സുകുമാര്‍ അഴീക്കോട്

അശോക് കുമാര്‍ സി. എം.

നമുക്കായി നിതാന്ത ജാഗ്രതയോടെ ഉണ‍ര്‍ന്നിരുന്ന ഒരു സാംസ്കാരികമനസ്സുണ്ടായിരുന്നു....തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടാൻ ആർജ്ജവവും മേധാശക്തിയുമുള്ളൊരു മനസ്സ്....അതില്ലാതായപ്പോൾ അനാഥത്വത്തിന്റെ ശൂന്യതയറിഞ്ഞു! സ്കൂൾ... ക്ലാസ്മുറിയിൽ ഏകാകിയും നാണക്കാരനു...മായിരുന്ന കറുത്ത് മെല്ലിച്ച പയ്യനു കൂട്ടുകാർ പുസ്തകങ്ങളായിരുന്നു. "വീണപൂവും"...."മഗ്ദലനമറിയ"വുമൊക്കെ ചൊല്ലിപ്പടിച്ച പയ്യൻ 18-ാം വയസ്സിൽ എടുത്താൽ പൊങ്ങാത്ത വിഷയം:"ഭാരതീയ ചിന്തയും ആശാന്റെ വിശ്വവീക്ഷണവും" ആദ്യ പ്രസംഗവിഷയമാക്കി.86-ാം വയസ്സിൽ തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ ഭഗവത്ഗീതപ്രഭാഷണത്തിന്റെ സമാപനസമ്മേളനത്തിൽ അവസാന പ്രഭാഷണം .ആറു പതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണകാലത്ത് ചെയ്തത് പതിനായിരത്തിലേറെ പ്രഭാഷണങ്ങൾ! 28-ാം വയസ്സിൽ"ആശാന്റെ സീതാകാവ്യം"-എന്ന ആദ്യ കൃതിയുമായി സാഹിത്യലോകത്ത് ഉറച്ച കാൽ വെപ്പുകളോടെ കയറിച്ചെന്നു. അവാർഡുകളൊന...്നും കിട്ടാതിരുന്ന ഈ കൃതിയാണു തനിക്കേറ്റവും പ്രിയപ്പെട്ടതെന്നദ്ധേഹം പറയുകയുണ്ടായി.കുട്ടിക്കൃഷ്ണമാരാർ നാമകരണം ചെയ്ത് അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ "ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു"-എന്ന വിമർശനകൃതി വിവാദങ്ങളുടെ വെടിക്കെട്ടുതിർത്തു."തത്വമസി"-അതൊന്നുമതി സുകുമാർ അഴീക്കോടിനെ മലയാളഭാഷയുള്ളീടത്തോളം കാലം ഓർമ്മിക്കപ്പെടുവാൻ.ഏറ്റവും കൂടുതൽ അവാർഡുകൾ...24 അവാർഡുകൾ ലഭിച്ച കൃതിയാണിത്. എഴുത്തുകാരൻ,വാഗ്മി,ചിന്തകൻ,നിരൂപകൻ,സാംസ്കാരികനായകൻ,അദ്ധ്യാപകൻ-വിദ്യാഭ്യാസ വിചക്ഷണൻ,പത്രപ്രവർത്തകൻ-എന്തല്ല,സുകുമാർ അഴീക്കോട്? കുട്ടിക്കാലത്ത് ക്ലാസ്മുറിയിലെന്നപോലെ ജനങ്ങൾക്കിടയിലും ഏകാകിയായിരുന്നു,നമ്മുടെ ഒരേയൊരു "പ്രോഫസ്സർ".അവിവാഹിതനായ സുകുമാർ അഴീക്കോട് പുസ്തകങ്ങളേയും പ്രഭാഷണങ്ങളേയും പ്രണയിച്ചു.1926 മേയ് 26-നു കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ച സുകുമാരൻ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലഭിച്ച ജോലി സാഹിത്യതാൽപ്പര്യം കാരണം വേണ്ടെന്നു വെക്കുകയായിരുന്നു. മുതിർന്നശേഷം താൻ മൂന്നു പ്രസംഗങ്ങളേ കേട്ടിട്ടുള്ളുവേന്ന് വൈക്കം മുഹമ്മദ് ബഷീർ: "ഒന്ന് ഗാന്ധിജി,ഒന്ന് മുണ്ടശ്ശേരി,ഒന്ന് സുകുമാർ അഴീക്കോട്". -"ഇതിലേതാണു മെച്ചം?" "അഴീക്കോടിന്റേതു ബഹുത്ത് ജോർ!" -"എന്താണതിന്റെ പ്രത്യേകത?" "ഘനഗംഭീരമായ സാഗരഗർജ്ജനമാണത്" രണ്ടു പ്രതിഭകളും ഹൃദയങ്ങൾ പങ്കിട്ടിരുന്നു....രണ്ടുപേരും സൈഗാളിന്റെ "സോജാ രാജകുമാരീ...." കേൾക്കാനിഷ്ട്ടപ്പെട്ടു.മാംഗോസ്റ്റീൻ മരച്ചുവട്ടിലെ ചാരുകസേര അനാഥമായപോലെ,മൈക്കിനുമുന്നിൽ അലയടിച്ചിരുന്ന സാഗരഗർജ്ജനവും നിലച്ചു.....2012 ജനുവരി 24-നു മലയാളം വിതുംബി....മലയാളത്തിന്റെ സാംസ്കാരിക മനസ്സാക്ഷിയാണന്ന് കണ്ണടഞ്ഞത്.നിർഭയനായി തനിക്ക് തെറ്റെന്നു തോന്നിയ കാര്യങ്ങൾക്കുനേരെ വിരൽചൂണ്ടിയദ്ധേഹം പ്രതികരിച്ചിരുന്നു.രാഷ്ട്രീയക്കാർ ഭയപ്പെട്ടിരുന്നൊരു വ്യക്തിത്വം....രാഷ്ട്രീയപാർട്ടികളുടെ പിൻബലമില്ലാതെയും ജനസഞ്ചയങ്ങളെ അണിനിരത്തിയ പ്രഭാഷകൻ.ബാബറി മസ്ജിദ് തകർത്ത പ്രക്ഷുബ്ദമായ കാലഘട്ടത്തിലും അതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോൾ പയ്യോളിയിൽ ഒരു സംഘം യോഗം കയ്യേറീയപ്പോഴും തനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞേ ആ നിർഭയൻ വേദി വിട്ടുള്ളു.....ഇനിയെന്ന്? വാമൊഴിയും വരമൊഴിയും മനുഷ്യത്വത്തിന്റെ സാഗര ഗർജ്ജനമാക്കിമാറ്റിയ ഒരു മഹാ പ്രതിഭ! ഊർജ്ജസ്വലമായ 86-ന്റെ ക്ഷുഭിത വാർദ്ധക്യത്തിലും ജാഗ്രതയോടെ നമ്മെ കാത്ത ആ മനുഷ്യത്വത്തിനു മുന്നിൽ ഇന്നീ ജന്മദിനത്തിൽ....ബാഷ്പാഞ്ജലി.....ഗുരുനാഥാ ക്ഷമിക്കണം.....ഹൃദയാഞ്ജലി......
    

അശോക് കുമാര്‍ സി. എം. - Tags: Thanal Online, web magazine dedicated for poetry and literature അശോക് കുമാര്‍ സി. എം., സുകുമാര്‍ അഴീക്കോട്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക