മഴപ്പാലം

രേഷ്മ

അച്ഛന്‍ ജൂണ്‍ മാസം;
നനഞ്ഞുപോയ വെടിമരുന്നിന്‍റെ
പുകച്ചിലുകള്‍ നെഞ്ഞേറ്റി,
ഒരു കുടപോലെ.
നീ ജൂണിലെ മഴയും.....

ചിന്നിചിതറുന്ന മഴയ്ക്കുള്ളിലൊരു
വിസ്ഫോടമുണ്ടെന്നും,
ഓരോ മഴസ്ഫോടനങ്ങളും
പരസ്പരം നമ്മെ തുന്നിചേര്‍ക്കുമെന്നും
ഒരു മഴയ്ക്കുള്ളിലിരുന്നെന്നെ
നീ പഠിപ്പിച്ചു.......

ഉറക്കം കനം വച്ച
എന്റെ കണ്ണിലെ നക്ഷത്രങ്ങളെല്ലാം
മഴക്കുമ്പിളില്‍ നീ കോരിയെടുത്തു ...

പുലരിയെത്തുമ്പോള്‍
മഴചാറ്റലായ്‌ വന്നെന്നെ നീ
ആര്‍ദ്രയാക്കി ........

പകലുകളിലെല്ലാം
മഴനൂലുകൊണ്ട്
എന്നെ നീ കെട്ടിയിട്ടു......

സായന്തനങ്ങളില്‍
എന്റെ നെറ്റിയിലൊരു
മഴപ്പൊട്ടായ്‌
നീ തുടിച്ചു നിന്നു.......

രാത്രിയില്‍ മഴപെയ്ത
വലയ്ക്കുള്ളില്‍
എന്നെ ഉറക്കി കിടത്തി നീ......
നീ....നീ എന്തൊരു മഴയാണ്....!!!!!!!!!!!!

അച്ഛനില്‍ നിന്ന് നിന്നിലേയ്ക്ക്
ഏതു മഴപ്പലമാണുള്ളത്.......

    

രേഷ്മ - Tags: Thanal Online, web magazine dedicated for poetry and literature രേഷ്മ, മഴപ്പാലം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക