ശരീരത്തിന്റേയും മനസ്സിന്റേയും യാത്രകള്‍

ഡോ. കെ. എം. ജയശ്രീ,


മുറിവേറ്റവരുടെ യാത്രകള്‍( നോവല്‍)
ചിന്ത പ്രസിദ്ധീകരണം
വില- 135 രൂപ.
(സി. പി. അബൂബക്കറിന്റെ മുറിവേറ്റവരുടെയാത്രകള്‍ എന്ന നോവലിനെമുന്‍നിര്‍ത്തി ചിലനിരീക്ഷണങ്ങള്‍. )

തൃഷ്ണാപൂര്‍ണ്ണമായ അന്വേഷണത്തിന്റെ ചലനമാണ് യാത്ര. യാത്ര ജീവജാലങ്ങളുടെ പ്രകൃതമാണ്. ചലനം ദ്രവ്യത്തിന്റെ അടിസ്ഥാനഗുണമായിരിക്കെ, അന്വേഷണത്തിനുവേണ്ടിയുള്ള ചലനം മനുഷ്യവംശത്തിന്റെ അടിസ്ഥാനപ്രകൃതമാണ്. ഒരാള്‍ നടത്തുന്ന ഭൗതികയാത്രകള്‍മാത്രമല്ല, അയാളുടെ മനസ്സിന്റെസഞ്ചാരവും സാഹിത്യത്തിന്റെ ഭാഗമാകുന്നു. അഥവാ, മാനസികസഞ്ചാരങ്ങളാണ് സാഹിത്യത്തിന്റെ വിഷയമെന്നു പറയുന്നതാവും ശരി. ഭൗതികവും ആത്മീയവുമായ ഒരുപാട് യാത്രകളുണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യവംശത്തിന് ഒരുചരിത്രമുണ്ടാകുമായിരുന്നില്ല.

പ്രകൃതത്തിലുള്ള കൃതിയില്‍ സി. പി. അബൂബക്കര്‍ ആവിഷ്‌കരിക്കുന്നത് മുറിവേറ്റവരുടെയാത്രകളാണ്. ഇവിടെ നോവലിസ്റ്റ് തന്റേയും, ഒരുപക്ഷേ, അന്യരുടേയും യാത്രകള്‍ സ്വന്തം മനസ്സിനാലെ നടത്തുകയാണ്. ജീവിതമെന്നാല്‍ അനുസ്യൂതമായ ഒരു പ്രവാഹവും നിരന്തരമായ യാത്രയുമാണ്. യാത്ര രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരുദേശത്തെ ജനങ്ങളുടെ കഥയാണ് ഈ നോവലില്‍ പറയുന്നത്. അതിനു യോജിച്ച ഭൂമികയാണ് നോവലിസ്റ്റ് തെരഞ്ഞെംടുത്തിരിക്കുന്നത്. പുതുപ്പണമെന്ന പ്രദേശത്തിന്റെ പഴയപേരു മാത്രമല്ല, ചീനംവീട്. ചീനക്കാരും അറബികളും റോമക്കാരും യവനന്മാരുമായ യാത്രക്കാര്‍ ഓരോകാലത്ത് ഇവിടെ താവളമാക്കിയിരുന്നു. അവരുടെ കുതിരലായങ്ങളും സ്വര്‍ണസംഭരണശാലകളും വീട്ടുപേരുകളിലൂടെയും സ്ഥലപ്പേരുകളിലൂടെയും ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു. ഈ പൈതൃകത്തിന്റെ ഗരിമയും മാധുര്യവും ഇടകലര്‍ന്ന് നോവലിലെ അദ്ിധ്യായങ്ങള്‍ വായനക്കാരനെ ചരിത്രത്തിലേക്കും സമൂഹരൂപീകരണത്തെ പറ്റിയുള്ള മിത്തുകളിലേക്കും കൊണ്ടുപോവുന്നു.

ചീനംവീട് കേവലമായ ഒരു ചരിത്രഭൂമികയല്ല. നാനാജാതിമതങ്ങള്‍ക്ക് സ്വര്‍ഗ്ഗമായിരുന്നു ഇവിടം. ഫലപുഷ്ടമായ പ്രകൃതിയും സുഗന്ധപൂരിതമായ പ്രണയവും ഈ ദേശത്തിന്റെ ചരിത്രത്തിനുണ്ട്. സഹനത്തിന്റേയും സമരത്തിന്റേയും കഥപറയാനുണ്ട്, ചീനംവീടിന്. നീതിബോധം മനസ്സിലലിഞ്ഞുചേര്‍ന്ന മായന്‍മുസലിയാരുടേയും അസ്സന്‍കുട്ടിമുസലിയാരുടേയും ആണ്ടിമാസ്റ്ററുടേയും അസ്സന്‍കുട്ടിയുടെപാര്‍ട്ടിയുടേയും ജീവദേശമാണത്. പ്രണയനഷ്ടത്തില്‍ അലിഞ്ഞില്ലാതായ കുഞ്ഞിബിയും മരണപര്യന്തം അവളുടെ അദൃശ്യനായ കാവലാളായി ഖബറിന്‍പുറത്തെ ചന്ദനമരത്തണലുകള്‍ക്ക് കീഴില്‍ സ്വയംനിര്‍മിച്ചഗുഹയില്‍ അഭയം കണ്ടെത്തിയ ആറ്റയെന്ന ശിവശങ്കരനും ഇവിടെയുണ്ട്.

അറിവും അലിവും പ്രകൃതിബോധവുമായിരുന്നു മായന്‍മുസലിയാരേയും മേമത്ത് പരമേശ്വരന്‍നമ്പൂതിരിയെയും യോജിപ്പിക്കുന്ന ഘടകം. മനുഷ്യവംശത്തിന് ക്രമത്തില്‍നഷ്ടമായിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ ആള്‍രൂപങ്ങളായിരുന്ന രണ്ടുമഹാമനുഷ്യരുടെ വാര്‍ഷികസംഗമങ്ങളിലൂടെ വയനാടും ചീനംവീടും അനുഗൃഹീതമായിത്തീരുന്നു. എല്ലാ അറിവും മനുഷ്യനുള്‍പ്പെടെ എല്ലാജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് രണ്ടുപേര്‍ക്കുമറിയാം. ഈ സംഗമങ്ങളില്‍ മതവുംദര്‍ശനവും കവിതയും സംഗീതവും വൈദ്യവും എല്ലാമുണ്ടായിരുന്നു. അവര്‍ക്കും ജീവിതം സമ്മാനിച്ചത് മുറിവുകളാിരുന്നു. ചീനംവീടുള്‍പ്പെടെ എല്ലാ ജനപദങ്ങളിലും ഛിദ്രവാസനകളും ശിഥിലീകരണപ്രവണതകളും തലപൊക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മായന്‍മുസലിയാര്‍കിതച്ചുകൊണ്ട് മനുഷ്യരോട് പറയുന്നത്:

'മനിശന് രണ്ടുചോരാള്ളൂ. ഉദിച്ചുയരുന്നസൂര്യനെപ്പോലെ്; ചെറുപ്പത്തിന്റെചോര, , അസ്തമിക്കുന്ന സൂര്യനെപ്പോലെ ബയസ്സ,ിന്റെചോര ്'

ഈ നോവലില്‍ സംഭവങ്ങള്‍ ഋജുവായ ഒരുരേഖീയ കാലത്തിലല്ല സംഭവിക്കുന്നത്. മനുഷ്യന്റെ അറിവും ജീവിതവുമെന്നപോലെ ചരിത്രവും വര്‍ത്തമാനവും മിത്തുകളും സങ്കല്പവുമെല്ലാം ഇഴപിരിഞ്ഞുനില്ക്കുകയാണ്. സൂഫിസംഗീതജ്ഞന്മാരെ അനുസ്മരിപ്പിക്കുന്നവിധത്തില്‍ വളപ്പില്‍മൂസ പറയുന്നതുപോലെ' മനുഷ്യര്‍ ആവശ്യപ്പെടുന്നയിടങ്ങളില്‍ അവര്‍ക്കുവേണ്ടിപാടുകയാണ് വേണ്ടത്'. ഇതാണ് സംഗീതജ്ഞന്റെ ധര്‍മ്മം, ഓരോ തൊഴില്‍ വൈദഗ്ധ്യത്തിന്റേയും ധര്‍മമിതാണ്. നോവലിസ്റ്റിന്റേയും ധര്‍മം ഇതുതന്നെ. അല്ലെങ്കില്‍ എന്തിനാണ് ജനജീവിതത്തിന്റെ പ്രശ്‌നങ്ങളിലിടപെടുന്ന മനുഷ്യരുടെ സംരക്ഷകനായി അമാനത്തുക്ക നാടുകളിലും നഗരങ്ങളിലുമെത്തിച്ചേരുന്നത്? ലോകത്തിലെഏറ്റവും മനോജ്ഞമായ ശബ്ദവും ഏറ്റവും വൃത്തിഹീനമായ ശബ്ദവും മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞ യോഗിതുല്യനായ ഈ മനുഷ്യന്‍ തമിഴകത്തും മലയാളദേശത്തും രാമമൂര്‍ത്തിമാരേയും അസ്സന്‍കുട്ടിമാരേയും തുണയ്ക്കുവാനെത്തുന്നത് മനുഷ്യചരിത്രത്തിലെ സഞ്ചിതമായ അലിവ് ഉള്‍ച്ചേര്‍ന്നതുകൊണ്ടുതന്നെയാണ്.

അതുകൊണ്ടുതന്നെയാണ് വഞ്ചിക്കൂടോരത്ത് കുഞ്ഞിമായന്‍ തലശ്ശേരിയിലെ തെരുവുകളില്‍ ജനങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപംചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതേവികാരംമൂലമാണ് അമാനത്തിന്റെ പ്രപിതാമഹനായ വേറൊരമാനത്ത് ബ്രിട്ടീഷ്‌കോട്ടയില്‍നിന്ന് ആയുധം കേവര്‍ന്നെടുക്കുന്നത്. ധര്‍മടം ദ്വീപില്‍ ഡെന്‍വര്‍ സായ്പിനെ വെടിവച്ചുകൊല്ലാന്‍ മനുഷ്യരെപ്രേരിപ്പിക്കുന്നതും ഇതേ ചോദനയാണ്. ശുദ്ധികര്‍മം ( വുളു) നിര്‍വഹിക്കാനുള്ള ജലസംഭരണിയില്‍ ( ഹൗള്) വെള്ളംകോരിനിറയ്ക്കുകയെന്നദൗത്യം സ്വമനസ്സാലെ ചെയ്യാന്‍ ധനികനും തറവാടിയുമായ കമ്മാട്ടിയാക്ക നിയോഗമേറ്റെടുക്കുന്നതും ഇതുകൊണ്ടുതന്നെ. ചെത്തുതൊഴിലാളികളുടെ ദുരിതങ്ങളില്‍ കണ്ണീരണിയുന്നതിനു പകരം അവരെ പോരാട്ടത്തിന്റെ വീഥിയിലേക്കുനയിക്കാന്‍ അസ്സന്‍കുട്ടിക്കുപ്രേരണയായതും ഇതുതന്നെ. ജാതുിഭേദമെന്യേ കുട്ടികളെ കായികവും ലിഖിതവുമായ വിദ്യാഭ്യാസംചെയ്യിക്കാന്‍ ആണ്ടിമാസ,്റ്റര്‍ സന്നദ്ധനാവുന്നതും ഇതേചോദനമൂലമാണ്. ഈ വികാരത്തിന് ചിലര്‍ അലിവെന്നു പറയുന്നു, ചിലര്‍സ്‌നേഹമെന്നും.

എന്താണ് സ്‌നേഹം? പരസ്രസഹകരണമെന്ന ഭൗതികാവശ്യത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണതെന്ന് ഭൗതികവാദി പറയും. ശരിയാവാം, തെറ്റാവാം. കാരുണ്യത്തിന്റെപരമമായ പ്രകാശനമാണത്. സ്ത്രീപുരുഷപ്രണയത്തിലും അന്യോന്യമായ അലിവിന്റെ പ്രാഭവമുണ്ടെന്നാണ് നോവലിസ്റ്റ് വിശ്വസിക്കുന്നത്. അതുകൊണ്ടാവണം ഈ നോവലില്‍ സ്ത്രീപുരുഷപ്രണയത്തിന്റെ അനേകം ആവിഷ്‌കാരമുണ്ടായിട്ടുള്ളത്. മേമവും സാവിത്രിയും, സാവിത്രിയുടെ സഹോദരിയും ഭര്‍ത്താവും, മായന്‍മുസലിയാരും ആമിനയും, ആണ്ടിമാസ്റ്റരും പത്‌നിയും, അസ്സന്‍കുട്ടിമുസലിയാരും ഉമ്മയ്യോമ്മയും, അമാനത്തും ഇക്കാവമ്മയും, കുട്ടിമൂസും പാത്തുമ്മയും, കുട്ട്യാലിയും കുത്സുവും, ശിവശങ്കരനും കുഞ്ഞിബിയും , ആലിക്കുഞ്ഞിയും കുഞ്ഞിബിയും, കമ്മാട്ടിയാക്കയും റ്റബിയും- ഇങ്ങിനെ അനേകംപ്രണയദ്വന്ദ്വങ്ങളുണ്ട്, ഈ നോേവലില്‍. ഇവയുടെ കൂട്ടത്തില്‍ നിറന്നുനില്കുന്നത് ഏതാണ്? എല്ലാം ശ്രേഷ്ഠമായ ബന്ധങ്ങള്‍തന്നെ. കുഞ്ഞിബിയെ ബലാത്കാരമായി പ്രാപിക്കുന്ന ആലിക്കുഞ്ഞിക്കുപോലും പറയാനുണ്ട് അടക്കാന്‍ കഴിയാത്ത, ദമനം ചെയ്യാനാവാത്ത ഒരു പ്രണയത്തിന്റെ കഥ. അയാളുടെ കുറ്റമായിരുന്നില്ല, അയാളുടെ പതനത്തിനു കാരണം, കുഞ്ഞിബിയുടേയും.

നോവലിലെ എല്ലാ കഥാപാത്രങ്ങളും നമ്മുടെ സഹാനുഭൂതി യ്ര്‍ഹിക്കുന്നു, ആരും നമ്മുടെ അനുകമ്പ ആവശ്യപ്പെടുന്നില്ല. അവര്‍ക്കെല്ലാം ശക്തമായ അസ്തിത്വമുണ്ട്, ആത്മവത്തയുണ്ട്. ഈ ആത്മവത്ത ഓരോ കഥാപാത്രത്തിനും ഒരുതരം ഔജ്വല്യം നല്കുന്നുണ്ട്.

ഒരുനേര്‍രേഖയില്‍ വിശദീകരിക്കാവുന്ന ഋജുവായ കഥയല്ല നോവലിന്റേത്. ഏതാണ്ട് 130 കൊല്ലക്കാലത്തെ ചരിത്രംനോവലിന് ചരിത്രത്തിന്റെപരിവേഷം നല്കുന്നുണ്ട്. ടിപ്പുസുല്‍ത്താന്റെ കാലം കഴിഞ്ഞയിടയിലാരംഭിക്കുന്ന ആ ചരിത്രം, 1857ലെസ്വാതന്ത്ര്യസമരത്തിലൂടെ, ഖിലാഫത്തിലൂടെ, ഗാന്ധിജിയിലൂടെ മലബാര്‍ കലാപത്തിലൂടെ അസ്സന്‍കുട്ടിയുടെപോരാട്ടങ്ങളിലൂടെ വിമോചനലഹളയിലൂടെ വര്‍ത്തമാനകാലത്തിലേക്ക് സഞ്ചരിക്കുന്നു. ചരിത്രത്തിന്റെ തീക്ഷ്ണമായൊരന്തര്‍ധാര ഈ നോവലിലുടനീളം കാണാവുന്നതാണ്. അതേസമയം മായന്‍മുസലിയാരുടെ രംഗപ്രവേശം ഒരുകെട്ടുകഥയുടെ മായികരൂപത്തിലാണവതരിപ്പിക്കുന്നത്. വലിയ മീന്‍പിടിക്കാന്‍ പോയ വലക്കാരന്‍ മൊയ്തീന്റെ വള്ളത്തിലേക്ക് പ്രകൃതിയുടെ കരങ്ങളിലൂടെ വന്നെത്തുകയാണ് മായന്‍. സ്രാങ്ക് നാണുവിന്റെ ഇരിപ്പിടത്തിലിരുന്നു തുഴയുന്ന തുഴക്കാരന്‍ മായന്‍ ആര്‍ക്കും അപരിചിതനല്ല. വളരെ സ്വാഭാവികമായി പക്ഷികള്‍ ചേക്കേറുന്ന ചേക്കാലിച്ചി പുരയിടത്തിലേക്ക് മായന്‍ ചെന്നുചേരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ളൊരഗാധബന്ധമാണ് മായനിലൂടെ, മേമത്തിലൂടെ ഈനോവലിസ്റ്റ് സാധിക്കുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ ഭൗതികവും ആത്മീയവുമായ തലങ്ങളുടെ സാത്മീകരണം ഈ നോവലില്‍ കാണുന്നു.

ഇവിടെനേവലിന്റെ ഇഴനീര്‍ത്തി വിവരിക്കേണ്ടതില്ല. വലിയ പഠനമര്‍ഹിക്കുന്ന ഒരുകൃതിയാണിതെങ്കിലും ഹ്രസ്വമായ രു നിരൂപണത്തില്‍ അതിനുള്ള സാധ്യത വിരളമാണ്. സാര്‍ത്ഥകമായ ഒരുരചനയാണ് സി. പി. യുടെ ഈ നോവല്‍. ചരിത്രത്തേയും സമൂഹത്തേയും കുറിച്ചുള്ള തന്റെ അറിവ് ഈ നേവലിലൂടെ ലാവണ്യവത്കരിച്ചിരിക്കുകയാണ് കവിയും അദ്ധ്യാപകകനും ചരിത്രപണ്ഡിതനുമായ നോവലിസ്റ്റ്. ഹൃദ്യവും എന്നാല്‍ ഗരിമയാര്‍ന്നതുമാണ് സി. പി. യുടെനോവല്‍ രചനാശൈലി. കാവ്യമനോഹരമാണത്.

'വിനിമയത്തിന്റെ പുതുമാര്‍ഗ്ഗം തേടുകയാണ് നോവല്‍' എന്ന പി. കെ. രാജശേഖരന്റെനിരീക്ഷണം ബലപ്പെടുത്തുന്നൊരു രചനയാണിത്. മാധ്യമത്തിന്റെ വെല്ലുവിളിയാണ് നോവലിസ്റ്റ് നേരിടുന്ന വലിയവെല്ലുവിളി. വിനിമയസാങ്കേതികവിദ്യയുടെ വിസ്‌ഫോടകമായ പശ്ചാത്തലത്തില്‍ സ്ഥലകാലസങ്കോചത്തിലൊതുങ്ങിനില്ക്കാന്‍ നോവലിസ്റ്റിനു കഴിയുന്നില്ല. അതുകൊണ്ട് നോവല്‍ കാലത്തേയുംസ്ഥലത്തേയും ധിക്കരിക്കുന്നു. ഉത്തരാധുനിക നോവലിസ്റ്റിന്റെ ഈ ധര്‍മ്മ സങ്കടം ഈ നേവലിസ്റ്റും അനുഭവിക്കുന്നുണ്ടാവണം. ഗോവര്‍ദ്ധന്റെ യാത്രകളില്‍ ആനന്ദും വ്യാസനും വിഘ്‌നേശ്വരനും എന്നകൃതിയില്‍ മുകുന്ദനും നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ച ഈ പ്രശ്‌നം മുറിവേറ്റവരുടെ യാത്രകളില്‍ ഈ നേവലിസ്റ്റും നേരിടുന്നുണ്ട്. രചനയുടെ പ്രശ്‌നം ഏതുസാഹിത്യരൂപത്തിലും സനാതനമായ ഒരുപ്രശ്‌നവുമാണ്. പൂര്‍ണ്ണമായ വിനിമയം സാധ്യമാവുമ്പോള്‍ എഴുത്ത് അസാധ്യമാവുമെന്നുതോന്നുന്നു. വിനിമയവും എഴുത്തും തമ്മിലുള്ളൊരുസംഘര്‍ഷമാണ് ഏതുകൃതിയിലും എഴുത്തുകാര്‍നേരിടുന്നത്. വിനിമയത്തിന്നായി എഴുത്തില്‍വെള്ളംചേര്‍ക്കാന്‍ നല്ല എഴുത്തുകാര്‍തയ്യാറാവുകയില്ല. അപ്പോഴാണ് രൂപത്തിലുള്ള പരീക്ഷണങ്ങള്‍ സാര്‍ത്ഥകമാവുന്നത്.

കവിത്വവുംപ്രണയവും ഉന്മാദവും സമാനാവസ്ഥകളാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. കവിതയും പ്രണയവും ചിലരെയെങ്കിലും ഉന്മാദികളാക്കിയിട്ടുമുണ്ട്. ഉന്മാദത്തിന് ആര്‍ജ്ജിക്കാനാവാത്തരൂപമില്ല, കടന്നുചെല്ലനാവാത്ത ദുര്‍ഗ്ഗവുമില്ല. മനോഹരമായ ഗസലുകളും പ്രണയകവിതകളും രചിച്ചിരുന്ന മായന്‍മുസലിയാരുടെമകള്‍ പ്രണയനഷ്ടത്തെതുടര്‍ന്ന് ഉന്മാദിനിയായിത്തീരുന്നു. മഹാപണ്ഡിതനും ഭിഷക്കുമായ ശിവശങ്കരന്‍ പ്രണയനഷ്ടം മൂലം തണുപ്പന്വേഷിച്ച് ഉന്മാദത്തിന്റെ പര്‍വതതലങ്ങളിലൂടെ ആശ്രമങ്ങളും വിഹാരങ്ങളും തേടി അവസാനം പള്ളിപ്പറമ്പിന്റെ ചന്ദനചാരുതയില്‍ അഭയം കണ്ടെത്തുന്നു. നോക്കൂ, അവസാനം പ്രാണപ്രിയയുടെ സാമീപ്യത്തിലാണയാളെത്തുന്നത്. ശരീരത്തെ അവഗണിച്ച്, ആത്മാവിനെ ബലവത്താക്കുന്നവിദ്യ ഈ ഉന്മാദി സ്വായത്തമാക്കുന്നു. അയാള്‍ നോവലിന്റെ മനസ്സാക്ഷിയും ബോധവുമായിത്തീരുന്നു.

ഈ നോവലിന്റെ ആഖ്യാനം ആരാണ് നിര്‍വഹിക്കുന്നത്? അമാനത്തുക്കയാണോ, അഷറഫാണോ? അതല്ല എഴുത്തുകാരനാണോ? എഴുത്തുകാരനൊരിടത്തും നേരിട്ടുവന്ന് സംസാരിക്കുന്നില്ലെന്നതാണ് ഈ നോേവലിന്റെ മേന്മ. സത്യത്തില്‍ അമാനത്തുക്ക പറയുന്നതുപോലെ പക്ഷികളും കാറ്റുകളുമാണ് ഈ കഥ പറയുന്നത്. അരൂപിയായ കാറ്റുകളിലൂടെ, പക്ഷികളുടെ ചില.യ്ക്കലുകളിലൂടെയാണ് ്അമാനത്തുക്ക സംഭവങ്ങളറിയുന്നത്, മേമത്തിന് ഉള്‍ക്കാഴ്ചയുണ്ടാവുന്നത്.

യാഥാര്‍ത്ഥ്യവും മായാദര്‍ശനങ്ങളും ഇഴപിരിക്കാനാവാത്തവിധം ഇഴുകിച്ചേര്‍ന്ന ഈ നോവലിനെ ആകമാനം ഒരുകാല്പനികചാരുത ചൂഴ്ന്നുനില്കുന്നതായി അനുഭവപ്പെടും. എന്നാല്‍ ഇത് കേവലമായ ഒരുകാല്പനികഭാവനയല്ല. അമാനത്തുക്കയും സദൃശമായ കഥാപാത്രങ്ങളും കടന്നുവന്ന് ചിലപ്പോള്‍ ഈ കാല്പനികത പൊട്ടിച്ച് സത്യബോധമുണ്ടാക്കുന്നുമുണ്ട്. അന്തസ്സാരശൂന്യമായ പൈങ്കിളികാല്പനികത ഈ നോവലില്‍ അല്പവുമില്ല. ജീവിതത്തിന്റെ അന്തര്‍ധാരസ്‌നേഹമാണെന്ന്, കാരുണ്യമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് നോവലിലെ കഥാപാത്രങ്ങള്‍. 'മുറിവേറ്റവരുടെ യാത്രകള്‍' ദേശത്തിന്റെ, ,സംസ്‌കാരത്തിന്റെ, മനുഷ്യന്റെ, വേദനയും സംവേദനവുമാണ്.

ചീനംവീട് എന്ന സൂക്ഷ്മത്തില്‍നിന്ന് മലബാര്‍, കേരളം, മനുഷ്യവംശം ന്നെീ സ്ഥൂലങ്ങളിലേക്ക് വായനക്കാരെ നോവല്‍ കൊണ്ടുുചെന്നെത്തിക്കുന്നു. മനുഷ്യന്റെ അന്ത:ക്ഷോഭങ്ങളുടെ, സങ്കീര്‍ണ്ണബന്ധങ്ങളുടെ , വിചിത്രമായ ജീവിതവ്യാപാരങ്ങളുടെ , ധര്‍മ്മസങ്കടങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍.
മേമത്തിന്റേയും സാവിത്രിയുടേയും അന്തര്‍ധാനം ഈ നോവലിന് ഇതിഹാസതുല്യമായൊരുമാനം നല്കുന്നു. മഹാഭാരതത്തിലെ മഹാപ്രയാണത്തെ ഈ അന്തര്‍ധാനം അ‌നുസ്മരിപ്പിക്കുന്നു. ഭൗതികസമ്പത്തെല്ലാം ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കുമായി ദാനംചെയ്ത്, മേമവും പത്‌നിയും വീടിന്റെ പടിയിറങ്ങി വനത്തിലേക്ക് യാത്രയാവുന്നു. പള്ളിപ്പറമ്പിലെ സുഗന്ധപൂരിതമായ ഗുഹയില്‍നിന്ന് ശിവശങ്കരനും യാത്രയാവുന്നു. നോവലിലുടനീളം വ്യാപിച്ചുനില്ക്കുന്ന പ്രകൃതിബോധത്തിന്റെ ആവിഷ്‌കാരമാണ് നാമിവിടെ കാണുന്നത്.
' സഹ്യപര്‍വതത്തിന്റെ അധിത്യകയില്‍, പടര്‍ന്നു പന്തലിച്ച മഹാവൃക്ഷത്തില്‍ സുഗന്ധംപരത്തുന്ന ഇലകള്‍ക്കിടചയില്‍മൂന്ന് പക്ഷികള്‍ ചേക്കേറി.

മൗനം ഭഞ്ജിച്ച് ചിറകനക്കി അവ പറന്നകന്നു. മലകള്‍ കടന്ന്, സമുദ്രം കുറുകെ പറന്ന് മേഘങ്ങളിലൂടെ അവ ഉയര്‍ന്നു. നക്ഷ്ത്രങ്ങള്‍ അവയെ ഏറ്റു വാങ്ങി.
ആകാശം നിറയെ മേഘങ്ങള്‍ വ്യാപിച്ചു.
ഒരുമഹാവാതം ആഞ്ഞുവീശി.
ഇടിയും മിന്നലും പിണഞ്ഞുനിന്നു.
നീണ്ടുനിന്ന മഴ ഭൂമി ഏറ്റുവാങ്ങി.
പള്ളിപ്പറമ്പ് തണുത്തു.
ഖബറിടങ്ങള്‍ തണുത്തു.
സമുദ്രത്തിനടിയിലെ കൊട്ടാരങ്ങള്‍ തണുത്തു.
'

    

ഡോ. കെ. എം. ജയശ്രീ, -
    Address: കൃഷ്ണപാദം,
    പോസ്റ്റ് സിദ്ധസമാജം,
    വടകര.
    ഫോണ്‍ 9447058622
Tags: Thanal Online, web magazine dedicated for poetry and literature ഡോ. കെ. എം. ജയശ്രീ,, ശരീരത്തിന്റേയും മനസ്സിന്റേയും യാത്രകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക