ജീവിതപ്പുസ്തകം

അരുണ്‍ ഗാന്ധിഗ്രാം

വെട്ടിത്തിരുത്തിയും
താളുകള്‍ കീറിയും
കാലമെഴുതുന്നെന്റെ
ജീവിതപ്പുസ്തകം.

ഇപ്പേജു തീരുമ്പോള്‍
കഴിയുമെന്നോര്‍ക്കവേ
ഒരു താളു കൂടി-
ത്തുറപ്പൂ നിരന്തരം.

"ഇതുകൂടിയിതുകൂടി-"
യെന്നു ചൊല്ലുന്ന പോല്‍
ഒരു പാഠമെന്നും
വരയ്ക്കുന്ന പുസ്തകം.

എഴുതിക്കഴിഞ്ഞെന്നു
തോന്നുമ്പൊ"ളവസാന
വരികൂടി, നില്‍ക്കു-"
വെന്നരുളുന്ന പുസ്തകം

"ഇതു ഞാന്‍ പഠിച്ചതാം
പാഠ"മെന്നവസാന
നാളിലും പറയുവാ-
നനുവദിച്ചീടാതെ,

വെട്ടിത്തിരുത്തിയും
താളുകള്‍ കീറിയും
മരണമെത്തുമ്പൊഴും
തുടരുന്ന പുസ്തകം.

    

അരുണ്‍ ഗാന്ധിഗ്രാം - Tags: Thanal Online, web magazine dedicated for poetry and literature അരുണ്‍ ഗാന്ധിഗ്രാം, ജീവിതപ്പുസ്തകം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക