തിളക്കം

കീര്‍ത്തനാവിശ്വനാഥ്

ചത്തു കഴിഞ്ഞതാണ്
ചമയലേ ബാക്കിയുള്ളൂ.. തുറിച്ച കണ്ണുകള്‍ തിരുമ്മിയടച്ചതാണ്
മഷിയെഴുതിക്കറുപ്പിച്ച കണ്ണിലെ
അവസാന കനവിനേയും ഇറക്കിവിട്ടതാണ്..

ഇന്ന് കണ്ണടയൂരാതെ കുളിക്കാം…

ഒരുക്കിയിറക്കണം.. വേഗമാവട്ടെ.. ധൃതിയുണ്ട്..

ആദ്യം പൊട്ടു കുത്താം
സിന്ദൂരമായിക്കോട്ടെ… വട്ടത്തിലായിക്കോട്ടെ
പശയുള്ളത് വേണ്ട, പാട് വീഴും..
ചന്ദനക്കുറി വേണോ…??
ഭസ്മമായിക്കോട്ടെ, ചുടലയിലേക്കല്ലേ..??

കണ്ണെഴുത്ത് വേണ്ട ഇന്ന്
കണ്ണീര്‍ച്ചാല് തെളിഞ്ഞു കാണും..

മൂക്കില്‍ പഞ്ഞി വെക്കാന്‍ മറക്കരുത്
മണം പിടിച്ച് പിന്നാലെ വന്നാലോ..??

ചത്തു മലച്ച ചുണ്ടുകളും നിര തെറ്റിച്ച
പല്ലുകളും പ്രതിഷേധിക്കാതിരിക്കില്ല
പുതിയ കോറത്തുണി കീറി താടി
കൂട്ടിക്കെട്ടി അടക്കം പഠിപ്പിക്കണം.

നാവ് ചീറ്റുന്ന വിഷം പുറത്തേ
ക്കൊഴുകാതെ നോക്കണം.
കവിളിലെ ഒറ്റ നുണക്കുഴി
അടച്ചു വെക്കണം
ഇനിയെങ്കിലും നിര്‍ത്തട്ടെ
ഈ നുണ പറച്ചില്…

ചോരയൊലിക്കുന്ന ചെവിയിലും
തിരുകാം വലിയ ഒരുണ്ട പഞ്ഞി
കേള്‍ വി ശക്തി കൂടുതലാണ്
പറയാത്തതും അറിയുമത്രേ…
തിളങ്ങുന്ന കമ്മലുകള്‍
ഊരിയെടുക്കാന്‍ മറക്കരുത്
മതി.. ഏറെ തിളങ്ങിയതല്ലേ…

കൈയ്യിലണിഞ്ഞ കറുത്ത ചരടില്‍
കോര്‍ത്ത രക്ഷ അറുത്തു കളയണം
കാണട്ടെ, ഇനി ഇവള്‍ക്കെന്തു രക്ഷ..!!!

ഞരമ്പുകള്‍ പൊന്തിയ കൈകളിലെ തടിച്ചുരുണ്ട
വിരലുകള്‍ ഉടന്‍ കൂട്ടിക്കെട്ടണം.
വല നെയ്യുന്ന വിരലുകളാണ്, വേഗതയും കൂടുതലാണ്
വീണുപോവാതെ വല്ല അടയാള മോതിരവും
ഇറുക്കിപ്പിടിച്ചിട്ടുണ്ടോ എന്നു കൂടി നോക്കിക്കോളൂ..
ഒഴിഞ്ഞ കൈകള്‍ ചേര്‍ന്നിരിക്കട്ടെ
മാപ്പു ചോദിക്കുന്ന മാതിരി…

മണി കിലുക്കുന്ന പാദസരങ്ങള്‍
ഊരിയെടുക്കാമിനി..
ശ്രദ്ധ വേണം,,,, ശബ്ദം കേള്‍ക്കരുത്…
കാലുകളേയും വെറുതെ വിടരുത്
കെട്ടി വെക്കണം..
ഇറങ്ങി വരരുത്…. ഓര്‍മ്മകളിലേക്കൊന്നിലും.

ഇനി ഒരുക്കം മതിയാക്കാം…
കാഴ്ചക്കുള്ള സമയമായി…

കണ്ടു പോവാം …. അവസാനമായി

കൂടെ ഒന്നും കൊണ്ടു പോകുന്നില്ലെന്ന്
ഒന്ന് കൂടി ഉറപ്പു വരുത്താം…

ശവത്തില്‍ കുത്താം..
മാറി നിന്ന് കണ്ണ് തുടക്കാം…
കനലെരിയുന്ന നെഞ്ചിലൊരു പൂവ് ചൂടിക്കാം..
ഏങ്ങലടിക്കാം..

പക്ഷേ അധിക നേരം കിടത്തരുത്
കുഴി വെട്ടി മൂടണം..

മുതിര്‍ന്നവര്‍ ഇരിക്കുന്നതിനാല്‍
മാവ് വെട്ടുന്നില്ല

അല്ലെങ്കിലും ദഹിപ്പിക്കണ്ട… ചാരം ബാക്കിയാവും…

    

കീര്‍ത്തനാവിശ്വനാഥ് - Tags: Thanal Online, web magazine dedicated for poetry and literature കീര്‍ത്തനാവിശ്വനാഥ്, തിളക്കം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക