ശാസനം

ജി ഹിരണ്‍

പുഴകള്‍ താഴോട്ടേയൊഴുകാവൂ !
മിഴിയടര്‍ന്ന്
ചുണ്ടിലൂടിടറി
മാറിലെ ഒതുക്കുകല്ലിന്മേല്‍ച്ചിതറി-
ക്കൂമ്പാളവയറ്റിലെപ്പുല്ലില്‍പ്പരന്നു
പൊക്കിളിന്നിരുള്‍ക്കുഴികളിലുഴറിച്ചാലിട്ടു
ജനിയുടെയഴിമുഖം കടന്നു
സാഗരഗരിമയില്‍ വീണേ
മയങ്ങാവൂ , പുഴ !

നദി മുകളിലേക്കൊഴുകാന്‍ പാടില്ല !

മുറുകെ വാരിപ്പിടിച്ച ,
കുതറുവാനിടതരാത്ത
തിരക്കൈകളെത്തട്ടിയെറിയരുത് .
മണല്‍ത്തിട്ട നല്‍കിയ
നിറനിലാവിന്റെ കണ്ണാടിയും
വെയില്‍പ്പുടവയും മേലി-
ലോര്‍മ്മയില്‍ നിറയ്ക്കരുത്
മഴയിലീറന്‍ കുടത്തണല്‍ ചൂടിച്ച
തരുശിഖരം മനസ്സില്‍ നിവര്‍ത്തരുത് .
കളിചിരിയുമായുരുളത് .
കൈവിട്ട മണലരിപ്പയും പാറക്കഷണവും
എതിരെവന്നുമ്മവെച്ച മീന്‍ കുഞ്ഞിന്‍റെ
ചിറകനക്കവും
മേഘങ്ങള്‍ പോറ്റുന്ന
ചിതല്‍ തൊടാത്ത മഴ വേരുമുണ്ണുവാന്‍
നദികള്‍ മേലോട്ടു വളരുവാന്‍ പാടില്ല !

പലവിധം കല്പനകളിങ്ങനെ പെരുകുന്ന-
തറിയു ന്നതേയില്ല മലയിലെ വന്‍ശില :

പുഴ മടങ്ങി വരുന്നതും കാത്തു കൊ-
ണ്ടുയിരടക്കി പ്പിടിച്ചുകൊ,-
ണ്ടിന്നോളമുടലെടുത്തതാം കല്പനയൊക്കെയും
ശില പിളര്‍ന്നിട്ടേ യുള്ളുവെന്നറിയാതെ ...

    

ജി ഹിരണ്‍ - Tags: Thanal Online, web magazine dedicated for poetry and literature ജി ഹിരണ്‍, ശാസനം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക