പതിവ് കാഴ്ചകള്‍

മെര്‍ലിന്‍ ജോസഫ്‌

തെ ക്ക് വടക്ക് നടക്കാന്‍
മടിച്ചിട്ടെന്നപോലെ
പടിഞ്ഞാറ് നോക്കി നടക്കുന്നു
സൂര്യന്‍

കടലാമ കുഞ്ഞിന്റെ
ആദ്യ ചുവടുവയ്പ്പുകള് പോലെ
വേച്ചും പതുങ്ങിയും
എത്തുന്നു ഓരോ പകലും

വിറ്റും വിലപേശിയും
പരിതപിച്ചും
നീണ്ടു പോകുന്നു
അതിജീവനത്തിന്റെ പാത

അരിമണികള്‍
വേകുന്നപോലെയാണ് ജീവിതം
വേവെത്തും തോറും
മരണത്തിനു പാകമാവുന്നു

മനസ്സ് മരണത്തെപ്പോലെ
പാകത വന്ന തുന്നല്ക്കാരനാണ്,
ഇഴപാകിയും, മുറിച്ചു മാറ്റിയും
മോഹങ്ങള് നെയ്തെടുക്കുന്നു

വേനല് പുതച്ച ചിന്തകള്‍
വേഴാമ്പലിനെ പോലെ...
മഴയും കാത്തു
മാനം നോക്കി അങ്ങനെ....

ചില സ്വപ്നങ്ങള്‍
മണലാരണ്യം പോലെ
നീണ്ടു കിടക്കും
നയിക്കപ്പെടുക മരീചികയിലേക്കും
പിന്നെ ഒരു വിഭ്രാന്തി
ഒരിക്കലും ഒടുങ്ങാത്ത ശൂന്യത.....

നരിച്ചീറുകള്ക്ക് പിന്നാലെ
എത്തുന്ന ഇരുട്ട്
വെയിലിന്റെ ഞരമ്പിനെ
തളര്ത്തിക്കൊണ്ട്
നുഴഞ്ഞുകയറുന്നു

പകലിന്റെ യാത്ര തീരുമ്പോള്‍
ആഴം കുറയാതെ കുറിച്ച് വെച്ച
വരികള്‍ പോലെ
ചില ഓര്മ്മകള്‍
പിന്നെയും ബാക്കിയാവുന്നു

    

മെര്‍ലിന്‍ ജോസഫ്‌ - Tags: Thanal Online, web magazine dedicated for poetry and literature മെര്‍ലിന്‍ ജോസഫ്‌, പതിവ് കാഴ്ചകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക