പേരുമാറ്റം

മനോജ് കുറൂര്‍

‍പേരു മാറുന്നു പലപ്പൊഴും.
പത്തിലെ രജിസ്റ്ററില്‍
‍മൂന്നുണ്ടു ശ്രീവിദ്യമാര്‍
മുന്‍‌ബഞ്ചിലിരിക്കുന്ന
മൂവരാണെന്നോര്‍ത്തു ഞാന്‍.

ധന്യയും ജോര്‍ജും തമ്മില്‍
‍പ്രേമമെന്നറിഞ്ഞപ്പോള്‍
‘‍മാര്‍ത്താണ്ഡവര്‍മ്മ പദ്മനാഭനെക്കളിപ്പിച്ചതെപ്പടി?’
എന്നും മറ്റും ചോദിച്ച്
‘പഠിക്കാതെ നടന്നോ’ന്നിടയ്ക്കിടെ
ശാസിച്ചു നസീമയെ.
ചുഴിഞ്ഞു ചോദിച്ചപ്പോള്‍
‘നിങ്ങളാരാണെ’ന്നവള്‍!

പേരുകള്‍ക്കുള്ളില്‍നിന്നു
ഞാനും നിങ്ങളുമൊക്കെ
ചെയ്യുന്നതെന്തെന്നൊരു
ചിന്തയാണെനിക്കിപ്പോള്‍.
‘ജോസഫുചേട്ടാ, നമ്മള്‍
‍കണ്ടിട്ടെത്രയാ, യൊന്നു കൂടണ്ടേ?’
തോളില്‍ത്തട്ടി
ഇന്നൊരാള്‍ ചോദിക്കുമ്പോള്‍
‍ജോസഫു ഞാനല്ലെന്നു
പറഞ്ഞില്ലവനൊപ്പം
തോളിലെക്കൈയില്‍ച്ചേര്‍ന്നു
നടന്നു പോകുന്നു ഞാന്‍

    

മനോജ് കുറൂര്‍ - Tags: Thanal Online, web magazine dedicated for poetry and literature മനോജ് കുറൂര്‍, പേരുമാറ്റം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക