ഇടങ്ങള്‍

ഷാജി അമ്പലത്ത്‌

പുലര്‍ച്ചയ്ക്ക്
കയറിവരും
ഉറക്കച്ചടവുള്ള
ചില മുല്ലപ്പൂമണങ്ങള്‍ 

മഴ
ഇറങ്ങി നടന്നാല്‍മാത്രമേ
മുനിയാണ്ടി
മുട്ടിവിളിക്കാറുള്ളൂ

വെളിച്ചം
വീഴണമെങ്കില്‍
അക്കാവു അമ്മ
തണുപ്പിലും
പുലരുംവരെ
പ്രാകികൊണ്ടിരിക്കണം

മുഖം നഷ്ട്ടപെട്ടവരാണ്
അന്തേവാസികളെങ്കിലും
മൂത്രപ്പുരയിലെ
ചുമരിലെപോലെ
വായിച്ചെടുക്കാനാവും 
വിലാസങ്ങളൊക്കെയും

നഗരസഭയുടെ
നിയമങ്ങളൊന്നും
പാലിക്കാത്ത
പഴയ ലോഡ്ജ്
മുറിയാണ് ഞാന്‍

ഈ മനസ്സിലേക്ക്
എങ്ങനെയാണ്
ഞാനവളെ
കൈപിടിച്ച്‌
കയറ്റി കൊണ്ടുവരിക.

    

ഷാജി അമ്പലത്ത്‌ - Tags: Thanal Online, web magazine dedicated for poetry and literature ഷാജി അമ്പലത്ത്‌, ഇടങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക