മേഘചുറ്റില് പിടഞ്ഞും....

ബിന്ദു അനില്‍

ഇന്നു കാര്‍മേഘങ്ങളുടെ ദിവസമാണ്...
പെയ്യാന്‍ നില്‍ക്കുന്ന ഒരു മഴ
എവിടെയോ ഇരുന്നു എന്നെ മോഹിപ്പിക്കുന്നു.
കാരണമില്ലാതെ ഞാന്‍ തേങ്ങുന്നു...
ഉള്ളില്‍ അലയടിക്കുന്ന അലകളെ
മനസ്സില്‍ ഒതുക്കി
കടലിന്റെ നീലിമയില്‍ നോക്കി,
അവിടെയും ആഞ്ഞടിക്കുന്ന അലകള്‍ .
ആകാശത്തെ ചുംബിക്കാനെന്നവണ്ണം,
ആകാശത്തോടുള്ള പ്രണയം അറിയിച്ചുകൊണ്ട്..
നീയും ഇങ്ങനെ ആവില്ലേ
എന്നിലേക്ക്‌ നിറയാന്‍ വെമ്പുക.
അല്ലെങ്കില്‍ നിനക്ക് നിന്റെതായ തലമുണ്ടോ?
കടലിനോടുള്ള പ്രണയത്തിലല്ലേ ആകാശം ഉരുകുന്നത്..
എങ്കില്‍ നീയും ഉരുകുന്നുണ്ടാവും.
നിന്നോടുള്ള പ്രണയത്തില്‍ ഉരുകിയുരുകി ഞാനും..
പലപ്പോഴും തോന്നിയിട്ടുണ്ട്
കടലിന്റെ അഗാധത പോലെ
പിടി തരാത്ത നിഗൂഡത നിറഞ്ഞ ഒന്നാണ് നിന്റെ മനസ്സെന്ന്...
ഇനി ഒരിക്കലും പിടിതരില്ലെന്നുണ്ടോ?
നിന്റെ അക്ഷരങ്ങള്‍ പോലെ

എന്തോക്കൊയോ നിന്റെ മനസ്സിനും ഉണ്ടെന്നു
ആദ്യമേ അറിഞ്ഞിട്ടുണ്ട്.
എല്ലാറ്റിനും നിന്റെതായ പ്രത്യേകതകള്‍ ...
അടുക്കുംതോറും ആ ചിന്ത കൂടുതല്‍ ഉറക്കുകയാണ്.
നീയെനിക്ക് കൈവിട്ടു പോകുമോ എന്ന ഭയം
ഉറക്കം കെടുത്തുകയും..
എന്റെ പകലുകളെ അലസമാക്കുകയും.....
എനിക്ക് നിന്നെ മനസ്സിലാക്കാനാവുന്നില്ല...
ആദ്യത്തെ കണ്ടു മുട്ടലിലും അതുണ്ടായിരുന്നു..
നിന്റെ വിളികളും, വരവുകളും
അങ്ങനെ തന്നെ..
എന്റെ കണ്ണുകളില്‍ നോക്കി പ്രണയം ആണെന്ന് നീ പറഞ്ഞിട്ടില്ല..
പക്ഷെ എനിക്കറിയാം നീയെന്നെ പ്രണയിക്കുന്നുണ്ടെന്ന്..
കാണുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നത്
എന്റെ വാശികള്‍ക്ക്‌ ആക്കം കൂട്ടുവാന്‍ ...
എന്റെ പ്രണയത്തില്‍ തൂലിക മുക്കി
അക്ഷരങ്ങള്‍ വിരിയിക്കുന്നത് നിനക്ക് വേണ്ടിയെന്നു നീ അറിയുന്നു..
എന്നിട്ടും അത് കണ്ടില്ലെന്നു നീ നടിക്കുന്നു..
എന്തിനാണ് ?
ദൂരങ്ങള്‍ താണ്ടി നീ എന്നെ കാണുവാന്‍ എത്രയോ വന്നു..
ഗുല്‍മോഹകള്‍ പൂത്ത നാളുകളില്‍ ഒന്നില്‍
ദൈവം ഉണര്‍ന്നിരുന്ന ഒരു പകലില്‍
നമ്മള്‍ നമ്മെ അറിഞ്ഞു.

നമ്മുടെ പ്രണയത്തെയും അറിഞ്ഞു..
..
അന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍
പിടി കിട്ടാത്ത നിന്റെ മനസ്സിനെ കുറിച്ചാണ്
ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്...
പ്രണയത്തിനു മരണമില്ലെന്നും
അതെന്നും ഉണ്ടാവുമെന്ന് മനസ്സില്‍ പറഞ്ഞിട്ടും
എനിക്കൊരു ഉറപ്പില്ലായ്മ അനുഭവപ്പെടുന്നു...
ഇപ്പോള്‍ മനസ്സ് അകാരണമായി പിടയുമ്പോള്‍
ദൈവത്തോട് ഞാന്‍ ചോദിച്ചു,
എന്താണ് ഇങ്ങനെ..
ചിരിച്ചു കൊണ്ട് ദൈവം പറഞ്ഞതും
നിന്നെ പറ്റി, നിന്റെ പ്രണയത്തെ പറ്റി..
ഇപ്പോള്‍ ഈ തീരത്ത് ഇരിക്കുമ്പോള്‍
ഞാനും ഒരു കൊച്ചു കുട്ടിയാവുകയാണ്..
സൂര്യാസ്തമയം കാണാന്‍ കൊതിക്കുന്ന ഒരു കുട്ടി..
ആ കുട്ടിയുടെ വാശിയോടെ കാത്തിരിക്കയാണ്,
നിന്റെ വരവിനെ,
നീ ആക്കം കൂട്ടാറുള്ള എന്റെ വാശികളെ,
മടി പിടിച്ചിരിക്കുന്ന നിന്റെ അക്ഷരങ്ങളെ,
പിന്നെ..എനിക്ക് പിടി തരാത്ത എന്നോടുള്ള പ്രണയം …..

    

ബിന്ദു അനില്‍ - Tags: Thanal Online, web magazine dedicated for poetry and literature ബിന്ദു അനില്‍ , മേഘചുറ്റില് പിടഞ്ഞും....
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക