മഴ

മേരിലില്ലി

നീരദപാദം നീട്ടി നീതൊടുന്നെന്റെഹൃത്തില്‍
വിതുമ്പുന്ന ശ്യാമാംബരത്തിന്‍
വാര്‍നെറ്റിയില്‍ നിന്നായി
ഇലത്തുമ്പില്‍ പിടയുന്നു
ജീവന്‍റെ താളം.

മിഴിക്കുള്ളില്‍ ഇളകുന്നു
രാവിന്‍റെ മൗനം.
കലിതുള്ളി തളര്‍ന്നൊരു
പുഴയുടെ നാദം.
മരച്ചോട്ടില്‍ നിന്നും
കലമ്പുന്ന കിളികള്‍.
ഇളകുന്നു പിന്നെയും
മുളംകാട്ടില്‍ മയില്‍പ്പീലി
കുട നിവര്‍ത്തിയ സ്പര്‍ശം.

അലിയുന്ന ആലിപ്പഴങ്ങള്‍
വിരിച്ചിട്ടു തണുക്കുന്ന
നേര്ത്ത വിരലിന്‍ തുമ്പുകള്‍.
ചിത്രവര്‍ണ്ണങ്ങള്‍ ഇഴയുന്ന
കളിവള്ളങ്ങള്‍ മറിഞ്ഞൊരു
മുറ്റവും ആരോ ഊര്‍ന്നു
ഇറങ്ങിപ്പോയിട്ടും നിലയ്ക്കാതെ
മാഞ്ചോട്ടില്‍ ആടുന്ന
ഊഞ്ഞാലിന്‍ പടവുകള്‍.

കാറ്റിന്റെ കൈകളില്‍
നിന്നടരുന്ന ഇലഞ്ഞികള്‍.
പൊഴിയുന്ന മഞ്ചാടി
പെറുക്കാം നമുക്കിനിയും.
നിലയ്ക്കാത്ത ഹര്‍ഷത്തിന്‍
കുട ചുരുള്‍ നിവര്‍ത്തിടൂ
തണുക്കാത്ത പാദങ്ങള്‍
അടിവെച്ചടിവെച്ചു ഇറങ്ങാമീ
കനിവിന്റെ മടിത്തട്ടില്‍ വീണ്ടും.

ഉടലാകെ ഉന്മാദപ്പൂക്കള്‍
വിരിയുന്ന ഗന്ധം.
അരുതെന്ന് വിലക്കിയിട്ടും
കനവിന്റെ ചിരിയൊച്ച
തൊടുകുറി മായ്ക്കുന്നു
വിറയ്ക്കുന്ന അധരങ്ങള്‍.
കണ്‍പീലിയില്‍ പടരുന്നു
പ്രാണന്റെ വേരുകള്‍
മനമാകെ തിളയ്ക്കുന്നു
പ്രണയത്തിന്‍ തിരകള്‍.

നനയുന്ന വിരലുകള്‍ നീട്ടി
എന്നെ പുണര്‍ന്നിടൂ വീണ്ടും
നിര്‍വൃതി പൂക്കുന്ന
മിഴികള്‍കൂമ്പി അണയട്ടെ
നിന്‍ പിടയുന്ന നെഞ്ചില്‍.

    

മേരിലില്ലി - Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, മഴ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക