രാത്രി നടത്തം

എസ്. കണ്ണന്

എപ്പൊഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞെരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ടുമടുത്തവര്‍
ഇപ്പൊഴും എന്റെ കൂടെ വീര്‍പ്പിടുന്നവര്‍
ദീര്‍ഘരാത്രി, അനങ്ങാത്ത ചില്ലകള്‍
രാത്രിയൊറ്റക്ക് പോകും വഴിയിലെ
പാഞ്ഞുപോകുന്ന വണ്ടികള്‍ ചിന്തകള്‍
നീണ്ട ഹോണിലിരച്ചാര്‍ത്തുമായുമ്പോള്‍
ചുറ്റുവട്ടത്തനങ്ങും ചവറ്റില
പാതിരയില്‍ വിളക്കണയാത്ത
റോഡരുകിലെ വീടുകള്‍ക്കൊക്കെ
മുമ്പു കാണും വെളിച്ചവുമില്ല
ഓര്‍മ്മയില്‍ ചെന്നുനില്‍ക്കുമ്പോളാകെ
വെള്ളമാഴത്തില്‍ മൂക്കുന്ന മൂകത
ഇപ്പൊഴീസമയത്ത് ചുറ്റിലും
കാണുന്നത് മാത്രം സത്യമെന്നാണെങ്കില്‍
സംശയത്തോടിരുട്ടത്ത്
മൂലയില്‍ പമ്മി നോക്കിനടക്കുന്നതെന്തിന്
എന്ന് കാനയില്‍ കാണുന്ന കണ്ണാടി
ചന്ദ്രനെക്കൊണ്ട് ചോദിച്ചുടയുന്നു
എന്നെയും കടന്നായുന്ന വേഗതയ്‌ക്കൊ-
പ്പമെത്തും പ്രതീക്ഷ ജീവിക്കുന്ന
ലോകമോ ഇഞ്ചിഞ്ചായി മാത്രമാണീ
ദിവസത്തിന്‍ പടം നീക്കിവെച്ചത്
അത്രയും കണിശമായ് ഞൊടിയിട
കോടിയായി വിഭജിച്ചതില്‍ വേണ്ട
മാറ്റമൊക്കെ വരുത്തും അധികാര-
ശാലിയെന്നെ നിരീക്ഷിക്കയാകുമോ
സന്ധ്യയില്‍ കണ്ട മൈതാനം
ആരവം
വേദനയെക്കാള്‍ കരുത്തുള്ള യൗവനം
സംശയത്തെപ്പൊടിയാക്കുമാച്ചിരി
കണ്ടുകോരിക്കുടിച്ചു നടന്നു ഞാന്‍


എന്റെ വാക്കില്‍ നിറയുന്ന ദൂരമാ-
ണാവിയായി വിറച്ചു കാണും പകല്‍
ആ വെയില്‍ക്കാടുമപ്പുറവുമെന്റെ
സങ്കടത്തെ അവയ്‌ക്കൊപ്പമാക്കണേ

    

എസ്. കണ്ണന് - Tags: Thanal Online, web magazine dedicated for poetry and literature എസ്. കണ്ണന്, രാത്രി നടത്തം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക