ഇടവപ്പകുതി വീണ്ടും

ശ്രീകുമാര്‍ കരിയാട്‌

തിണ്ണയിലിരുന്ന് മഴയെ തുറിച്ചുനോക്കുന്നവന്റെ
പ്രതിബിംബം
കടലിലേക്കൊഴുകിപ്പോയി.
അത് ഫ്രെയിംചെയ്തുവെക്കാന്‍
ആര്‍ക്കാണ് അവിടെ സമയം?

2.

മുക്കുവരുടെ കൈകള്‍
തിരയില്‍നിന്ന് മത്സ്യത്തെ
ഓരോന്നായി പെറുക്കിയെടുത്തുകൊണ്ടിരിക്കയാണ്.
വള്ളങ്ങള്‍ക്കാണ് മനുഷ്യരേക്കാള്‍ ധിറുതി !

നിറകുടങ്ങള്‍ മാത്രമാണ്
മാനത്തുനിന്നിടിഞ്ഞുവീഴുന്നതെന്ന്
എല്ലാവരും പറഞ്ഞുതുടങ്ങിക്കഴിഞ്ഞു.

3.

കടലിലെ മീനുകള്‍
കരയിലാണ് പ്രതിഫലിച്ചുതുടങ്ങുന്നത്.
കൂറ്റന്‍ കെട്ടിടങ്ങളുടേയും വാഹനങ്ങളുടേയും
വേഷം മാറി
അവ അപ്പാടെ
വാനിലേക്ക് മറിഞ്ഞു.

4.

കുട നിവരുകയാണ്.
സ്വിച്ചമര്‍ന്ന പടി
ചാടിവിടരുകയാണ്.
മഴക്കാലം തീരുംവരെ
ഈ എട്ടുകാ‍ലി ജീവിക്കും.

5.

ജനലുകള്‍ തുറക്കപ്പെട്ടു.
മൂടിപ്പുതച്ച കാസരോഗികള്‍
ആകാശത്തേക്കെത്തിനോക്കി
ജനലുകളിലൂടെത്തന്നെ
തിരിച്ചുവലിയുന്നതുകാണാം.

6.

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്
പ്രകാശമാണ്.
അതുകൊണ്ടുതന്നെ
ഉച്ചഭാഷിണി കൂടാതെ
ദൈവത്തിന് മഴയത്ത്
കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ കഴിയുന്നു.

7.

കാര്‍മേഘങ്ങള്‍ക്കിടയ്ക്കുപെട്ടുപോയ ചന്ദ്രന്‍
ട്രാഫിക് ജാമില്‍നിന്നു പുറത്തുവന്നത്
രണ്ടമാവാസികള്‍ കഴിഞ്ഞാണെന്ന്
പ്രതിപക്ഷനേതാവിന് വിളിച്ചുപറയാം !.

8.

ഈ വര്‍ഷത്തില്‍ ഒരദ്ഭുതമുണ്ടാകും.
ഫിലോസഫി മാത്രം പറഞ്ഞിരുന്ന
മഴത്തുള്ളികളുടെ ചായ്‌വ്
കവിതയിലേക്കാകും.

9.

പെയ്ത്തിന്റെ ചെരിവ്
നാടിന്റെ
ഭാവുകത്വമാണ്.

    

ശ്രീകുമാര്‍ കരിയാട്‌ - Tags: Thanal Online, web magazine dedicated for poetry and literature ശ്രീകുമാര്‍ കരിയാട്‌, ഇടവപ്പകുതി വീണ്ടും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക