മാന്‍പേട

ബഷീര്‍ മേച്ചേരി

കാട്ടിലേക്ക്
തിരിച്ചുപോയില്ല
വേടനോടൊപ്പം
കടല്‍ തീരത്തും
പാര്‍ക്കിലും
കറങ്ങിനടന്നു
നഖംകൊണ്ട
മുറിപ്പാടുകള്‍
ചായംതേച്ചു
മായ്ച്ചിരുന്നു
കണ്ണില്‍ തളംകെട്ടിയ
ജലം
കാറ്റ് ഒപ്പിയെടുത്തിരുന്നു
തൊണ്ടയിലടഞ്ഞുപോയ
വിലാപം
മധുരഗാനത്താല്‍
മൂടിയിരുന്നു
കീറിപ്പറിഞ്ഞ
നഗ്നദേഹം
പട്ടുവസ്ത്രം
പുതപ്പിച്ചിരുന്നു
കാലടികളും
നിഴലുമില്ലാത്ത
ഉടല്‍രൂപം
കാഴ്ചകളുടെ
പറുദീസയായി
കല്ലേറ് കൊണ്ട്
കണ്ണുപോയ
സ്വപ്‌നങ്ങള്‍
വേടന്റെ വിരലുകളില്‍
മോതിരക്കല്ലുകളായി.........

    

ബഷീര്‍ മേച്ചേരി - Tags: Thanal Online, web magazine dedicated for poetry and literature ബഷീര്‍ മേച്ചേരി, മാന്‍പേട
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക