മിഴിനീരില്‍ എഴുതാന്‍ മറന്നത്..

വിശ്വനാഥ പണിക്കര്‍

ചുവരുകള്‍ക്ക് ഉത്തരം നല്‍കാന്‍‍
മനസ്സിന്‍റെ ചോദ്യത്തിന്
തീവ്രത പോരെന്നായിരുന്നു
അടഞ്ഞ വാതില്‍ പറഞ്ഞുകൊണ്ടിരുന്നത്.

നാല്‍ക്കവലകള്‍ തൊട്ട്
കുതിരപ്പുറത്ത്‌ഞെളിഞ്ഞിരുന്നു വരുന്നവരുടെ
അകമ്പടിക്കാര്‍ നിശബ്ദമായി കരാറുണ്ടാക്കുന്നു

ചതഞ്ഞരഞ്ഞ പ്രതീക്ഷകള്‍
ചിരിച്ചുകൊണ്ട് മുന്നിലെത്തുമ്പോള്‍
കാല്‍ വെള്ളയിലെ ഓട്ടുവിളക്കുമുട്ടിയ പാടിന്
ഒരുറക്കം ഉണരുവാനോളം വേദന

ഓരോ ചിരിയിലും അര്‍ത്ഥം കണ്ടെത്തുന്നവരുടെ
അഴിഞ്ഞ വസ്ത്രങ്ങളിലാടി തിമര്ക്കാന്‍ വേണ്ടി
ഉള്ളിലും പുറത്തും
ഓടാമ്പലുകള്‍ തനിയെ അടയുന്നു.

മുറിവുകളില്ലാതെ കണ്ണീര്‍
കരഞ്ഞു കലങ്ങിയ മിഴികളില്‍
നിറഞ്ഞൊഴുകുന്ന ചോര
വേട്ട മൃഗങ്ങളെ തേടി നഗരങ്ങളില്‍
കെണികളുമായിആത്മാവ് നഷ്ടപ്പെട്ടവര്‍
പൊട്ടിച്ചെറിയാന്‍ പറ്റാത്ത ഇരുട്ടില്‍
വേട്ടക്കാരന്റെ കരങ്ങളില്‍
ശബ്ദം നഷ്ടപ്പെടുമ്പോള്‍
തിളയ്ക്കുന്ന രതിയുടെ സ്പര്‍ശങ്ങള്‍

ഒരു തീമഴ പെയ്തിരുന്നെങ്കില്‍
പൊള്ളുന്ന ഓര്മ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
ആരെങ്കിലും കാത്തിരിയ്ക്കുമോ
എന്ന പ്രതീക്ഷ മാത്രം
വാതില്‍ പിളര്പ്പിലൂടെ
ഇരു മിഴികളിലും .

    

വിശ്വനാഥ പണിക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature വിശ്വനാഥ പണിക്കര്‍, മിഴിനീരില്‍ എഴുതാന്‍ മറന്നത്..
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക