അഗ്നിശലാകകള്‍

സി. പി. അബൂബക്കര്‍

സൂര്യനെല്ലി ഒരു വൃക്ഷമാണെന്നും
അതില്‍നിറയെ തീക്കായകളാണെന്നും
കാലം മനസ്സിലാക്കിത്തുടങ്ങുന്നു
കാലത്തിനുമപ്പുറം,
എന്നോ എന്നോ പൂത്ത ഒരു പൂവില്‍ നിന്ന്
ചോരയും കണ്ണീര്‍ക്കായകളും
കായ്ച്ചുതുടങ്ങിയപ്പോള്‍
കൊത്തുവാള്‍ച്ചേരികളും
കച്ചേരിമുറികളും
ഇടം വലമറിയാതെ,
കീഴ്‌മേല്‍മറിഞ്ഞു.

തൂക്കുമരങ്ങള്‍ക്കും
പൂത്തമരങ്ങള്‍ക്കും കീഴെ
ധര്‍മ്മപുരാണമെഴുതിയ
നിയമദുര്‍ഗ്ഗങ്ങള്‍
ശൗചകര്‍മ്മത്തിനായി
കറന്‍സിയെടുത്തു വാതിലടച്ചുനിന്നു.

വസന്തമേ വസന്തമേ
നിന്റെ പൂക്കള്‍ക്ക്
അഴുകിയതീട്ടത്തിന്റെ ഗന്ധം
മലയാളിയുടെ മൂക്കടപ്പായി
നീയെന്തിനു വീണ്ടും?

നാക്കിലയില്‍ വിളമ്പി
നാല്പതുപേര്‍ ഭുജിച്ച
മഹാസദ്യയില്‍
രാജകുമാരന്‍ വന്നെത്തിയത്
ഏത് രോമാഞ്ചത്തിലെന്നോ?

സൂര്യനെല്ലിയിലെ വൃക്ഷം
ഇപ്പോള്‍ തൂകുന്നത് കണ്ണുനീരല്ല
അതില്‍തൂങ്ങിനില്ക്കുന്ന
തീക്കായകള്‍ പിളര്‍ന്ന്
അഗ്നിശലാകകള്‍ പാറുകയാണ്.
നിയമശാലകള്‍ക്കും
നീതിപീഠങ്ങള്‍ക്കും മുകളിലൂടെ
അവ പറന്നുനടക്കുന്നുണ്ട്.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, അഗ്നിശലാകകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക