അവര്‍ക്ക് വേണ്ടാത്തതൊന്നും എനിക്കും....*

സ്വാതി ജോര്‍ജ്ജ്

അവര്‍ക്ക് വേണ്ടാത്തതൊന്നും എനിക്കും വേണ്ടാത്ത കാലത്ത്..

വെളിച്ചമില്ലാതെ നിഴലുണ്ടാക്കുന്ന
രാജാക്കന്മാരുടെ ഈ കാലങ്ങള്‍ താണ്ടി,
നിഴലുകള്‍ കൊണ്ട് വെളിച്ചം സൃഷ്ടിക്കാന്‍
... വരുന്നൊരു തലമുറയുണ്ടാകും എനിക്ക്.
അന്ന് , ഈ വേനലിനു ചൂടിനിയും കൂടുന്ന കാലത്ത്,
വെയിലത്ത് നില്‍ക്കുന്ന എന്റെ ജനം
തീയിലേക്ക് നടന്ന് കയറും.

സമുദ്രങ്ങളുടെ പേക്കിനാവുകള്‍ക്കുമപ്പുറം
തിരകളുയരുന്ന ആ കാലത്ത്,
സ്വാര്‍ത്ഥത്തിന്റെ മച്ചുകളെ
എന്റെ ജനം വെയില്‍പ്പാടത്ത് തച്ചുടയ്ക്കും

അവര്‍ക്ക് വേണ്ടാത്തതൊന്നും
എനിക്കും വേണ്ടാത്ത കാലത്ത്,
അവര്‍ക്കുമെനിക്കും വേണ്ടാത്തതെല്ലാം
കെട്ടിയേല്‍പ്പിച്ച് ശീലിപ്പിച്ച,
ഞങ്ങള്‍ക്ക് വേണ്ടാത്തവയെല്ലാം
ഒരു കാബ്രി കാഴ്ച്പ്പാടിനിപ്പുറം,
ഏതൊക്കെയോ അഗ്നിപർവതങ്ങളുടെ
തീയാളുന്ന ആഴങ്ങളിലെറിയും

അവള്‍ക്ക് വേണ്ടാത്തതൊന്നും
എനിക്കും വേണ്ടാത്ത കാലത്ത്,
എനിക്കുള്ളതെല്ലാം അവരുടേതുമാകുന്ന കാലത്ത്,
ഞങ്ങളൊന്നിച്ച് ഭൂമിയുടെ പാട്ട് പാടും.
മണ്ണിന്റെ പാട്ട് പാടും.
മഴയുടെ പാട്ട് പാടും.

    

സ്വാതി ജോര്‍ജ്ജ് - Tags: Thanal Online, web magazine dedicated for poetry and literature സ്വാതി ജോര്‍ജ്ജ്, അവര്‍ക്ക് വേണ്ടാത്തതൊന്നും എനിക്കും....*
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക