പിസ്കോണിയ മസ്കു

ഹരിശങ്കര്‍ കര്‍ത്താ

നിനക്ക് മനസിലാകരുതെന്ന് എനിക്ക് വാശിയൊന്നുമില്ല,
ഒരു പക്ഷെ നീ ഒരു ഉഭയ ജീവി മാത്രം ആയതിനാലാകാം
ഞാന്‍ എഴുതുന്ന രചനകള്‍ നിനക്ക് ആകാശങ്ങളെ കുറിച്ചുള്ള സ്വപ്നം പോലെ തോന്നുന്നത്,
നിന്റെ നയതന്ത്രസംഘത്തിനു സ്വര്‍ഗത്തിനും ഭൂമിയ്ക്കുമിടയില്‍ ഒരു ആസ്ഥാനമില്ല.

ഇതു മദ്യമാണ്, അതു സിഗരറ്റാണ്, നമ്മള്‍ സുഹൃത്തുക്കളാണ് എന്നൊക്കെ
പറയുന്ന പോലെ ഉള്ള ഒരു ഏര്‍പ്പാടല്ല കവിത
കുറഞ്ഞ പക്ഷെ എന്റെ കവിതകള്‍

...അതു പിസ്കോണിയ മസ്കുവില്‍ നിന്നും വരുന്നു
അതു പിസ്കോണിയ മസ്കുവില്‍ നിലനില്‍ക്കുന്നു
അതു പിസ്കോണിയ മസ്കു തന്നെ ആകുന്നു...
(ആമേന്‍)

നീ പിസ്കോണിയ മസ്കു എന്ത് എന്നു ചോദിക്കുന്നു
പക്ഷെ എന്തിനു?
നീ അങ്ങോട്ടേക്ക് പോകാന്‍ പോകുന്നോ?
അതിനു നിനക്ക് പാസ് പോര്‍ട്ട് ഉണ്ടോ?
ഉണ്ടെങ്കില്‍ തന്നെ യാത്രയ്ക്കായ് പണം ഉണ്ടോ?
രാഷ്ട്രങ്ങള്‍ക്കിത്രയും ഭ്രാന്ത് പിടിക്കുന്നതിനു മുന്നെ നിലനിന്നിരുന്ന എരപ്പാളികളുടെ ദേശാടനം അവസാനിച്ചിരിക്കുന്നു.
ദേശാടനക്കിളികള്‍ കരയാറില്ല എന്നതൊരു ചലച്ചിത്രത്തിന്റെ പേരു മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.

നിനക്ക് ശര്‍ദ്ദിക്കണമെന്നോ?
നിനക്കിതിന്റെ അവസാനമറിയുന്നതിനു മുന്നെ ബോധരഹിതനാകണമെന്നോ?
നിനക്കെന്റെ വാക്കുകളെ അവഗണനയുടെ കൊടുങ്കാറ്റില്‍ ഊതിക്കെടുത്തണമെന്നോ?

(പിസ്കോണിയാ മസ്കു...പിസ്കോണിയാ മസ്കു...ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഞാനറിയുന്നില്ല, എനിക്ക് ബോധമില്ല, ഇവനോട് പൊറുക്കേണമെ...)

നീ ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചു, മദ്യപിച്ചു, എന്റെ അമ്മയ്ക്ക് പറഞ്ഞു...
പക്ഷെ ഒരിക്കലെങ്കിലും പിസ്കോണിയ മസ്കുവിനെ തമസ്കരിക്കാന്‍ കഴിഞ്ഞില്ല

എന്റെ തലയില്‍ നീ ശര്‍ദ്ദിച്ചു
നമ്മുടെ സൌഹൃദത്തിനു അര്‍ദ്ധവിരാമമായ്
നമ്മള്‍പിണങ്ങി
നീ എന്റെ കവിത പുസ്തകം കത്തിക്കാനായ് ഓടിപ്പോയ് എവിടെയോ വീണു പോയ് ഉറങ്ങി...

ഞാനോ?

ചെവിയില്ലാത്ത രാവെ,
ഇരുട്ടെ,
പ്രാകാശവര്‍ഷങ്ങള്‍ക്കകലെ പാറിക്കളിക്കുന്ന രാക്ഷസതൈജസ കീടങ്ങളെ,
പിസ്കോണിയ മസ്കുവിന്റെ പറ്റി നിങ്ങളോട് ഞാന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നോ?
ഞാന്‍ വാക്കുകളെ വഴിയിലെറിഞ്ഞു കളയാന്‍ ഉദ്ദേശിക്കുന്നില്ല,
അതത്രയും രത്നങ്ങളത്രെ,
എവിടെ സൂകരപ്പരിഷകള്‍?

അതൊക്കെ കൊണ്ട്
എനിക്ക് ചെറുതായൊന്ന് മരിക്കണം,
ഗുഡ് നൈറ്റ്.

(ഇനി,ഉറക്കത്തിനും അബോധത്തിനുമിടയില്‍ തുപ്പിയ അജ്ഞാനധാര)

നാളെ പുലരിയില്‍ എന്റെ സുഹൃത്തിന്റെ കാശു കൊണ്ട് പുട്ടും കടലയും കഴിക്കവെ
ചായയില്‍ ഈച്ചയുടെ മൃതശരീരമായ് അവതരിച്ചു
പിസ്കോണിയ മസ്കു പറയും,
“വരൂ ഈ ഭോജനശാലയ്ക്ക് പിറകിലെ ശൌചാലയം കാണൂ”

അതത്രെ ഈ വികൃതരാവിന്റെ ഭരത വാക്യം, എന്റെ

    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, പിസ്കോണിയ മസ്കു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക