നിന്നെപോലെ

നിതിന്‍വര്‍മ്മ

അതേ മോഹമിതായെന്നില്‍ എരിയുന്നു വീണ്ടുമോമലേ,
അതേ ക്ഷീണത്തിലെന്‍ ദേഹം തളരുന്നതിന്നു രാത്രിയില്‍.
നിന്നിലെത്ര പ്രിയത്തില്‍ ഞാനനുരക്തനായിരുന്നുവോ
അത്രയ്ക്കുമിഷ്ടമിപ്പോഴീ പുതും മുഖത്തൊടെന്നിലായ്. വേഗമേറി മിടിയ്ക്കുന്നൂ ആ മുഖം കാണ്‍കെ നെഞ്ചകം,
ആകെ മൌനത്തിലാഴുന്നു ആ സ്വരം കേള്‍ക്കെ മാനസം.
കണ്‍കളെപ്പോഴുമെപ്പോഴും പാളിനോക്കുന്നതാമുഖം,
ആ ദേഹവാസനയ്ക്കായ്‌ത്താന്‍ കൊതിയ്ക്കുന്നതു ശ്വാസവും.

ഓമലേ നിന്‍ മുഖം പോലെത്തന്നെയാണിതുമോര്‍ക്കുകില്‍,
നിന്റെ പോല്‍ ഭംഗിയൊത്തുള്ള മൂക്കു, ചുണ്ടു, കവിള്‍ത്തടം.
നിന്റെ കണ്ണുകളെപ്പോലെ ചെമ്പനാകിയ കണ്‍കളും.
നിന്റെ പോല്‍ത്തന്നെയാകാരം, നിന്റെ പോല്‍ മൃദുഭാഷണം.

ആ മുഖം വാക്കിനാല്‍ കൊത്താന്‍, നിന്നെക്കാണിച്ചിടാനുമേ,
തന്‍ മുഖത്തോടു സാദൃശ്യം കണ്ടു നീ വിസ്മയിച്ചിടാന്‍,
ഇന്നു രാവിലിരുന്നിട്ടീ കാവ്യയജ്ഞം നടത്തവേ,
വാക്കുതന്നുറവയ്ക്കെന്തേ നീരൊഴുക്കു കുറഞ്ഞുപോയ് ?

ചന്ദ്രനില്ല തണുപ്പില്ല തെന്നലില്ലുപമിയ്ക്കുവാന്‍,
ഇലപൊഴിഞ്ഞ മരം പോല്‍ ഞാനുപമയൊക്കെ മറന്നുവോ ?
ഉള്ളിലെന്‍ ദര്‍പ്പണത്തില്‍ നിന്‍ വദനം മാത്രമോമലേ
ഉപമാനമൊന്നു നീ മാത്രം, ഉള്ളിലിപ്പൊഴുമെപ്പൊഴും.

    

നിതിന്‍വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature നിതിന്‍വര്‍മ്മ, നിന്നെപോലെ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക