മയില്‍പ്പീലി

സന്ധ്യാ ജോസ്

ആഴിതന്നാഴത്തിലെന്നപോലെ,
ആര്‍ക്കും തുറക്കാതടച്ചവാതില്‍
ആദ്യമായ് മുട്ടിത്തുറന്നു നീയെന്‍
ആത്മാവിലെന്നോ പറന്നുവന്നു.

അവിവേകമാണോ, കിനാവുതന്റെ
അറിയാത്തറകള്‍ തുറന്നതാണോ?
അറിയാതെയെങ്ങാനറിഞ്ഞുപോയാല്‍
അറിവുള്ളോരെല്ലാം പഴിക്കുകില്ലേ?

അംബരം കാണാതെ കാത്തുവെച്ച,
സുന്ദരമാം മയില്‍പീലിപോലെ,
അന്തരംഗത്തിന്റെയുള്ളിലെന്റെ,
സന്ദതചാരിയായ് നീയിരുന്നു

ആളാറിഞ്ഞില്ലാ, നിനക്കുപോലും
ആയതില്ലീമനമെന്നറിയാന്‍
ആര്‍ക്കറിവൂ നിന്റെ ജാതകത്തില്‍
ആണുനിനക്കായ് കുറിച്ചുവെച്ചു

വിധിയാവാം തമ്മില്‍ പിരിഞ്ഞീടുവാന്‍,
ഒരുമാത്രനമ്മളെ ചേര്‍ത്തതീശന്‍
വിധിയെപ്പഴിച്ചുകോണ്ടെങ്കിലും; ഞാന്‍
വിലപിയ്ക്കയല്ലാതെയെന്തുചെയ്യാന്‍

എന്തിനീമോഹത്തിന്‍ വിത്തുനല്‍കി
എന്തിനീ പാഴ്‌നിലംധന്യമാക്കി
എന്തേയൊരുത്തരം നല്‍കത്തതെന്തുനിന്‍
ചിന്തയല്‍പ്പോലും ഞാനന്യയായോ?

ആകില്ലാ നിന്‍ഭാഗ്യജാതകത്തില്‍
ഈ നിഴല്‍പ്പോലും കടന്നിടീല്ല,
ആളൊഴിഞ്ഞീച്ചെറുകോണില്‍ നിന്നും,
ആവോളം നോക്കിഞാന്‍ കണ്ടുകൊള്ളാം

ഇവിടെയടയ്ക്കാം കിനാവുതന്റെ,
ഇഴയടുക്കാത്തൊരീ ജാലകങ്ങള്‍
ഈയുള്ളവള്‍ക്കെന്നുമാമനസ്സില്‍,
കോണിലെങ്ങാന്‍ സ്ഥാനമൊന്നുമതി

    

സന്ധ്യാ ജോസ് - ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക. കവിതാരചനപോലെ തന്നെ ചിത്രരചനയിലും പെയിന്റിങ്ങിലും താത്പര്യം.