ആ തീവണ്ടി എന്നിലൂടെ ഓടിക്കൊണ്ടേയിരുന്നു

ഗുല്‍മോഹര്‍

നമുക്കിടയിലെയ്ക്ക് കൂവികിതച്ചു വന്നതെല്ലാം
അക്ഷരത്തെറ്റുകളായിരുന്നു
ഉണ്ടെന്ന് എന്നെയും
ഇല്ലെന്നു നിന്നെയും
അര്‍ത്ഥം കൊണ്ട് വിശ്വസിപ്പിച്ച
ഒരു വലിയ അക്ഷരപ്പിശകാണ്
നമ്മുടെ പ്രണയം.
വിതുമ്പുന്ന ഒരു വാക്കിന്റെ വക്കിലൂടെ ഞാന്‍,
പേരറിയാത്ത ഇടത്താവളത്തിലേയ്ക്ക് വഴുതിയിറങ്ങുന്നു.
തരാതിരുന്നൊരു ഹസ്ത ദാനത്തില്‍
അര്‍ത്ഥം പിഴച്ചൊരു യാത്രാമൊഴി ഒളിപ്പിച്ച് .
ക്ഷരമില്ലാത്തതൊന്നിനെയും
ഹൃദയത്തില്‍സൂക്ഷിയ്ക്കരുത്
അത് പുകഞ്ഞു കത്തും .
പൊള്ളും
ഒറ്റചിലംബിട്ടു നഗരം ചുറ്റും
ദഹിപ്പിയ്ക്കും
പാടില്ല
അവസാനത്തെ ബോഗിയിലെ
ഗുണന ചിഹ്നവും എന്നോട് വിളിച്ചു പറയുന്നു
അരുത് !!!!!!
വലം കയ്യിനോപ്പം വാക്കും
ഞാനീ സമാന്തരങ്ങളില്‍അറുത്തിടുകയാണ് .

    

ഗുല്‍മോഹര്‍ - Tags: Thanal Online, web magazine dedicated for poetry and literature ഗുല്‍മോഹര്‍, ആ തീവണ്ടി എന്നിലൂടെ ഓടിക്കൊണ്ടേയിരുന്നു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക