പറഞ്ഞു തീരാത്ത കഥകള്‍

സി. എന്‍ കുമാര്‍

നിലാവിനൊപ്പം
ചില്ല് ജനാലയ്ക്കരുകില്‍
വറുത്ത സ്വപ്നങ്ങള്‍ കൊറിച്ചു
മലയിറങ്ങുന്ന വെള്ളി മേഘങ്ങളുടെ
സഞ്ചാരവഴികളില്‍ മിഴിപാകി
പടിയിറങ്ങിപ്പോയ കാറ്റ്. ഓട്ടുവിളക്കില്‍ പ്രാണ ത്യാഗചെയ്ത
ദീപനാളത്തിനൊപ്പം
പറഞ്ഞു തീരാത്ത കഥയുടെ
കാല്പ്പെട്ടിയടച്ചു
തെക്കേപ്പറമ്പിലെ തലപോയ
തെങ്ങിന്‍ ചോട്ടില്‍ ,
ക്ലാവ് കനച്ച തോടയിട്ടു
യാത്രപോയ പാറു മുത്തി.

തണ്ടുപാളത്തില്‍
തലവച്ചുറങ്ങാന്‍
ജപ്തി നോട്ടീസും
കാലിക്കീശയുമായി,
യശോധരയ്ക്കും മകനും
പെയ്തൊഴിയാത്ത കണ്ണീര്‍ജന്മം
ന്യാസമേല്‍പ്പിച്ചു പോയ
സിദ്ധാര്‍ത്ഥന്റെ മുഖച്ഛായയുള്ള അച്ഛന്‍.


ഇപ്പോഴും,
രാപ്പുള്ളുകളുടെ പാട്ടില്‍
അമ്മയുടെ തേങ്ങല്‍ അലിയുന്നത്
ഉറക്കത്തിന്റെ കുഞ്ഞിടവേളകളില്‍
പ്രായോജകരായെത്തുന്ന
സിരാകമ്പനങ്ങള്‍
സാക്‌ഷ്യപ്പെടുത്താറുണ്ട്.
അതിനാലാണ് പോക്കഞ്ഞി*യില്‍
ഉപ്പു ചേര്‍ക്കാത്തതും.


കുഴിഞ്ഞ കണ്ണുകള്‍,
ഒഴിഞ്ഞ സ്വപ്നഭരണികള്‍,
ലഹരി ചേക്കേറിയ മസ്തിഷ്കങ്ങള്‍,
വരിയുടച്ച യുവത്വങ്ങള്‍,
അമ്പലക്കാളകള്‍ പലവുരു മെതിച്ച,
ചോരയും രേതസ്സും വീണുണങ്ങിയ
കിളുന്നു ഭോഗേന്ദ്രിയങ്ങള്‍,
എല്ലാം നമുക്ക് വിറ്റഴിയ്ക്കാം.

വിദേശികള്‍ക്ക് വിത്തിറക്കാനും
സ്വദേശികള്‍ക്ക് കൊയ്തെടുക്കാനും
ആഴ്ചച്ചന്തയുടെ ആരവങ്ങള്‍ക്കിടയില്‍
തെളിയാതെ പോകുന്ന തേങ്ങലും
ചോര ചോരുന്ന കണ്ണുകളും
കാണാതിരിയ്ക്കാം.

ചൂണ്ടികള്‍ക്കിതു ** ചാകരക്കാലം
ശ്ലഥസ്വത്വകൃമിജന്മങ്ങള്‍
കാലം തെറ്റിയ മഴയെപ്പോല്‍
മണ്ണാഴങ്ങളില്‍ കിനിഞ്ഞിറങ്ങാതെ
കടല്‍ത്തിരയിളക്കങ്ങളില്‍
ഉടഞ്ഞടിയുന്ന വെണ്‍ശംഖുപോല്‍,
കാലുറയ്ക്കാതെ.............
----------------------------
*പോക്കഞ്ഞി = പകല്‍ക്കഞ്ഞി
** ചൂണ്ടി = മൂന്നാന്‍

    

സി. എന്‍ കുമാര്‍ - സി. എന്‍ കുമാര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. എന്‍ കുമാര്‍, പറഞ്ഞു തീരാത്ത കഥകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക