോള്‍ തലപിളര്‍ന്നു പാഞ്ഞ ഇടിവാള്‍ . കണ്ണുതുറന്നപ്പോള്‍ അത് ഭ്രാന്താലയമെന്ന് തോന്നിയില്ല. ബൈബിളില്‍ നിന്നും അറിഞ്ഞ മാലാഖമാരുടെ പൂന്തോപ്പ്‌. അവിടെ ശലഭം കണക്കെ അങ്ങനെ പാറി നടന്നു.

തടാകക്കരയില്‍ ചിറകു തല്ലി കരയുന്ന പ്രാവ്. മൂടല്‍ മഞ്ഞില്‍ അവ്യക്തമായ കാഴ്ച. അരികെയെത്തിയപ്പോള്‍ ബോധ്യമായി അത് ആ പ്രാവ് തന്നെ. ഒരിക്കല്‍ അടക്കംചെയ്യപ്പെട്ടത് എങ്ങനെയാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്? എങ്കിലാ വികാരി തന്നെ ചതിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കാഴ്ച കബളിപ്പിക്കുകയോ? കഴിഞ്ഞയാഴ്ച രമണന്റെ പുസ്തക പ്രകാശനം കഴിഞ്ഞു എത്തിയ ശേഷം തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. മാത്രമല്ല ജാവേദിനെ പോലിസ് ലോകപ്പിലിട്ടു ചതച്ച പത്രവാര്‍ത്തയും തന്റെ ചിന്തയെ തകിടം മറിച്ചിട്ടുണ്ട്. ജാവേദിനെ അറസ്റ്റു ചെയ്തതില്‍ പോലീസ് നിരത്തുന്ന ന്യായം അമ്പരപ്പിക്കുന്നതാണ്. വേശ്യാലയത്തില്‍ കയറി മദ്യപിച്ചു ബഹളമുണ്ടാക്കി.
ഒരു കുപ്പി മദ്യത്തിന് ഇരുപുറവും ഇരിക്കുമ്പോള്‍ തരിമ്പും കുലുങ്ങാതെ രമണന്‍ പറഞ്ഞു:
'നമ്മളൊന്ന് കരുതിയിരിക്കുന്നത് നല്ലതാ... ശത്രുക്കള്‍ വേട്ട തുടങ്ങിയിരിക്കുന്നു. ജാവേദ് വേശ്യാലയത്തില്‍ പോകില്ലെന്നുള്ളത് നൂറു ശതമാനം ഉറപ്പ്. അവനെ അപകീര്‍ത്തിപ്പെടുത്തിയ ശേഷം അവന്റെ എഴുത്തിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ പരിണിതി. മദ്യപാനിയും വ്യപിചാരിയുമായ ഒരാളുടെ സമൂഹത്തിലെ ഇടപെടലിനെ അങ്ങനെ താറടിച്ചു കാട്ടാം...'
'പട്ടിയെ പേപ്പട്ടിയാക്കിയാല്‍ പിന്നെയങ്ങു തല്ലികൊല്ലാം...'
'അതെ...'
'മാറിയ കാലത്ത് നമ്മുടെയൊക്കെ ഗതി അതുതന്നെയാവാം... എന്നുവച്ച് നമുക്ക് പിന്തിരിയാന്‍ പറ്റോ...'
ചിലപ്പോള്‍ പ്രാവിന്റെ മടങ്ങി വരവ്, അല്ലെങ്കില്‍ അതുപോലെ ഒന്നിനെ സൃഷ്ടിച്ചു തന്നെ കുടുക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? നടന്നു. അവിടെ തങ്ങുന്നത് അപകടമാണ്. തെല്ലു ചെന്നപ്പോള്‍ കുതിരക്കുളമ്പടി കേള്‍ക്കായി. ഗ്ലാഡ്വിന്‍ നിരത്തിന്റെ എടുപ്പിലേക്കു കയറി. ആ കുതിരവണ്ടി അക്രമിയുടെതാണെങ്കില്‍ എളുപ്പം തന്നെ പിടികൂടാന്‍ ആവില്ല. ഇരുട്ടില്‍ വണ്ടികയറ്റി കൊന്നു എളുപ്പം തള്ളാന്‍ കഴിയും. എന്തുവന്നാലും ചെറുക്കുക. രമണന്‍ നല്‍കിയ കത്തി അരയിലുണ്ടെന്ന്‌ ഉറപ്പു വരുത്തി. ഉള്ളില്‍ രമണനെ ധ്യാനിച്ചു. രമണന്‍ തനിക്കൊരു ബലമാണ്‌.
വണ്ടി അരികെ നിന്നു. അതില്‍ നിന്നും സ്ത്രീശബ്ദം വിളിച്ചു:
'ഗ്ലാഡ്വിന്‍ ...'
എങ്ങോ കേട്ടുമറന്ന സ്വരം. റാന്തലിന്റെ മങ്ങിയ വെട്ടത്തില്‍ ആ മുഖം അവ്യക്തമാണ്. ആരാണവള്‍ ? ബിയര്‍ പാര്‍ലറില്‍ , തെംസിന്റെ കരയില്‍ , ആര്‍ട്ട് ഗ്യാലറിയില്‍ അങ്ങനെ ഒരു മുഖം കണ്ടിട്ടുണ്ടോ എന്ന് തിരഞ്ഞു.
'മിഴിച്ചു നില്‍ക്കാതെ വണ്ടിയില്‍ കയറൂ... ഈ തണുപ്പ് നിന്നെ കൊല്ലും...'
'ഞാന്‍ ചത്താല്‍ നിനക്കെന്ത്? നീ പടിഞ്ഞാറ് പോകുന്നവള്‍ ... ഞാനോ കിഴക്കോട്ടും... പൊരുത്തപ്പെടാത്ത സഞ്ചാരമാണ് നമ്മുടേത്‌...'
'ദിക്കുകള്‍ എങ്ങും അവസാനിക്കുന്നില്ല. സൂര്യന്‍ കിഴക്കും പടിഞ്ഞാറുമുണ്ട്. എന്തുകൊണ്ട് പടിഞ്ഞാറ് പോയി നമുക്ക് കിഴക്കെത്തിക്കൂടാ...'
സംസാരം നീളുന്നതുകണ്ട് വണ്ടിക്കാരന്‍ അസ്വസ്ഥനായി. അത് ഭീകരമായ തര്‍ക്കം ആവുകയും രാപകലുകളിലേക്ക് ആവര്‍ത്തിക്കുകയും. ഒടുവില്‍ ആയുസ്സ് അവിടെ പാഴാവുകയും...
' ദേ തര്‍ക്കം അവസാനിപ്പിച്ചു വണ്ടിയില്‍ കയറണം. അല്ലെങ്കില്‍ രണ്ടും കൂടെ ഇവിടെ നിന്ന് തുലയുക. എനിക്ക് പോണം...'
അവളുടെ കൈപിടിച്ച് വണ്ടിയില്‍ കയറുമ്പോള്‍ പ്രാര്‍ഥിച്ചു. വണ്ടിക്കാരന്റെ ജീവിതം പാഴാവാതിരിക്കാന്‍ . അത് തങ്ങള്‍ക്കു വേണ്ടിയല്ല പുറകെ വരുന്ന സഞ്ചാരികള്‍ക്കായി വണ്ടികള്‍ നിരത്തില്‍ വേണം. അയാളില്ലെങ്കില്‍ സഞ്ചാരങ്ങള്‍ കെട്ടിക്കിടന്നു നരകിക്കും.
കീലിടാത്ത ചക്രങ്ങള്‍ നിരത്തിലുരഞ്ഞു കോറല്‍ വീഴ്ത്തികൊണ്ടിരുന്നു. അപ്പോള്‍ ദിക്കുകളെ മറന്നു. ഈ മൂടല്‍മഞ്ഞിന്റെ രാത്രിയില്‍ എവിടെ ദിക്കുകള്‍ ? ദിക്കുകള്‍ ഇല്ലാതെയാവുക, കാലം സ്വതന്ത്രമാവുക. അങ്ങനെയൊരവസ്ഥയില്‍ മനുഷ്യനെന്തു ചെയ്യും? അവിടെ രണ്ടു സാധ്യതകളുണ്ട്. ഒന്ന്, ചട്ടക്കൂടുകള്‍ തകര്‍ത്ത് യഥേഷ്ടം സ്വാതന്ത്ര്യത്തിന്റെ വീഞ്ഞ് നുകരുക. അല്ലെങ്കില്‍ കാലം വരാന്‍ കാത്തു ശിഷ്ട ജീവിതം തുലക്കാം.
അവള്‍ കുനിഞ്ഞു തകരപ്പെട്ടിയില്‍ നിന്നും മദ്യമെടുത്തു. അവള്‍ ആരെന്നോ അവളുടെ ഉദ്ദേശം എന്തെന്നോ അറിയാത്ത സ്ഥിതിക്ക് ആ മദ്യപാനം ഒഴിവാക്കുകയാണ് ബുദ്ധി. ഒരുവേള മദ്യത്തില്‍ വിഷം കലക്കി തനിക്കു തന്നേക്കും.
'നമുക്കിന്നു കുടിക്കണം. എന്റെ ഗ്ലാഡ്വിന്‍ നിന്നെ ഞാന്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും...'
പെട്ടിയില്‍ നിന്നും പ്രാവിനെ എടുത്തതോടെ ഗ്ലാഡ്വിന്‍ തളര്‍ന്നു.
'എനിക്കിത് സെമിത്തേരിയില്‍ നിന്നും കിട്ടിയതാണ്. നിന്റെ മണം ഉള്ളതുകൊണ്ട് കളയാന്‍ തോന്നീല്ല.
'ദൂരെ കള..'
'ങ്ങാ നിന്നെ ആ ഫാദര്‍ കാണാനിരിക്കയാ... നീയാണ് ദൈവത്തിന്റെ നഗ്നചിത്രം വരച്ചതെന്ന് അയാള്‍ ഇപ്പോഴാ അറിയുന്നത്. '
'അതിനു എനിക്കെന്ത്? എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. ദൈവം ആരുടേം കുടുംഭസ്വത്തല്ലന്നോര്‍ക്കണം...'
'ദൈവത്തിന്റെ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് തെറ്റല്ലേ? അതും സ്ത്രീ രൂപത്തില്‍ ...'
'അതിലെന്താ തെറ്റ്? ഏതു മതം എടുത്താലും ദൈവത്തിനു പുരുഷ വേഷം. ഞാനത് അംഗീകരിക്കില്ല. പുരുഷ ചിന്തകള്‍ ദൈവീകരിച്ചു മനുഷ്യനെ തകര്‍ക്കുന്ന ഏര്‍പ്പാടിന് എതിരാ ഞാന്‍ ....'
' സത്യത്തില്‍ നിന്റെയീ പോക്ക് കാണുമ്പോള്‍ എന്റെ നെഞ്ചില്‍ തീയാ...'
'ദൈവം എന്നത് വിശുദ്ധ പ്രണയമായി കാണുക. പ്രണയത്തിനു ജാതിയോ മതമോ ലിംഗമോ ഇല്ല. പ്രണയം കറുത്തിട്ടോ വെളുത്തിട്ടോ അല്ല. രൂപമില്ലാത്ത പ്രണയത്തെ തുണിയുടുപ്പിക്കാന്‍ ആര്‍ക്കാ കഴിയുക.... '
'എനിക്ക് നിന്നെ ഉള്‍ കൊള്ളാനാവുന്നില്ല.'
'എന്റെ ക്ഷമ പരീക്ഷിക്കാതെ ആ പ്രാവിനെ കളയുന്നുണ്ടോ...'
'നിന്റെ ഓര്‍മ്മക്കായി ഞാനിത് സൂക്ഷിക്കും...'
അത് ബലമായി പിടിച്ചെടുത്തു പുറത്തെറിഞ്ഞു. തുടര്‍ന്ന് നിലവിളിയോടെ അവളുടെ മടിയില്‍ മുഖം ചേര്‍ത്തു. അവള്‍ ഒരു കുഞ്ഞിനെയെന്നോണം തലോടുകയും...
'ഞാന്‍ നിന്നെ ഒരിക്കലും അകറ്റില്ല ..'
അതിനു ഗ്ലാഡ്വിന്‍ മറുപടി പറഞ്ഞില്ല. ആ ശ്വാസം എപ്പോഴേ നിലച്ചിരുന്നു. അതറിയാതെ, തന്റെ വിരല്‍ തുമ്പിലേക്ക്‌ മരണത്തിന്റെ തണുപ്പ് അരിച്ചു കയറുന്നതറിയാതെ അവള്‍ ...
അപ്പോഴും വണ്ടിക്കൊപ്പം എത്താന്‍ പ്രാവ് മഞ്ഞിലും കാറ്റിലും പെട്ട് മുടന്തി കൊണ്ടിരുന്നു...

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, ചങ്ങലകളുടെ പിരാന്തന്‍ കിലുക്കം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക