പ്രണയത്തിന്റെ കടപ്പാട്‌

ഡോ.എം. പി. സലില

പ്രണയത്തിനു പ്രണയത്തോട് മാത്രമേ കടപ്പാടുള്ളൂ. അല്ലെങ്കില്‍ അതാണ്‌
അര്‍പ്പണം. പ്രണയിക്കുന്ന ഒരാള്‍ തന്റെ ആത്മാവിനെ മറ്റൊന്നില്‍
തിരിച്ചറിയുന്നു, അതില്‍ ലയിക്കാന്‍ വെമ്പല്‍ കൊള്ളുകയും… തമ്മില്‍
ലയിച്ചു കഴിഞ്ഞാല്‍ പിന്നെ വിഹ്വലതകളില്ല, അശാന്തിയില്ല, സംസാരം പോലും
ഇല്ല. ഞാനോ നീയോ എന്ന് വേര്‍തിരിവില്ലാതെ ഒഴുകുന്നു. രണ്ടിടങ്ങളില്‍
നിന്നും സഞ്ചരിച്ചെത്തുന്ന നദി ഒന്നായി ചേര്‍ന്നൊഴുകുന്നതു പോലെ. അവിടെ
ജലം ഉണ്ട് എന്നുമാത്രം. നദികള്‍ ഇല്ല. അല്ലെങ്കില്‍ നദി മാത്രം. അത്
തന്നെയാണ് സൂഫിയിലും സംഭവിക്കുന്നത്‌ . സൂഫി തന്റെ ആത്മാവിനെ
പരാശക്തിയില്‍ ദര്‍ശിക്കുന്നു. തുടര്‍ന്ന് അതില്‍ ലയിച്ചടങ്ങാനുള്ള
ആവേശവും… അതിലേക്കുള്ള സഞ്ചാരമാണ് സൂഫിയുടെത്.
സൂഫിസം എന്ന് തുടങ്ങി, എപ്പോള്‍ ഉണ്ടായി എന്ന് ക്ലിപ്തപ്പെടുത്താന്‍
ആവില്ല. മനുഷ്യന്‍ ഉണ്ടായ അന്ന്, അല്ലെങ്കില്‍ ആദ്യമായി മനുഷ്യനില്‍
പ്രണയം പൊട്ടിയ നിമിഷത്തില്‍ സൂഫിസത്തിന്റെ പാത വിടരുന്നു.
സൂഫിസത്തിലേക്ക് ജാലകം തുറക്കുമ്പോള്‍ ശൂന്യതയുടെ ആകാശം… എന്തെങ്കിലും
പറയാം എന്ന് കരുതിയാല്‍ ആ വിഷയം ഈശ്വരനെ പരിചയപ്പെടുത്താന്‍ കഴിയാത്തത്
പോലെ. എന്താണ് സൂഫിസം എന്ന് ചോദിക്കുമ്പോള്‍ ഒറ്റവാക്കില്‍ നമുക്ക്
കിട്ടുന്ന ഉത്തരം, അല്ലെങ്കില്‍ നാം പരിചയപ്പെട്ടത്‌ ദേഹ കാമനകളെ
വെടിഞ്ഞു നിതാന്ത തപസ്സില്‍ ഇരിക്കുക എന്നാണ് . എന്നാല്‍ ദേഹ കാമനകളെ
വെടിഞ്ഞു നിതാന്ത തപസ്സില്‍ ഇരിക്കുന്നവരെല്ലാം സൂഫികളാണോ ?
സൂഫികള്‍ അന്വേഷകരാണ്. അവര്‍ സ്വയം അറിയുന്നവരാണ്.
അപ്പോള്‍ നാം സ്വയം അറിയുന്നവര്‍ അല്ല എന്ന് വരുന്നു. ശരിയാണ്. നമുക്ക്
നമ്മെ അറിയില്ല. മറ്റുള്ളവരെ പോലെ കൈകാലുകള്‍ ഉള്ള നാം, നമ്മെ
വേര്‍തിരിക്കുന്നത് പേരിലൂടെയോ മതത്തിലൂടെയോ ആണ്. എന്നാല്‍ അതു നാം ആണോ?
ഉടലുകള്‍ ഉള്ള നാം, സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നാം ആരാണ്?
ആ ചോദ്യത്തിലൂടെ സഞ്ചരിച്ചു നാം ആരല്ല എന്നറിയുന്നിടത്തല്ലേ പരബ്രഹ്മത്തെ
പ്രാപിക്കുക. അങ്ങനെയാണ് സൂഫിചര്യകള്‍ പിന്തുടരുമ്പോള്‍ ലഭിക്കുന്ന
ഉത്തരം.
സൂഫിസം നിര്‍വ്വചനങ്ങള്‍ക്ക് അതീതമാണ്.ഒരു കുഞ്ഞുപൂവ് വിരിഞ്ഞു
നില്‍ക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കതിന്റെ ഭംഗിയെക്കുറിച്ച്
വര്‍ണ്ണിക്കാനാവും .എന്നാല്‍ ആ കാഴ്ച നിങ്ങളിലുളവാക്കിയ അനുഭൂതി
എങ്ങനെയാണ് നിര്‍വചിക്കാന്‍,വാക്കുകളാല്‍ വര്‍ണ്ണിക്കാനാവുക ?ഒരു മനോഹര
ഗാനം കേള്‍ക്കുമ്പോള്‍ ആ ഗാനത്തിന്റെ വരികളുടെ അര്‍ദ്ധഭംഗി
വര്‍ണ്ണിക്കാനാവും ,രാഗ മേന്മ വാക്കുകളാല്‍
പ്രകീര്‍ത്തിക്കാനാവും.എന്നാല്‍ ആ ഗാനം നിങ്ങളിലുണ്ടാക്കിയ അനുഭൂതി
അവാച്ച്യമല്ലേ?അതുപോലെ തന്നെയാണ് സൂഫിസവും.അത്
നിര്‍വ്വചനങ്ങള്‍ക്കതീതമാണ് .നിഗൂഡവും ഗുപ്തവുമായ ആത്മ ജ്ഞാനമാണ്
സൂഫിസം.അതുകൊണ്ടാണ് സൂഫിസം മിസ്ടിസിസം ആണെന്ന് പറയുന്നത്.
വിശ്വ പ്രസിദ്ധ സൂഫി കവി ജലാലുദ്ദീന്‍ റുമിയുടെ മസ്നവി എന്നാ
ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഒരുകൂട്ടം ഇന്ത്യക്കാര്‍
ഇരുട്ടില്‍ ആനയെ കാണാന്‍ പോയ കഥ വിവരിക്കുന്നുണ്ട്.ആനയെ അവര്‍ ഇരുട്ടില്‍
കൈപ്പത്തികൊണ്ട് തപ്പി നോക്കിയാണ് മനസ്സിലാക്കിയത്.ചെവി തൊട്ടു
നോക്കിയവര്‍ പറഞ്ഞു ആന ഒരു മുറം പോലെ യാണ് ,കാലു തോട്ടുനോക്കിയവര്‍ക്ക്
ആന ഒരു തൂണുപോലെയാണ് എന്നാണു മനസ്സിലായത്.വാല് സ്പര്‍ശിച്ചവര്‍ക്ക് ആന
ചൂലുപോലെയും. ഓരോരുത്തര്‍ക്കും അവരുടെ അനുഭവം വച്ചുനോക്കുമ്പോള്‍ അവര്‍
പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ അവരുടെ അറിവ് സത്യത്തിലുള്ളതിന്റെ ഒരു
ചെറിയ ഭാഗം മാത്രം. അവരുടെ കയ്യില്‍ ഒരു ചെറിയ മെഴുതിരിനാളം
ഉണ്ടായിരുന്നെങ്കിലോ? അവര്‍ക്ക് ആനയുടെ രൂപം പൂര്‍ണ്ണമായി
മനസ്സിലാകുമായിരുന്നു.
നമ്മുടെ ഉള്ളില്‍ ഗുപ്തമായിരിക്കുന്ന അറിവിന്റെ ആത്മ ചൈതന്യമാണ് ഈ
മെഴുതിരിനാളം .അത് ഊതിതെളിക്കാനുള്ള നിതാന്തമായ അന്വേഷണമാണ്
സൂഫിസത്തിന്റെ പാത.ആ പ്രകാശം നമ്മില്‍ തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ
സര്‍വ്വവും ഒന്നാകുന്നു.
    

ഡോ.എം. പി. സലില - Tags: Thanal Online, web magazine dedicated for poetry and literature ഡോ.എം. പി. സലില, പ്രണയത്തിന്റെ കടപ്പാട്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക