പഥികന്റെ പ്രണയിനി

പാര്‍വ്വതി പൂര്‍ണ്ണിമ

ഏറെ മുന്‍പേ നീ
ഓര്‍മ്മിപ്പിക്കെണ്ടിയിരുന്നു
പ്രതിരോധത്തിന്റെ അനിവാര്യതയും
കെടുതിയുടെ നിര്‍വികാരതയും

ഏറെ മുന്‍പേ നീ
സ്വകാര്യം പറയേണ്ടിയിരുന്നു
വര്‍ഗ്ഗയുദ്ധത്തിന്റെ വീഥികളില്‍
കല്പനയും ചേതനയുമില്ലെന്ന്‍

ഏറെ മുന്‍പേ നീ
ശാഠ്യം പിടിക്കേണ്ടിയിരുന്നു
പുതുയുഗസാമ്രാജ്യങ്ങള്‍ക്ക്
മസ്തിഷ്കം പണയപ്പെടുത്തരുതെന്ന്

ഏറെ മുന്‍പേ നീ
ക്ഷമ പറയേണ്ടിയിരുന്നു
വാഗ്ദാനപട്ടികയിലെ നിറവേറാത്ത
നമ്മുടെ ആഘോഷങ്ങളോട്

ഏറെ മുന്‍പേ ഞാന്‍
സമവായപ്പെടെണ്ടിയിരുന്നു
അശാന്തിയുടെ പ്രയാണങ്ങളില്‍
തളര്‍ന്നടിഞ്ഞ യൌവനത്തോട്

ഏറെ മുന്‍പേ ഞാന്‍
സ്വായത്തമാക്കേണ്ടിയിരുന്നു
മേല്‍ക്കൂരയില്ലാത്ത മനസും
വിലക്കുകളിലാത്ത നടപ്പാതയും

ഏറെ മുന്‍പേ ഞാന്‍
അനുവദിക്കേണ്ടിയിരുന്നു
ഛെദ്ദിക്കപ്പെടെണ്ട ചങ്ങലക്കെട്ടും
എന്റേതാകുമായിരുന്ന ലോകങ്ങളും

ഏറെ മുന്‍പേ ഞാന്‍
അഭിലഷിക്കേണ്ടിയിരുന്നു
കാലഹരണപ്പെട്ട ശരിതെറ്റുകള്‍ക്കകലെ
നമ്മുക്കും ഭ്രമണപഥങ്ങളുണ്ടെന്ന്‍

ഏറെ മുന്‍പേ നാം
നെഞ്ചോടടുക്കെണ്ടിയിരുന്നു
അലയോടുങ്ങാത്ത സമുദ്രവും
അനന്തമായ വിശ്രാന്തിയും

    

പാര്‍വ്വതി പൂര്‍ണ്ണിമ - Tags: Thanal Online, web magazine dedicated for poetry and literature പാര്‍വ്വതി പൂര്‍ണ്ണിമ, പഥികന്റെ പ്രണയിനി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക